ഓർമകൾ മേയുന്ന ലെനിൻകാലം

chillu
SHARE

ഞാൻ ലെനിൻ സാറിന്റെ അസിസ്റ്റന്റായിരുന്നു. ചില്ല് എന്ന സിനിമയുടെ പാട്ടു തയാറാക്കുന്ന കാലത്താണ് ഞാൻ ആദ്യമായി ജോലിക്കെത്തിയത്. ‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....’ എന്ന പാട്ടു കംപോസ് ചെയ്യുന്ന ദിവസമായിരുന്നു അത്. അന്നു ഞാൻ ലെനിൻ എന്ന സംവിധായകനിലെ സംഗീതകാരനെ കണ്ടു. എന്റെ സിനിമയിലെ പാട്ടുകൾ നന്നാക്കാനുള്ള മോഹം തുടങ്ങിയത് അന്നാകും.

എന്തു കരുതലോടെയാണ് അന്നുമുതൽ പെരുമാറിയതെന്നു പറഞ്ഞറിയിക്കാനാകില്ല. രോഗം പല രൂപത്തിലും കൂടെ യാത്രചെയ്യുമ്പോഴും ലെനിൻസാർ ചിരിച്ചുകൊണ്ടിരുന്നു. ഇത്തവണത്തെ ചലച്ചിത്രോത്സവത്തിൽ ലെനിൻസാറിന്റെ റെട്രോസ്പക്ടീവ് ആയിരുന്നു. സിനിമകളുടെ ക്രമംപോലും അദ്ദേഹം വളരെ കൗതുകത്തോടെ ചോദിച്ചു മനസ്സിലാക്കി.

ആ ദിവസങ്ങളിൽ തിയറ്ററിൽ എത്തണമെന്നു മോഹിച്ചു. അദ്ദേഹമില്ലാത്ത ഒരു ചലച്ചിത്രോത്സവവും കടന്നുപോയിട്ടില്ല. ഒരു ബഹളവുമില്ലാതെ സാധാരണ കാഴ്ചക്കാരാനായി ക്യൂ നിന്നു സിനിമകണ്ടു മടങ്ങുന്ന ലെനിൻസാറിനെ അവിടെ വന്നവരാരും മറക്കില്ല. ഇത്തവണയും അവിടെ എത്തണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ തലമുറ അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ അവരുടെ കൂടെയിരുന്നു കാണണമെന്നു മോഹിച്ചു. പക്ഷേ, അദ്ദേഹത്തെ രോഗം അവിടേക്കു വിട്ടില്ല.

ഒരിക്കൽക്കൂടെ ഓർമകളുടെ മുറ്റത്തു വരാൻ പറ്റാതെപോയ ഉത്സവമായിരുന്നു കഴിഞ്ഞുപോയത്. ഇനി ഒരുത്സവത്തിനും അദ്ദേഹം ഉണ്ടാകുകയുമില്ല. അദ്ദേഹത്തിന്റ സിനിമകൾ ബാക്കിയാകും. അടുത്തറിയുന്നവർക്ക് ആ നന്മയുടെ കുളിരും ബാക്കിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA