രജനികാന്ത് നായകനായി എത്തിയ ‘പേട്ട’ കേരളത്തിലും സൂപ്പർഹിറ്റായി മുന്നേറുകയാണ്. ലിസ്റ്റിൻ സ്റ്റീഫനും സൂപ്പർസ്റ്റാർ പൃഥ്വിരാജും ചേർന്നാണ് ‘പേട്ട’ കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഇതാദ്യമായാണ് പൃഥ്വിരാജ് ഒരു ചിത്രം വിതരണത്തിനെത്തിക്കുന്നതും.
സിനിമയ്ക്കു ലഭിച്ച സ്വീകാര്യതയിൽ പൃഥ്വി അതീവ സന്തോഷവാനുമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം സരിത–സവിത തിയറ്ററിൽ നടത്തിയ ആഘോഷത്തിൽ പൃഥ്വി പങ്കെടുക്കുകയും ചെയ്തു.
‘വളരെ യാദൃച്ഛികമായാണ് ഈ സിനിമയുമായി സഹകരിക്കാൻ സാധിക്കുന്നത്. ‘പേട്ട’ കേരളത്തിലെത്തിക്കാൻ അവസരമുണ്ടെന്നും അതിന് കൈ കോർക്കുന്നുവോ എന്നും ലിസ്റ്റിൻ സ്റ്റീഫനാണ് എന്നോട് ചോദിക്കുന്നത്. ഈ സിനിമയുടെ സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ വലിയ ഫാന്‍ ആണ്. അതുപോലെ തന്നെ രജനി സാറിന്റെയും. കുട്ടിക്കാലത്ത് ബാഷ, അരുണാചലം, അണ്ണാമലൈ പോലുള്ള സിനിമകൾ തിയറ്ററുകളിൽ പോയി കാണാൻ ഭാഗ്യം ലഭിച്ച തലമുറയാണ് എന്റേത്.’–പൃഥ്വി പറഞ്ഞു.
‘നമ്മുടെയൊക്കെ ആഗ്രഹം പോലെ രജനി സാറിനെ ഇത്രയേറെ ആഘോഷമാക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിൽ സന്തോഷം. നമ്മള്‍ മലയാളികൾക്കും അഭിമാനിക്കാവുന്ന കാര്യമുണ്ട്. നമ്മുടെ സ്വന്തം മണികണ്ഠൻ ചിത്രത്തിലൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. എന്റെയൊക്കെ ആഗ്രഹമാണ് രജനി സാറിനൊപ്പം അഭിനയിക്കണം എന്നത്. മണികണ്ഠന് ആ ഭാഗ്യം ലഭിച്ചതിൽ ഞാനും അഭിമാനിക്കുന്നു.’–പൃഥ്വി പറഞ്ഞു.
‘സിനിമ കണ്ടപ്പോൾ ഇത് വിജയിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അത് ഇത്ര വലിയ ആഘോഷമാക്കി മാറ്റിയതിൽ സന്തോഷം. ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ വിജയമാണ് സിനിമ നേടുന്നത്. എന്നെ സംബന്ധിച്ചടത്തോളം ഇതൊരു തുടക്കമാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ തുടക്കമായിരുന്നു പേട്ട. തുടക്കം നന്നായതിന്റെ സന്തോഷമുണ്ട്. ഇനിയും നല്ല സിനിമകൾ ഇവിടെ എത്തിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നു വിശ്വസിക്കുന്നു.’–പൃഥ്വി പറഞ്ഞു.
രജനി സാറിനെ നായകനാക്കി പൃഥ്വി പൊഡക്‌ഷൻസിൽ ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ–‘പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആദ്യം വളരട്ടെ, എന്നിട്ടും ചിന്തിക്കാം.’
രജനി സാറിനെ അടുത്ത് കാണാൻ സാധിച്ചത് ഇപ്പോഴും സ്വപ്നമായി കാണുന്നുവെന്ന് മണികണ്ഠൻ പ്രതികരിച്ചു. ആരാധിക്കുന്നവർക്കൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് മഹാഭാഗ്യമാണ്. അതുപോലെ തന്നെ എന്റെ മറ്റൊരു ആരാധനാ പുരുഷനാണ് പൃഥ്വിരാജും. അദ്ദേഹവും എന്നെ പ്രശംസിച്ച് സംസാരിക്കുന്നു. ഒരുപാട് സന്തോഷം.’–മണികണ്ഠൻ പറഞ്ഞു.