മോഹൻലാൽ ചിത്രങ്ങളിൽ അതിഥിവേഷങ്ങളിലെത്തി കയ്യടി വാങ്ങുന്ന നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. കിലുക്കത്തിൽ തുടങ്ങിയ അഭിനയം ഒടിയനിൽ വരെ എത്തി നിൽക്കുന്നു. മുഖം കാണിച്ച പതിനാറ് സിനിമകളിൽ നാലു കഥാപാത്രങ്ങളുടെയും പേര് ആന്റണി എന്നായിരുന്നു.
പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദിയിൽ ആന്റണി പെരുമ്പാവൂരായി തന്നെയാണ് അഭിനയിച്ചത്. ഇപ്പോഴിതാ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂർ ‘ആന്റണി’യായി എത്തുന്നു. ആന്റണി ബാവൂര്‍ എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. പതിവിൽനിന്നു വ്യത്യസ്തമായ, അൽപം പ്രാധാന്യമുള്ള വേഷമാണിത്.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.