ആരാണ് വിജയ് സേതുപതി? ഏഴ് വർഷം മുൻപ് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി

2010 ഡിസംബർ 23 നാണ് തമിഴിലെ മുൻനിര സംവിധായകനായ കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് എഴുതുന്നത്. ‘തെൻമേർക്കു പരുവകാട്ര് എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ വെള്ളിത്തിരയിൽ കാണുന്നതിൽ അതീവ സന്തോഷത്തിലാണ്, എല്ലാ വിധ ആശംസകളും വിജയ്. നീ തകർക്കൂ’; എന്നായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. 

Behind the scene video / Vijay Sethupathi / Calendar 2019

തൊട്ടുപുറകെ തന്നെ ഒരു കമന്റ്,– ‘ആരാണ് വിജയ് സേതുപതി?’... ഏഴ് വർഷം മുൻപുള്ള ആ കമന്റിന് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് ഇന്നും ഏവരെയും ഞെട്ടിക്കുന്നത്. ‘വിജയ് സേതുപതി ആരെന്ന് വൈകാതെ നിങ്ങള്‍ അറിയും’–ഇതായിരുന്നു കാർത്തിക്കിന്റെ മറുപടി.

അന്ന് അങ്ങനെ പറയണമെങ്കിൽ കാർത്തിക് സുബ്ബരാജിന് സേതുപതിയിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ സിനിമ മാത്രം സ്വപ്നം കണ്ടുനടന്ന ആ കൂട്ടത്തിനിടയിൽ നിന്നും ആദ്യമായി നായകനിരയിൽ എത്തിയ ആളാണ് വിജയ് സേതുപതി. ആ മറുപടിയുടെ കൃത്യത പിന്നീട് കാലം തെളിയിച്ചു. 2012 ൽ കാർത്തിക് സുബ്ബരാജ് തന്റെ ആദ്യ ചിത്രം ‘പീറ്റ്സ’യുമായി എത്തിയപ്പോഴും അതിൽ നായകനാക്കിയത് കൂട്ടുകാരനായ സേതുപതിയെ ആണ്.

സീനു രാമസാമി സംവിധാനം ചെയ്ത തെൻമേർക്കു പരുവകാട്രിനു ശേഷം സേതുപതിയുടേതായി 25ലധികം സിനിമകൾ പുറത്തിറങ്ങി. പുറത്തിറങ്ങിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളും.

2003 ലാണ് വിജയ് സേതുപതി ദുബായിലെ അക്കൗണ്ടന്റ് ജോലി മതിയാക്കി സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. തുടക്കത്തിൽ നായകന്റെ സുഹൃത്തായും പിന്നിലെ പേരില്ലാത്ത ചെറിയ കഥാപാത്രങ്ങളായും അഭിനയിച്ച സേതുപതിയുടെ കരിയർ ബ്രേക്ക് ആയിരുന്നു സുന്ദര പാണ്ഡ്യനിലെ വില്ലൻ വേഷം. ശേഷം പിസ്സ, നടുവുല കൊഞ്ചം പാക്കാത്ത കാണോം, പന്നൈയാരും പദ്മിനിയും, ഓറഞ്ച് മിട്ടായി, ഇരൈവി, വിക്രം വേദ എന്നീ സിനിമകളിലൂടെ അഭിനയ പ്രതിഭ അടയാളപ്പെടുത്തി. സുന്ദര പാണ്ഡ്യനിലെ അഭിനയത്തിന് തമിഴ് നാട് സർക്കാരിൽ നിന്നും മികച്ച വില്ലനുള്ള അവാർഡ് കിട്ടിയതാണ് ആദ്യ അംഗീകാരം.

കാർത്തിക് സുബ്ബരാജിനൊപ്പമുള്ള സിനിമകളില്‍ പ്രേക്ഷകരിലേക്ക് താരം ഇറങ്ങി ചെന്നു. ജിഗാർത്താണ്ട, ഇരൈവി, പീറ്റ്സ എന്നീ സിനിമകൾ ഈ രണ്ടു പേരുടെയും പ്രതിഭ അടയാളപ്പെടുത്തിയ സിനിമകളായിരുന്നു. ഈ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ പേട്ടയിലും അഭിനയമികവിലൂടെ സേതുപതി ഞെട്ടിച്ചു. 

കാർത്തിക് സുബ്ബരാജിന്റെ സിനിമകളും വിജയ് സേതുപതിയുടെ കഥാപാത്രങ്ങളും

പീറ്റ്സ–മൈക്കൽ കാർത്തികേയൻ

ജിഗർതാണ്ട–വിജയ് സേതുപതി

ഇരൈവി–മൈക്കൽ

പേട്ട–ജിത്തു