പത്തു വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ താരമാകുന്ന പുതിയ ചാലഞ്ച് തരംഗമാകുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇതിന്റെ പുറകെയാണ്. നിലവിലുള്ള ചിത്രവും പത്തുവർഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രത്യേകത.
മലയാളിതാരങ്ങളും ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ, അജു വർഗീസ് നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പത്തുവർഷം മുമ്പ് എയർടെൽ കമ്പനിയുടെ കസ്റ്റമര്‍കെയർ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു ഉണ്ണി മുകുന്ദൻ. ജോലി സമയത്തുള്ള ചിത്രവും തന്റെ ഇപ്പോഴുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് ഉണ്ണി വെല്ലുവിളി ഏറ്റെടുത്തത്.
വലിയൊരു കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ തന്റെ ചിത്രം പങ്കുവച്ചത്. 9 വര്‍ഷത്തെ യാത്ര മറക്കാനാകാത്ത ഒന്നാണെന്നും സിനിമ സ്വപ്നം കണ്ട അന്നത്തെ ആ പെണ്‍കുട്ടിയില്‍ നിന്ന് പക്വത നിറഞ്ഞ അമ്മയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ആര്യയുടെ കുറിപ്പില്‍ പറയുന്നു.
നടി രജിഷ വിജയൻ ഇപ്പോഴും സ്കൂൾ കുട്ടി തന്നെയാണ്. പത്തുവർഷം മുമ്പുള്ള ചിത്രത്തിലും നിലവിലെ ചിത്രത്തിലും നടിക്ക് ഒരുമാറ്റവുമില്ല. പുതിയ ചിത്രം ജൂൺ സിനിമയിൽ സ്കൂൾ വിദ്യാർഥിയായാണ് നടി പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍ സിനിമയിലെ തന്റെ ലുക്ക് ആണ് നടി പത്തുവർഷം മുമ്പുള്ള ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
ബെംഗളൂരു ക്രൈസ്റ്റ് കോളജ് പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രമാണ് നടിയും അവതാരകയുമായ പേളി മാണി പങ്കുവച്ചത്. മലയാളി താരങ്ങൾ മാത്രമല്ല ബോളിവുഡ്, കോളിവുഡ് താരങ്ങളും ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവരുന്നുണ്ട്.