അന്ന് ഒരേ സമയം 12 സീരിയലുകൾ ഡബ്ബ് ചെയ്തു, ഇന്ന് സൂപ്പർ ഹിറ്റ് സംവിധായകൻ

കൊച്ചിയിലെ ഒരു തിയറ്ററിൽ നിന്നു ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമ കണ്ടിറങ്ങിയ രണ്ടു ചെറുപ്പക്കാരുടെ കണ്ണുകൾ  നിറഞ്ഞുകലങ്ങിയിരുന്നു. സിനിമയിൽ എന്തെങ്കിലും ആകുമെന്നു കരുതി ജീവിച്ച മിമിക്രിക്കാരൻ പയ്യനാണ് ആകെ തകർന്നുപോയത്. കാര്യമായ സ്വപ്നങ്ങളില്ലാതിരുന്നിട്ടും കൂടെയുണ്ടായിരുന്ന പയ്യന്റെ കണ്ണും നിറഞ്ഞിരുന്നു. അന്നു രാത്രി ഫോർട്ട്കൊച്ചിയിൽപ്പോയി രാത്രി നക്ഷത്രങ്ങളെ നോക്കിയിരുന്നയാൾ വിതുമ്പിക്കരഞ്ഞു. വീട്ടുകാര്യങ്ങളിലെ നായകനെപ്പോലെ താനും സിനിമയിലെത്താതെ എന്തെങ്കിലും തൊഴിലു ചെയ്തു ജീവിക്കേണ്ടിവരുമോ എന്നയാൾ ഭയന്നു. 

19 വർഷങ്ങൾക്കു ശേഷം ആ മിമിക്രിപ്പയ്യൻ മലയാളത്തിലെ തിരക്കേറിയ നായകനും നിർമാതാവുമായി. കൂടെയുണ്ടായിരുന്ന ആൾ നിന്നു തിരിയാൻ സമയമില്ലാത്ത പരസ്യ സംവിധായകനും സൂപ്പർ താരപ്രഭയില്ലാതെ തിയറ്റർ നിറയ്ക്കുന്ന സിനിമകളുടെ സംവിധായകനുമായി. നടൻ ജയസൂര്യയും ‘വിജയ് സൂപ്പറും പൗർണ്ണമിയും’ സംവിധാനം ചെയ്ത ജിസ് ജോയിയും ആയിരുന്നു ആ രണ്ടു പേർ.

ഹിറ്റ് സിനിമയുടെ വെളിച്ചത്തിലിരുന്നു ജിസ് കൊട്ടകയോടു സംസാരിച്ചപ്പോൾ: 

മൂന്നാമത്തെ സിനിമയിലും ആസിഫലി. അതെന്തുകൊണ്ടാണ്? 

ഇതു നമ്മുടെയെല്ലാം വീട്ടിലെ സിനിമയാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൂടെ നടക്കുന്ന ഒരാളെ വേണമെന്നു തോന്നി. ആസിഫ് ഒരു താര പ്രഭയുമില്ലാതെ മലയാളിയുടെ കൂടെ നടക്കുന്ന നടനാണ്. എവിടെയെല്ലാമോ ഒരു സ്നേഹം എനിക്കെന്നും അവനോടു തോന്നിയിട്ടുണ്ട്. ഈ കഥാപാത്രത്തിന് ആസിഫിന്റെ മുഖമുണ്ടായിരുന്നു. 

ജിസ് തിരക്കഥയെഴുതുന്നു, പാട്ടുകൾ എഴുതുന്നു, സംവിധാനം ചെയ്യുന്നു. എവിടെയായിരുന്നു തുടക്കം?

ഒരു വരി കവിതയോ കഥയോ എഴുതാതെയാണു ഞാൻ  ഇവിടെയെത്തിയത്. മനസ്സിലുള്ളതു കുറിച്ചിടാൻ തുടങ്ങി. അതു പിന്നീട് എനിക്കാവശ്യമുള്ള എഴുത്തായി മാറിയെന്നു മാത്രം. ലോഹിതദാസിനെപ്പോലുള്ള വലിയ എഴുത്തുകാരുമായി ആത്മബന്ധം സ്ഥാപിക്കാനായിട്ടുണ്ട്. അതിന്റെയൊക്കെ അനുഗ്രഹമായിരിക്കും. 

സിനിമ മോഹമായിരുന്നില്ലേ? 

എല്ലാവരെയും പോലെ എനിക്കും മോഹമുണ്ടായിരുന്നു. സിനിമയിൽ എന്തെങ്കിലും ആയേ തീരൂ എന്നൊന്നുമില്ലായിരുന്നു. ടിവി സീരിയലുകൾ ഡബ് ചെയ്താണു തുടങ്ങിയത്. കായംകുളം കൊച്ചുണ്ണിയെന്ന സീരിയലിൽ 6 വർഷം തുടർച്ചയായി ഡബ് ചെയ്തു. ഒരേ സമയം 12 സീരിയലുകൾ ഡബ് ചെയ്ത കാലമുണ്ടായിരുന്നു. അതു ജീവിതമാർഗമായിരുന്നു. രാവിലെ 6 മുതൽ രാത്രി 12 വരെ ഡബ് ചെയ്ത കാലവുമുണ്ടായിരുന്നു. ജയസൂര്യയാണ് ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന സിനിമ ഡബ് ചെയ്യാൻ കൊണ്ടുപോയത്. അല്ലു അർജുന്റെ സിനിമകൾ ഡബ് ചെയ്തതോടെ എന്റെ ശബ്ദം പലരും തിരിച്ചറിയാൻ തുടങ്ങി. 

വിജയ് സൂപ്പർ എന്ന സിനിമ ചെയ്യുമ്പോൾ ഇത്രയേറെ പ്രതീക്ഷയുണ്ടായിരുന്നോ? 

ആളുകൾ തമ്മിലുള്ള ബന്ധവും പറയാതെ പറയുന്ന പ്രണയവുമാണ് അതിലുള്ളത്. നമ്മുടെ വീടു തന്നെയാണ് അതിലെ ഓരോ വീടും. അതിൽ 14 സീനുകൾ ഒരു മുറിക്കകത്താണ്. നായകനും നായികയും കാണുന്ന സീനുകൾ. താനുമായി ചേരില്ലെന്നു പറയുന്ന നായികയും നായകനും സ്നേഹത്തിന്റെ പുതിയൊരു തലത്തിലേക്കു കടന്നത് ആ മുറിയിൽ വച്ചാണ്. ചെറുപ്പക്കാരെ കൂടുതൽ ഈ സിനിമയിലേക്ക് അടുപ്പിച്ചത് ആ തുടക്കമാകാം. ഐശ്വര്യ ലക്ഷ്മിയുടെ വളരെ ബോൾഡായ പെൺകുട്ടിയുടെ വേഷം ഇന്നത്തെ എത്രയോ പെൺകുട്ടികളുടെ മിറർ ഇമേജാണ്. 

പരസ്യങ്ങളാകുമോ ജിസിനെ ഇവിടെ എത്തിച്ചത്? 

തീർച്ചയായും. ഞാൻ ആരുടെയും സഹായിയായി സംവിധാനം പഠിച്ചിട്ടില്ല. സ്കൂളുകളിൽപോലും ആ ജോലി പഠിച്ചിട്ടില്ല. ലൈറ്റ്സ് ഓൺ എന്ന എന്റെ പരസ്യക്കമ്പനിയിലൂടെ അഞ്ഞൂറോളം പരസ്യങ്ങൾ ചെയ്തു. പലതും വലിയ കമ്പനികൾ. ആ 30 സെക്കൻഡുകൾ തന്നെയാകും എന്നെ ഇവിടെ എത്തിച്ചത്. 

വിജയ് സൂപ്പറിലെ വീടുകളുടെ അകത്തളങ്ങൾ ശ്രദ്ധേയമാണ്?

ഞാൻ തിരക്കഥയോ പാട്ടോ എഴുതാൻപോലും വീടു വിട്ടു പോകാറില്ല. കുട്ടികളെയും ഭാര്യയെയും കാണാതെ എനിക്കു ക്രിയേറ്റീവായി ഒന്നും ചെയ്യാനുമാകില്ല. ആ സ്നേഹം തന്നെയാകാം സിനിമയിലും കാണികൾക്കു ഫീൽ ചെയ്തത്. ഈ സിനിമ ഞാൻ സമർപ്പിച്ചതു എന്റെ ഭാര്യ നെയ്ജിക്കും കുട്ടികൾക്കുമാണ്.