ഫ്രാൻസിലെ വലിയ ജോലി ഉപേക്ഷിക്കുമ്പോൾ ചെറുപ്പക്കാരിന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രം സിനിമ. ആ ജോലി ഉപേക്ഷിക്കാൻ കാരണമായത് ഒരു റിയാലിറ്റി ഷോയും. തമിഴിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിക്കൊണ്ടിരിക്കുന്ന കാർത്തിക് സുബ്ബരാജിന്റെ ജീവിതവും ഏകദേശം സിനിമ പോലെയാണ്.
നാല് വർഷങ്ങൾക്കു മുമ്പ് ജോലി ഉപേക്ഷിച്ച് ചെന്നൈയിൽ തിരിച്ചെത്തിയപ്പോൾ കാർത്തിക് നേരെ പോയത് തന്റെ കൂട്ടുകാരുടെ അരികിലേയ്ക്കാണ്. അവരുടെയും സ്വപ്നം സിനിമ തന്നെ. ആ കൂട്ടുകാരെ നിങ്ങൾക്കും അറിയാം. വിജയ് സേതുപതി, ബോബി സിംഹ, രാജേഷ് മുരുകേശൻ, അൽഫോൻസ് പുത്രൻ, മണികണ്ഠൻ. ഇവരെ കൂടെക്കൂട്ടിയാണ് കാർത്തിക്, റിയാലിറ്റി ഷോയിലേയ്ക്ക് മത്സരിക്കാനെത്തുന്നത്.
ഹ്രസ്വചിത്രങ്ങളിലൂടെ മികച്ച സംവിധായകനെ കണ്ടെത്തുക. സിനിമ മാത്രം സ്വപ്‌നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു ആ പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കള്‍ പ്രതാപ് പോത്തനും മധനും.
അങ്ങനെ അവിടെ നിന്നും ലഭിച്ച ഒറ്റ ദിവസത്തെ വർഷോപ്പ് ക്ലാസിൽ നിന്നും കാർത്തിക് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യാൻ ആരംഭിച്ചു. ഹ്രസ്വചിത്രത്തിൽ അഭിനേതാക്കളാകുന്നത് വിജയ് സേതുപതി, ബോബി സിംഹ, അൽഫോൻസ് പുത്രൻ എന്നിവരും.
പരിപാടിയുടെ അവസാന എപ്പിസോഡുകളിൽ കാർത്തിക് പറഞ്ഞ വാക്കുകൾ–
‘ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ ജോലി ചെയ്യുന്ന സമയത്താണ് ഫ്രാൻസിലേയ്ക്ക് പോകുന്നത്. എന്നാൽ ആ സമയത്തേ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു, 2010ൽ ജോലി രാജിവെച്ച് ആരുടെയെങ്കിലും അസോഷ്യേറ്റ് ആയി സിനിമയില്‍ ചേരുമെന്ന്.’
‘മനസ്സിൽ ആ ലക്ഷ്യം മാത്രമായിരുന്നു. ഫ്രാൻസിൽ എത്തി ഒരുമാസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു റിയാലിറ്റി ഷോയിൽ ചാൻസ് ലഭിക്കുന്നത്. കുറച്ച് ചിന്തിച്ച ശേഷം ഈ ചാന്‍സ് ഉപയോഗിക്കമെന്ന് മനസ്സുപറഞ്ഞു. അങ്ങനെ കുറച്ചുനാൾ അവധി എടുത്ത ശേഷം പരിപാടിയിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ എപ്പിസോഡ് പൂർത്തിയാകുമ്പോൾ ഞാൻ ജോലിയിൽ തന്നെയായിരുന്നു.’
‘അതിനു ശേഷം അമ്മയോട് പോയി ഞാൻ പറഞ്ഞു, ഇനി ഫ്രാൻസിലേയ്ക്ക് ഇല്ലെന്ന്. കാരണം മാത്രം പറഞ്ഞില്ല. അങ്ങനെ കമ്പനിയിൽ വിളിച്ചു പറഞ്ഞ് രാജിവെച്ചു. അച്ഛൻ നല്ല പിന്തുണ തന്നിരുന്നു. എന്നാൽ ജോലി വിടുന്നതിൽ അച്ഛന് ഭയമുണ്ടായിരുന്നു. ജോലി ഇല്ലാത്തൊരു ജീവിതത്തെ നേരിടാൻ ധൈര്യമുണ്ടെങ്കിൽ രാജിവെച്ചോളൂ എന്നാണ് അച്ഛൻ പറഞ്ഞത്.’–കാർത്തിക് പറഞ്ഞു.
കാർത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയിൽ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. ‘പേട്ട’ വലിയ വിജയത്തിലേയ്ക്കെത്തിയപ്പോൾ പ്രതാപ് പോത്തൻ തന്നെ അഭിമാനപൂർവം കാർത്തിക്കിനെയും ടീമിനെയും പ്രശംസിച്ച് കുറിപ്പ് എഴുതിയിരുന്നു.
കാർത്തിക് സുബ്ബരാജിന്റെ അച്ഛൻ ഗജരാജും അഭിനേതാവ് ആണ്. പേട്ട സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
ജിഗർതാണ്ടയായിരുന്നു കാർത്തിക് ആദ്യം സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം. എന്നാൽ വേണ്ടത്ര പൈസ ഇല്ലാത്തതിനാൽ മുടങ്ങിപ്പോയി. അതിന് ശേഷം ചെലവ് കുറച്ച് പിസ എന്നൊരു ചിത്രമെടുത്തു. അത് വലിയ വിജയമായിരുന്നു. ചിത്രം കന്നഡയിലും ഹിന്ദിയിലും റീമേയ്ക്ക് ചെയ്തു.
പിന്നീട് രണ്ട് വർഷങ്ങൾക്കു ശേഷം തന്റെ സ്വപ്നപദ്ധതിയായിരുന്ന ജിഗർതാണ്ട സംവിധാനം ചെയ്തു. ചിത്രം വിജയാമെന്ന് മാത്രമല്ല ദേശീയപുരസ്കാരങ്ങളും സ്വന്തമാക്കി.
ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.