100 കോടി ക്ലബില്‍ ഒടിയൻ; ഇപ്പോഴും നിറഞ്ഞ് പ്രദർശനം

സ്വപ്നനേട്ടവുമായി മോഹൻലാല്‍ ചിത്രം ഒടിയൻ. ബോക്സ്ഓഫീസിൽ നൂറുകോടി കലക്‌ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായി ഒടിയൻ മാറിയിരിക്കുന്നു. കലക്‌ഷനിൽ ചിത്രം നൂറുകോടി പിന്നിട്ടതായി സിനിമയുടെ നിർമാതാക്കൾ മനോരമ ഓൺലൈനോട് പറഞ്ഞു.

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ  നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് ഇത് സംബന്ധിച്ച് അണിയറക്കാരുടെ അവകാശവാദം. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദർശനം തുടരുന്ന ഒടിയൻ കേവലം 30 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കലക‌്ഷൻ നേടിയത്. 

റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ വലിയ വിമർശനം നേരിടേണ്ടി വന്ന ചിത്രം പിന്നീട് വൻകുതിപ്പാണ് ബോക്സ്ഓഫീസിൽ നടത്തിയത്. ക്രിസ്മസ് റിലീസിൽ അന്യഭാഷ ചിത്രങ്ങൾ ഉൾപ്പടെ എത്തിയെങ്കിലും ഒടിയൻ കുലുങ്ങാതെ തന്നെ നിന്നു.

പുലിമുരുകൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ഇതിന് മുമ്പ് നൂറുകോടി ക്ലബിൽ ഇടംപിടിച്ച സിനിമകൾ. ഒടിയൻ റിലീസ് ചെയ്ത് അൻപതാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ ഇപ്പോഴും 25 തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ 20000 ഷോ ഉടന്‍ പൂർത്തിയാകുമെന്നാണ് വിവരം.

റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ–ബിസ്സിനസ്‌ ചിത്രത്തിന് ലഭിച്ചുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയത്.

സിനിമയുടെ ആഗോളകലക്‌ഷന്റെ തുക ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ലഭ്യമാകുന്ന കണക്കുകൾ ശരിവെയ്ക്കുകയാണെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി ഒടിയൻ ഇതിനോടകം മാറിക്കഴിഞ്ഞു.

‌തെന്നിന്ത്യയിലെ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ ഒടിയൻ ഇടംനേടിയെന്നും അണിയറപ്രവർത്തകർ പറയുന്നു. ബാഹുബലി, യന്തിരൻ, 2. 0, മെർസൽ, കബാലി, സർക്കാർ തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും എത്തിയിരിക്കുന്നത്. മലയാള സിനിമാ വ്യവസായത്തിന് സ്വപ്നം കാണാൻ കഴിയാത്ത നേട്ടമാണ് ഒടിയൻ കുറിച്ചതെന്നും ഇത് മറ്റുവലിയ സിനിമകൾക്ക് പ്രചോദനമാകുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു.

ബാഹുബലി ( 600 കോടി )

ബാഹുബലി- 2 (1000 കോടി )

2.0 ( 700  )

യന്തിരൻ ( 289 കോടി ) 

കബാലി ( 286 കോടി ) 

സർക്കാർ (257 കോടി  ) 

കെ.ജി.എഫ് ( 200 കോടി പ്രദർശനം തുടരുന്നു)

മെർസൽ (250 കോടി ) 

കാല (168 കോടി)

തെന്നിന്ത്യയിലെ പണംവാരി ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് ഒടിയനും എത്തുമ്പോൾ മലയാളസിനിമയിലും പുതിയ വഴികൾ സൃഷ്ടിക്കപ്പെടുകയാണ്. ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണൻ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാർ മേനോൻ ആയിരുന്നു.