18 സപ്ലിയെഴുതിയെന്ന് ആസിഫ് അലി, പെണ്ണുകാണലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഐശ്വര്യ: വിഡിയോ

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗർണമിയും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കു വയ്ക്കാൻ ഒത്തുകൂടിയ ആസിഫും ഐശ്വര്യയും രസകരമായ വിശേഷങ്ങളാണ് മനോരമ ഒാൺലൈനിനോട് പറഞ്ഞത്. മലയാള സിനിമയിലെ അലസതയുടെ പ്രതിനിധിയാണ് താനെന്ന് ആസിഫ് പറഞ്ഞപ്പോൾ സിനിമയുടെ കാര്യത്തിൽ താൻ വളരെ സെൻസിറ്റീവാണെന്ന് ഐശ്വര്യ പറയുന്നു. 

ഐശ്വര്യ: കുടുംബമായിട്ട് ഒരുമിച്ച് ഇരുന്ന് കാണാവുന്ന സിനിമയാണ്. ആദ്യമായിട്ടാണ് ആസിഫിക്കയുടെ കൂടെ അഭിനയിക്കുന്നത് അതിന്റെ ഒരു സന്തോഷം കൂടിയുണ്ട്. കവിത തിയറ്ററിൽ 9 മണിയുടെ ഷോയ്ക്ക് ഞങ്ങൾ പോയപ്പോൾ ഒരുപാട് ആളുകൾ സിനിമ കാണാൻ വന്നിരുന്നു. അതിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു സിനിമ കാണാൻ. അത്രയും പ്രായമുള്ളവർ പോലും സിനിമ കാണാൻ വരുന്നു എന്നറ​ിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. 

ആസിഫ്: സൺഡേ ഹോളിഡേ തിയറ്ററുകളിൽ എത്തിയപ്പോൾ  ഫുൾ ഫാമിലിയാണ് അവിടെ കാണാൻ കഴിഞ്ഞത്. ജിസ്സിന്റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാൽ ഫൈനൽ എഡിറ്റ് കഴിഞ്ഞ് അദ്ദേഹം ഒറ്റയ്ക്ക് ഇരുന്ന് സിനിമ കാണും. എന്നിട്ട് ഏതെങ്കിലും ഒരു പോയിന്റിൽ ബോറടി ഫീൽ ചെയ്താൽ ഒരു ദാക്ഷണ്യവുമില്ലാതെ ആ ഭാഗം കട്ട് ചെയ്ത് കളയും. ഒരുപാട് പൈസ കൊടുത്ത്  ലൊക്കേഷനിൽ പോയി ഷൂട്ട് ചെയ്തതാണെന്നോ എന്നൊന്നും അദ്ദേഹം നോക്കില്ല. ഒരു ദാക്ഷിണ്യവും ഇല്ലാതെ കട്ട് ചെയ്തു കളയും.

ഐശ്വര്യ: ജിസ്സേട്ടന്റെ കൂടെ പരസ്യത്തിൽ മോഡലിങ്ങ് ചെയ്യുമ്പോൾ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം നമുക്ക് ഒരുപാട് വിശ്വാസം തരും. ഒരു ഷോട്ട് എടുത്തുകഴിയുമ്പോൾ പറയും ഇത് നല്ലതാണ് അടിപൊളിയാണ് ഇത് സേഫ് ആയിട്ട് ഒരു ഓപ്ഷൻ വയ്ക്കാം, ഒരു വേരിയേഷൻ കൂടി തന്നാൽ മതി എന്ന് പറയും. ഇതുപോലെ തന്നെയാണ് സിനിമയുടെ ഷൂട്ടിങ്ങിലും. ആവശ്യമുള്ള ഷോട്സ് മാത്രമേ അദ്ദേഹം എടുക്കാറുള്ളൂ. 

ആസിഫ്: നമ്മളാണെങ്കിലും ചെറിയ ഒരു ഷോട്ടിൽ വന്നുപോകുന്ന ആളാണെങ്കിലും ഫ്രെയിമിൽ വരുന്ന ആളിനെ എത്ര പെർഫെക്ടാക്കാമോ അത്രയും അധ്വാനം ജിസിന്റെ ഭാഗത്തു നിന്നുണ്ടാകും. മലയാള സിനിമയിലെ അലസതയുടെ പ്രതിനിധയാണ് ഞാൻ. എന്റെ പല സിനിമകളുടെയും കഥ പറയുമ്പോൾ തുടങ്ങുന്നത് അലസനായ ചെറുപ്പക്കാരൻ എന്നതാണ്. ഞാൻ ബിബിഎ ആണ് ചെയ്തത്. മൂന്ന് വർഷം ദൈർഘ്യമുള്ള ആറ് സെമസ്റ്റർ മൊത്തം പഠിച്ച് തീർത്തത് 5 വർഷം കൊണ്ടാണ്. ആകെ 18സപ്ലി എഴുതിയിട്ടുണ്ട്. വിജയ് എന്ന കഥാപാത്രവുമായി എനിക്ക് നല്ല സാമ്യമുണ്ട്. 

ഐശ്വര്യ: എനിക്ക് ഏറ്റവും അടുപ്പവും ഞാനുമായി സാമ്യത തോന്നിയതും പൗർണമി എന്ന  കഥാപാത്രത്തിനോടാണ്. പരാജയമാണെങ്കിലും വിജയമാണെങ്കിലും ആത്മവിശ്വാസത്തോടെ തിരിച്ചുവരും എന്നതാണ് പൗർണമിയുടെ രീതി. ഒന്നും അറിയില്ലെങ്കിലും അറിയാമെങ്കിലും ആത്മവിശ്വാസം നമ്മളിൽ വരും എന്ന വിശ്വാസം ഉണ്ട്. ആദ്യ സിനിമയിലെ അഭിനയത്തേക്കാൾ പിന്നീട് വന്ന പടങ്ങളിൽ മെച്ചപ്പെടുത്താൻ പറ്റിയത് ഇങ്ങനെയുള്ള സിനിമയിൽ അഭിനയിക്കുമ്പോഴാണ്. 

അല്ലു അർജുന്റെ ശബ്ദവും വിജയ് സൂപ്പറും, ജിസ് ജോയിയുടെ വീട്ടുവിശേഷങ്ങൾ

ആസിഫ്:  വിജയ്ക്ക് പല പ്രശ്നങ്ങളുണ്ട്. പല രീതിയിൽ പരിഹരിക്കാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം കീഴടങ്ങാം എന്നു തീരുമാനിച്ചപ്പോഴാണ് പൗർണമിയുടെ കൂടെ കൂടുന്നതും മുന്നോട്ട് പോകാൻ തീരുമാനിക്കുന്നതും. പൗർണമി ഒരിക്കൽ ചോദിക്കുന്നുണ്ട് നാണമില്ലേ ആണായിട്ടും സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ എന്ന്, അപ്പോൾ വിജയ് പറയുന്നത് ഞങ്ങളുടെ വീട്ടിലെ അവസ്ഥ അതാണ് എന്ന്. 

ഐശ്വര്യ: ജീവിതത്തിൽ ഒരു പെണ്ണുകാണൽ ഉണ്ടാവുമോ എന്നറിയില്ല. നിങ്ങൾ ചോദിച്ചപ്പോഴാണ് ഞാൻ അതെക്കുറിച്ച് ചിന്തിക്കുന്നതു പോലും. ആദ്യ കാഴ്ചയിൽ നമുക്ക് ഒരാളെ മനസിലാക്കാൻ കഴിയില്ല. വിജയ്‌യെ പോലെയുള്ള ആളാണെങ്കിൽ സംസാരിച്ച് സിനിമയിൽ പറയുന്നത് പോലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാൻ ശ്രമിക്കും. 

ആസിഫ്: ജിസ്സിന്റെ കൂടെ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചതിലും ഒരുപാട് മുകളിലാണ് രണ്ട് സിനിമകളും വിജയിച്ചത്. സൺഡേ ഹോളിഡേയ്ക്ക് മുന്നേ ഞാൻ അഭിനയിച്ച പല സിനിമകളും വലിയ വിജയം ആയിരുന്നില്ല . ജിസിന്റെ ഇതിനു മുന്നിലുള്ള രണ്ടു സിനിമകളും സൂപ്പർ ഹിറ്റാണ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ എന്നു പറയുമ്പോൾ എല്ലാവർക്കും അദ്ദേഹത്തോടുള്ള വിശ്വാസം ഉണ്ട്. അതുകൊണ്ടാണ് എല്ലാ രീതിയിലും ഒരു നല്ല സിനിമയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്.

ഐശ്വര്യ: സിനിമയുടെ കാര്യത്തിൽ ഞാൻ വളരെ സെൻസിറ്റീവാണ്. വിജയിക്കാനായാണ് എല്ലാ സിനിമകളും ചെയ്യുന്നത്. പക്ഷേ ചിലത് ചില പാളിച്ചകൾ കൊണ്ട് പരാജയപ്പെട്ടേക്കാം. പക്ഷേ അത് വേദനയുളവാക്കും.