മകന്റെ ചികില്‍സക്കായുള്ള സഹായങ്ങള്‍ നിലച്ചുപോയെന്ന് നടി സേതുലക്ഷ്മി. ‘സിനിമയിലെ സഹപ്രവര്‍ത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ എല്ലാം നിന്നു. ആളുകള്‍ കരുതിയത് ചികില്‍സ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു. ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയായെന്നും’ സേതുലക്ഷ്മി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
‘അവര്‍ക്ക് പ്രമേഹവും കൊളസ്ട്രോളും ഒക്കെ ഉണ്ട്. അതുകൊണ്ട് വൃക്ക ദാനം ചെയ്യാനൊന്നും കഴിയില്ല. ചിലര്‍ പറഞ്ഞു ഇതൊക്കെ അറിഞ്ഞുകൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്. അതൊന്നും എനിക്കറിയില്ല. എനിക്ക് തരാം എന്നുപറഞ്ഞ അവരുടെ മനസ്സ് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഏതായാലും അവരുടെ ആ വാഗ്ദാനത്തിന് ശേഷം സഹായം കുറഞ്ഞു. നേരത്തേ 10,000 രൂപ വരെ കിട്ടിയിടത്ത് ഇപ്പോള്‍ 500 രൂപയൊക്കെയേ കിട്ടുന്നുള്ളൂ. കുറച്ച് പണം കിട്ടി. പക്ഷേ അത് വൃക്ക മാറ്റിവയ്ക്കാന്‍ തികയില്ല’– സേതുലക്ഷ്മി കണ്ണീരോടെ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് രോഗബാധിതനായ മകന് സഹായം തേടി സേതുലക്ഷ്മിയമ്മ മലയാളികള്‍ക്ക് മുന്നിലെത്തിയത്. മകന്‍ കിഷോര്‍ വര്‍ഷങ്ങളായി വൃക്ക് സംബന്ധിച്ച അസുഖം ബാധിച്ച് ചികില്‍സയിലാണ്. വൃക്ക മാറ്റിവയക്കാന്‍ ഇവര്‍ക്ക് ഇനി നല്ല മനസ്സുകളുടെ സഹായം ആവശ്യമാണ്.