‘ചേട്ടാ കൊലമാസ്’...മണികണ്ഠൻ ആചാരി പേട്ട സിനിമയിൽ പറഞ്ഞ ആ ഡയലോഗ് അദ്ദേഹത്തിന്റെ ജീവിതത്തിലും തുടരുകയാണ്. പേട്ടയുടെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തിലേയ്ക്കുള്ള അവസരം മണികണ്ഠനെ തേടിയെത്തിരിക്കുന്നു. ഈ ചിത്രത്തിൽ നായകനാകുന്നതോ വിജയ് സേതുപതിയും.
മണികണ്ഠൻ തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘പേട്ടയക്കു ശേഷം വിജയ് സേതുപതിയുടെ കൂടെ വീണ്ടും, സീനു രാമസ്വാമി സാർ ഇന്റെ പുതിയ ചിത്രത്തിൽ.’–മണികണ്ഠൻ കുറിച്ചു.
വിജയ് സേതുപതിക്കൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രവും മണികണ്ഠൻ പങ്കുവെച്ചു. ഓട്ടോഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.
മാമനിതൻ എന്നാണ് സിനിമയുടെ പേര്. സീനു രാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഗായത്രി ശങ്കർ നായികയാകുന്നു. ഇളയരാജ കുടുംബമാണ് സംഗീതം. ഇളയരാജയും യുവൻ ശങ്കർ രാജയും കാർത്തിക് രാജയും ഒരുമിച്ച് സംഗീതം നിർവഹിക്കുന്ന ആദ്യ സിനിമ കൂടിയാണ് മാമനിതൻ.