ബോക്സ്ഓഫീസിൽ തിളങ്ങി മിഖായേൽ; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

നിവിൻ പോളി നായകനായി എത്തിയ മിഖായേൽ ബോക്സ്ഓഫീസിൽ കുതിപ്പുതുടരുന്നു. നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്ത് കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

റിലീസ് ചെയ്ത ആദ്യദിനം ആവേശത്തോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. നിവിൻ പോളിയുടെ മാസ് ആക്‌ഷൻ എന്റർടെയ്നറായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി മുന്നേറുകയാണ്.

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേല്‍ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലെത്തുന്നു. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.