‘അക്ക വിത്ത് ഇക്ക’; അജുവിന് നേരെ സൈബർ ആക്രമണം

മധുരരാജ സെറ്റിൽ നിന്നുള്ള മമ്മൂട്ടി–സണ്ണി ലിയോൺ ചിത്രത്തിനെതിരെ സൈബർ ആക്രമണം. നടൻ അജു വർഗീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ ചിത്രത്തിൽ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. 

‘അക്ക വിത്ത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോർഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളിൽ നിന്നായിരുന്നു. ഇതോടെ ആ പോസ്റ്റ് തന്നെ അജു നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഇതേ അടിക്കുറിപ്പില്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അജു ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. സിനിമയിൽ ഐറ്റം ഡാൻസിലാണ് സണ്ണി ലിയോൺ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിൽ സണ്ണി ലിയോൺ അഭിനയിക്കുന്നത്.

അതിനിടെ സണ്ണി മുഴുനീള നായികയായി എത്തുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. രംഗീല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോണിനൊപ്പം അജു വർഗീസും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. 

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.