എന്തുകൊണ്ട് ഓഗസ്റ്റ് സിനിമാസ് വിട്ടു; പൃഥ്വി വെളിപ്പെടുത്തുന്നു

august-cinemas-prithvi
SHARE

ഷാജി നടേശൻ , സന്തോഷ് ശിവൻ എന്നിവർ പങ്കാളികളായുള്ള ഓഗസ്റ്റ് സിനിമാസിൽ നിന്നും വേർപിരിഞ്ഞാണ് പൃഥ്വിരാജ് സ്വന്തം നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആരംഭിക്കുന്നത്. പൃഥ്വിയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റ് സിനിമാസിൽ നിന്നും പിന്മാറി പുതിയ പ്രൊഡക്‌ഷന്‍ കമ്പനി തുടങ്ങാനുള്ള കാരണം പൃഥ്വി തന്നെ തുറന്നുപറയുന്നു.

കമ്പനിയിൽ പങ്കാളികളായ ഓരോരുത്തർക്കും ഇഷ്ടമുള്ള, എല്ലാ തിരക്കഥകളും ഓഗസ്റ്റ് സിനിമയ്ക്ക്  ചെയ്യാൻ പറ്റില്ലെന്നൊരു സ്ഥിതിയിൽ കാര്യമെത്തിയപ്പോഴാണ് സ്വന്തമായ പ്രൊഡക്‌ഷൻ കമ്പനിയെക്കുറിച്ച് ചിന്തിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് ആദ്യമായി നിർമിക്കുന്ന ‘നയൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

Prithviraj about August Cinemas

‘ഓഗസ്റ്റ് സിനിമാസുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. എനിക്ക് എപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ഇപ്പോഴും വിളിക്കുന്നത് അവരെ തന്നെയാണ്. പക്ഷേ മൂന്ന് പേർ ചേർന്ന് ഒരു കമ്പനി നടത്തുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. അവിടെ മൂന്ന് പേരുടെ താൽപര്യങ്ങൾ വന്നുചേരുന്നു. ഓഗസ്റ്റ് സിനിമാസ് തുടങ്ങിയപ്പോൾ അതിൽ ക്രിയേറ്റിവ് ആയ തീരുമാനങ്ങൾ എടുക്കാനും, ഏത് സിനിമ ചെയ്യണം, ഏത് സിനിമ ചെയ്യണ്ട എന്ന് തീരുമാനിക്കാനും പറ്റുന്നൊരാൾ ഞാൻ മാത്രമായിരുന്നു. സന്തോഷ് ശിവൻ ചേട്ടൻ അതിൽ പങ്കാളി മാത്രമായിരുന്നു.’

‘ഷാജി നല്ലൊരു ഫിലിം ക്രിട്ടിക് ആണ്. നല്ല സിനിമാ സെൻസ് ഉള്ള ഒരാളാണ് ഷാജി നടേശൻ. തിരക്കഥയിലും അദ്ദേഹത്തിന് അറിവുണ്ട്. അങ്ങനെ ഷാജിക്ക് ചില തിരക്കഥകളോട് താൽപര്യം വന്നുതുടങ്ങി. നമുക്ക് രണ്ട് പേർക്കും ഇഷ്ടമുള്ള എല്ലാ തിരക്കഥകളും ഓഗസ്റ്റ് സിനിമയ്ക്ക്  ചെയ്യാൻ പറ്റില്ലെന്നൊരു സ്ഥിതിയിൽ കാര്യമെത്തി.’

Prithviraj Exclusive

‘ആ സമയത്ത് സ്വന്തം നിർമാണ കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് കമ്പനിയിൽ ഡയറക്ടർ സ്ഥാനത്ത് ഇരിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. ഈ കമ്പനി ചെയ്യുന്ന സിനിമകളുടെ വിജയ പരാജയങ്ങൾ നഷ്ടങ്ങൾ ലാഭങ്ങൾ അതിന്റെ ഉത്തരം എന്നോട് മാത്രം പറഞ്ഞാൽ മതി.’

‘ഷാജി ഇന്നും എന്റെ അടുത്ത സുഹൃത്താണ്. നിർമാണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഞാൻ ഇന്നും വിളിക്കുക ഷാജിയെ തന്നെയാണ്.’–പൃഥ്വിരാജ് പറഞ്ഞു.

2011ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമിയാണ് ഓഗസ്റ്റ് സിനിമാസിന്‍റെ ആദ്യ ചിത്രം. പിന്നീട് ഇന്ത്യന്‍ റുപ്പീ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളും ഓഗസ്റ്റ് സിനിമയിലൂടെ പുറത്തിറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി അയ്യപ്പന്‍ എന്നൊരു ചിത്രവും ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ അയ്യപ്പനായി പൃഥ്വി എത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA