പ്രഭുവേട്ടന് കുറച്ച് കഞ്ഞി എടുക്കട്ടെ! ; വീണ്ടും മഞ്ജുവിന് ട്രോൾ

manju-mohanlal-prabhu
SHARE

ഒടിയന് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാരിയർ എത്തുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും താരം സോഷ്യല്‍മീഡിയയിലൂടെ മഞ്ജു പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള മഞ്ജുവിന്റെ മറ്റൊരു ചിത്രവും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഈ ചിത്രത്തിൽ മഞ്ജുവിനൊപ്പം മോഹൻലാലിനെയും പ്രഭുവിനെയും കാണാം. അതിൽ ഏറ്റവും രസകരം ഈ ചിത്രത്തിന് താഴെ മഞ്ജുവിനായി വരുന്ന ആരാധകരുടെ കമന്റുകളാണ്.

ഷൂട്ടിങിന്റെ ഇടവേളയിൽ മഞ്ജു വാരിയർ എന്തോ കഴിക്കുന്നതായി ചിത്രത്തിൽ കാണാം. നടൻ പ്രഭുവിന് അരികിലായാണ് മഞ്ജു ഇരിക്കുന്നതും. ട്രോളന്മാര്‍ വിടുമോ! മഞ്ജു കുടിക്കുന്നത് കഞ്ഞിയാണെന്നാണ് ഈ വിദ്വാന്മാരുടെ കണ്ടെത്തൽ. ‘ക​ഞ്ഞി വേണോ പ്രഭുവേട്ടാ’ എന്ന് മഞ്ജു ചോദിക്കുന്ന രീതിയില്‍ ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്.

നേരത്തെ ഒടിയന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ‘കഞ്ഞി ട്രോളു’കളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഈ ചിത്രത്തിനും ലഭിക്കുന്നത്.

കുറച്ച് കാലത്തിനു ശേഷം ട്രോളന്‍ന്മാര്‍ ആഘോഷത്തോടെ ഏറ്റെടുത്ത ഡയലോഗാണ് ഒടിയനിലെ ‘കുറച്ചു കഞ്ഞിയെടുക്കട്ടെ’ എന്നത്. ട്രോളുകളും തഗ്ഗ് ലൈഫ് വിഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് കഞ്ഞി ട്രോളുകള്‍ക്ക് പ്രതികരണവുമായി മഞ്ജുവും എത്തിയതോടെ കൂടുതൽ ശ്രദ്ധ ആകർഷിച്ചു.

‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’.– മഞ്ജു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA