തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് തങ്ങളുട മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ സമർപ്പിച്ച കേസിൽ താരത്തിന് കോടതി വീണ്ടും നോട്ടീസ് അയച്ചു. കേസിൽ ധനുഷ് ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.
ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ചായിരുന്നു കതിരേശനും–മീനാക്ഷിയും കോടതിയെ സമീപിച്ചത്. ധനുഷ് സമർപ്പിച്ച തെളിവുകൾ വ്യാജമാണെന്ന് കാണിച്ച് ദമ്പതികൾ വീണ്ടും കോടതിയെ സമീപിച്ചതോടെ കേസ് വീണ്ടും വിവാദമാവുകയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റുകൾ സമർപ്പിച്ച ധനുഷിനെതിരെ മധുരൈ പൊലീസ് കമ്മിഷണറോ, കെ പുദുർ പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കതിരേശൻ പറയുന്നു. ഈ കേസിലാണ് ജസ്റ്റിസ് ചാമുണ്ഡേശ്വരി പ്രഭ നടനെതിരെ നോട്ടീസ് അയച്ചത്. മധുരൈ പൊലീസിനോട് സംഭവത്തിൽ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും.
1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർഥ പേര് കാളികേശവനെന്നാെണന്ന് ദമ്പതികൾ പറയുന്നു. ചെറുപ്പത്തിൽ സിനിമാമോഹം കൊണ്ട് നാടുവിട്ടുപോയതാണെന്നും അങ്ങനെയാണ് കസ്തൂരി രാജയുടെ കൈയിൽ ധനുഷിനെ കിട്ടുന്നതെന്നുമാണ് ദമ്പതികളുടെ വാദം. എന്നാൽ ഇൗ ഹർജി മുൻപ് കോടതി തള്ളിയിരുന്നു.
ധനുഷിന്റെ ദേഹത്ത് ദമ്പതികൾ പറഞ്ഞ അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കേസ് തള്ളിപ്പോയത്. എന്നാൽ ഇൗ അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായിച്ചതാണെന്നാണ് ദമ്പതികളുടെ വാദം. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നും ഇവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.