കേരളത്തിൽ വൈഡ് റിലീസ് നടത്തുന്ന അന്യഭാഷാ ബ്രഹ്മാണ്ഡ സിനിമകൾക്കു തടയിട്ട് മലയാള സിനിമാ സംഘടനകള്‍. മുന്നൂറും നാനൂറും തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന അന്യഭാഷാ ചിത്രങ്ങളുടെ സ്ക്രീൻ 125 ആക്കി ചുരുക്കാൻ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
തമിഴ്, തെലുങ്ക് സിനിമകളുടെ വൈഡ് റിലീസ് മൂലം, ചെറിയ ബജറ്റിൽ ഇറങ്ങുന്ന മലയാള സിനിമകൾക്ക് റിലീസ് സെന്ററുകൾ കിട്ടാറുണ്ടായിരുന്നില്ല. പല സിനിമകളും ഒരാഴ്ച പിന്നിടുമ്പോഴേക്കും അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനിടെയാണ് മലയാള സിനിമാ വ്യവസായത്തിനു ഗുണകരമാകുന്ന തീരുമാനവുമായി സംഘടനകൾ ഒരുമിച്ചെത്തിയത്. ഈ നിബന്ധനപ്രകാരം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് രജനികാന്തിന്റെ പേട്ട. പൃഥ്വിരാജ് വിതരണത്തിനെത്തിച്ച ചിത്രം 135 കേന്ദ്രങ്ങളിൽ മാത്രമാണ് റിലീസിനെത്തിയത്.
അതേസമയം ലൂസിഫർ, കുഞ്ഞാലിമരയ്ക്കാർ, മാമാങ്കം എന്നീ മലയാള ചിത്രങ്ങൾക്ക് പുതിയ റിലീസ് നിബന്ധനകൾ ബാധകമല്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.
എറണാകുളത്തു ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള) എന്നീ സംഘടനകളുടെ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ–
1) അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ പരമാവധി 125 സ്ക്രീനിൽ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളൂ.
2) തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ കൊല്ലങ്കോട്, കൊഴിഞ്ഞാംപാറ, കളിയിക്കാവിള, പടന്തലാമൂട് എന്നിവിടങ്ങളിൽ ഒന്നിലധികം തിയറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങൾ റിലീസ് ചെയ്യാം.
3) അന്യഭാഷാ ചിത്രങ്ങൾക്ക് പരമാവധി 55 ശതമാനം ഡിസ്ട്രിബ്യൂട്ടർ ഷെയർ ആക്കി നിശ്ചയിച്ചു.
4) പാലക്കാട് സത്യ തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് പാലക്കാട്ടു മറ്റൊരു തിയറ്റർ കൂടി നൽകാവുന്നതാണ്. സത്യ ചെറിയ തിയറ്റർ ആയതിനാലാണ് ഈ പ്രത്യേക തീരുമാനം.
5) കാസർകോട്, പയ്യന്നൂർ, പെരിന്തൽമണ്ണ എന്നീ സ്റ്റേഷനുകളിൽ മറ്റൊരു തിയറ്ററിനോടൊപ്പം കാർണിവൽ തിയറ്ററിലും പടം നൽകാവുന്നതാണ്.
6) ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ താഴെ പറയും പ്രകാരം റിലീസ് ക്രമപ്പെടുത്തി.
∙ മാപ്രാണം വർണ തിയറ്ററിനോടൊപ്പം ചെമ്പകശ്ശേരി തിയറ്ററിലും റിലീസ് ചെയ്യാം
∙ മാസ് തിയറ്ററിനോടൊപ്പം ജെ.കെ. തിയറ്ററിലും റിലീസ് ചെയ്യാം.
7) പെരിങ്ങോട്ടുകരയോടൊപ്പം വാടാനപ്പിള്ളിയിലും കാഞ്ഞാണിയോടൊപ്പം തളിക്കുളത്തും ചിത്രം റിലീസ് ചെയ്യാവുന്നതാണ്. (നേരത്തെ കരാർ ഒപ്പിട്ടതിനാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന മലയാളചിത്രം പെരിങ്ങോട്ടുകരയിലും തളിക്കുളത്തും ഒരുമിച്ച് റിലീസ് ചെയ്യാം)
8) കോട്ടയം–ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താഴെ പറയും പ്രകാരം റിലീസ് ക്രമപ്പെടുത്തി.
സെൻട്രൽ പിക്ച്ചേഴ്സിന്റെ അധീനതയിലുള്ള ഒന്നിലധികം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനാൽ കോട്ടയം അനുപമ തിയറ്ററിലും ധന്യ, രമ്യ എന്നീ തിയറ്ററുകളിലും ചങ്ങനാശ്ശേരി അപ്സര തിയറ്ററിനൊപ്പം ധന്യ, രമ്യ എന്നീ തിയറ്ററുകളിലും ചിത്രങ്ങൾ ഒരേ സമയം റിലീസ് ചെയ്യാവുന്നതാണ്
9) കുന്നംകുളത്തെ തിയറ്ററുകാർ ചിത്രങ്ങൾക്ക് അഡ്വാൻസ് നൽകുമ്പോൾ ജെആർഎച്ച് സിനിമയിൽ താങ്കളോടൊപ്പം ചിത്രം നൽകില്ലെന്ന കാര്യം എഴുതി വാങ്ങേണ്ടതാണ്.
10) ചേർത്തലയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ - പുതിയതായി ആരംഭിച്ച EVM തിയറ്റർ വയലാർ പഞ്ചായത്തിൽ ആയതിനാൽ ചിത്രങ്ങൾ ചേർത്തലയോടൊപ്പം ആവശ്യമെങ്കിൽ ഇവിഎം തിയറ്ററിലും കൊടുക്കാവുന്നതാണ്.
11) ലൂസിഫർ, കുഞ്ഞാലിമരയ്ക്കാർ, മാമാങ്കം എന്നീ മലയാള ചിത്രങ്ങൾക്ക് പുതിയ റിലീസ് നിബന്ധനകൾ ബാധകമല്ല.
12) മുളകുപാടം റിലീസിന്റെ കത്ത് പ്രകാരം ഇരിങ്ങാലക്കുട, ആറ്റിങ്ങൽ, മൂവാറ്റുപുഴ എന്നീ കേന്ദ്രങ്ങളിൽ ഒന്നിലധികം തിയറ്ററുകളിൽ 21–ാം നൂറ്റാണ്ട് എന്ന അവരുടെ മലയാള ചിത്രം റിലീസ് ചെയ്യാം.
13) 2.0, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങളുടെ കണക്കിൽ മുളകുപാടം റിലീസ് എക്സിബിറ്റേഴ്സിനു കൊടുക്കാനുള്ള ബാക്കി തുക അവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതനുസരിച്ച് കൊടുത്തു തീർക്കേണ്ടതാണ്.