മരുന്ന് വാങ്ങാന്‍ പണമില്ലെന്നറിയിച്ചയുടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു മരണം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് കുഴഞ്ഞുവീണത്. സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വടക്കൻ വെളിയനാട് ചെറുതുരുത്തിൽ പരേതനായ ഔസേഫ് ജോസഫിന്റെ മകളാണ് അച്ചാമ്മ എന്ന പി.ജെ. റോസമ്മ(60). സംസ്കാരം ഇന്ന് 2.30 നു കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. മാതാവ്–റോസമ്മ. സഹോദരങ്ങൾ: പി.ജെ. ജോസഫ് (റിട്ട.ടിസിസി ആലുവ), പി.ജെ. സ്കറിയ, പി.ജെ. തോമസ് (റിട്ട. ജലഗതാഗത വകുപ്പ്%, പി.ജെ. മാത്യു (റിട്ട. ഫെഡറൽ ബാങ്ക്), മേരിക്കുട്ടി, കുഞ്ഞമ്മ, പരേതരായ പി.ജെ. ആന്റണി, പി.ജെ. വര്‍ഗീസ്, പി.ജെ. ചാക്കോ (റിട്ട. കെഎസ്ഇബി), മറിയാമ്മ.
വിജയ് സേതുപതി, അച്ചാമ്മയെ സഹായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിനിടെയാണ് ഈ വേർപാട്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും കാണുമായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിങ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്. ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു.
തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ' എന്ന് അച്ചാമ്മ പറയുകയായിരുന്നു. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.