ADVERTISEMENT

കോട്ടയത്തെ അഞ്ജലി ഹോട്ടലിൽ അനിയനെ കാണാന്‍ എത്തിയ ചെറുപ്പക്കാരന്‍. അയാള്‍ക്കു മുന്നിലേക്ക് ജീവിതവും പേരും മാറ്റിമറിച്ച ചോദ്യവുമായി ഒരു സംവിധായകന്‍. ‘എടോ തനിക്ക് സിനിമയില്‍ അഭിനയിക്കാമോ..?’ ചോദിക്കുന്ന മനുഷ്യന്‍ ആരാണെന്ന തിരിച്ചറിവിലും നായകനാരാണെന്ന ഉറച്ച ബോധ്യത്തിലും അയാള്‍ നൂറുവട്ടം സമ്മതം മൂളി.

Spadikam George Interview


ജീവിതം മാറ്റി മറിച്ച ചോദ്യവുമായി എത്തിയത് സംവിധായകന്‍ ഭദ്രന്‍. ക്ഷണിച്ച സിനിമയുടെ പേര് സ്ഫടികം. പിന്നീട്, ആനയ്ക്ക് നെറ്റിപ്പട്ടം പോലെ തന്റെ പേരിനു മുന്നില്‍ സ്ഫടികം എന്ന പേര് അയാള്‍ ഇന്നും കൊണ്ടുനടക്കുന്നു- ‘സ്ഫടികം ജോര്‍ജ്’. എന്നാല്‍ പിന്നീടു ജീവിതത്തില്‍ വേദനകളുടെയും വിലക്കുകളുടെയും വര്‍ഷങ്ങള്‍. അതിനെപ്പറ്റി സ്ഫടികം ജോര്‍ജ് സംസാരിക്കുന്നു.

‘അന്ന് നടന്‍ നാസറിന് ഡേറ്റ് പ്രശ്നമായതു കൊണ്ടാണ് സ്ഫടികത്തിലെ വില്ലന്‍ റോളില്‍നിന്ന് അദ്ദേഹം പിന്‍മാറുന്നത്. ഭാഗ്യം കൊണ്ടാണ് അന്ന് ആ ഹോട്ടലില്‍ പോയതും ബുള്ളറ്റിലുള്ള എന്റെ വരവ് ഭദ്രന്‍ സാറിന്റെ കണ്ണില്‍പ്പെട്ടതും. പിന്നീടു നടന്നതെല്ലാം ചരിത്രമാണ്. മോഹന്‍ലാലിനെ വിറപ്പിക്കുന്ന വില്ലനായി. ലാലിനൊപ്പമുള്ള സ്ഫടികത്തിലെ മുഴുനീള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി സ്ഫടികം. പിന്നീട് തേടിയെത്തിയ ചിത്രങ്ങളിലെല്ലാം വില്ലന്‍ കഥാപാത്രങ്ങള്‍. ലേലത്തിലെ കടയാടി ബേബി എന്ന കഥാപാത്രവും വലിയ പ്രശംസ നേടിത്തന്നതാണ്.’–സ്ഫടികം ജോർജ് പറഞ്ഞു തുടങ്ങി

സ്ഫടികം സിനിമയുടെ ഷൂട്ടിനിടയില്‍ മോഹന്‍ലാല്‍ ഒാടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങിയോ?

അതെ. ഒരുപക്ഷേ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന സംഭവമായിരുന്നു അത്. ചിത്രത്തിന്റെ അവസാനഭാഗത്തെ ഫൈറ്റ്, ചെന്നൈയിലെ ഒരു പാറമടയിലാണ് ചിത്രീകരിച്ചത്. ലാല്‍ എന്നെ ജീപ്പില്‍ പിന്തുടരുന്ന സീന്‍ ചിത്രീകരിക്കുന്ന സമയം. പാറക്കൂട്ടത്തിന്റെ മുകളില്‍നിന്ന് ഞാന്‍ ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ലാല്‍ ജീപ്പ് വേഗത്തില്‍ ഒാടിച്ചുവരികയാണ്.

spadikam climax fight

 

എന്നാല്‍ എന്റെ ഭാരക്കൂടുതല്‍ കൊണ്ട് എനിക്ക് ഉരുണ്ട് മാറാന്‍ പറ്റിയില്ല. ജീപ്പ് നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പ് എന്റെ കാലിലൂടെ കയറിയിറങ്ങി. കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ഭദ്രന്‍ സാര്‍ അടക്കം ഒാടിവന്നു. ലാലും വേഗം ജീപ്പില്‍ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു, കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്. അന്നും ഇന്നും എനിക്ക് ഒരു കുഴപ്പവുമില്ല. കുറച്ചു ദിവസത്തെ വേദന, അതിനപ്പുറം ഒന്നുമില്ലായിരുന്നു ആ അപകടം.

മൂന്നുവര്‍ഷത്തെ വിലക്കുകളുടെ ഒാര്‍മകള്‍?

spadikam fight scene

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചെന്ന കാരണം പറഞ്ഞാണ് എന്നെയും തിലകന്‍ ചേട്ടനെയും മാളച്ചേട്ടനെയുമൊക്കെ സംഘടന വിലക്കിയത്. മൂന്നുവര്‍ഷം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീട് രോഗിയായി. അതോടെ ജീവിതം ആകെ തളര്‍ന്നു. പക്ഷേ അപ്പോഴെല്ലാം ജീവിക്കാന്‍ പ്രേരിപ്പിച്ചത് സിനിമ തന്നെയാണ്. അന്ന് സുരേഷ്ഗോപി വിളിച്ച് രോഗത്തിന്റെ കാര്യങ്ങള്‍ തുടര്‍ച്ചയായി തിരക്കിയിരുന്നു. ഇടയ്ക്ക് ഞാന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.

 

എന്നാല്‍ പതിയെ ഞാന്‍ ജീവിതം തിരിച്ചു പിടിച്ചു. പിന്നീട് ചെറിയ വേഷങ്ങളൊക്കെ കിട്ടി. ഹലോ, മായാമോഹിനി ഇൗ ചിത്രങ്ങളൊക്കെ എന്റെ വില്ലന്‍ ഇമേജ് തന്നെ മാറ്റി. ഇപ്പോള്‍ വിനയനും സംഘടനകളും തന്നിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നുവരികയാണ്. ആകാശഗംഗ രണ്ടാം ഭാഗത്തിനൊപ്പം ഒരു മോഹന്‍ലാല്‍ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിന്റെ കാലം മാറി നല്ല കാലത്തിലേക്ക് വരുന്നതിന്റെ ആശ്വാസത്തിലാണ് ‍ഞാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com