സുകുമാരൻ കാത്തുവച്ച സ്വപ്ന നിമിഷം
ഇതു കാണാൻ നടൻ സുകുമാരൻ ജീവിച്ചിരിപ്പില്ലല്ലോ എന്നു സങ്കടത്തോടെ ഇന്നലെ ഓർമിച്ചു. മോഹൻലാലിനോടൊപ്പമിരുന്നു ലാലിന്റെ വീട്ടിൽ, പൃഥ്വിരാജ് പത്ര സമ്മേളനം നടത്തുകയാണ്. വഴിയിലും പുറത്തും നിറയെ ചാനലുകളുടെ വാനുകൾ, തിങ്ങി നിറഞ്ഞു നിൽക്കാൻ ഇടമില്ലാതെ പത്രക്കാർ. അവരോടു പൃഥ്വി സംസാരിക്കുന്നു. മലയാള സിനിമയുടെ
ഇതു കാണാൻ നടൻ സുകുമാരൻ ജീവിച്ചിരിപ്പില്ലല്ലോ എന്നു സങ്കടത്തോടെ ഇന്നലെ ഓർമിച്ചു. മോഹൻലാലിനോടൊപ്പമിരുന്നു ലാലിന്റെ വീട്ടിൽ, പൃഥ്വിരാജ് പത്ര സമ്മേളനം നടത്തുകയാണ്. വഴിയിലും പുറത്തും നിറയെ ചാനലുകളുടെ വാനുകൾ, തിങ്ങി നിറഞ്ഞു നിൽക്കാൻ ഇടമില്ലാതെ പത്രക്കാർ. അവരോടു പൃഥ്വി സംസാരിക്കുന്നു. മലയാള സിനിമയുടെ
ഇതു കാണാൻ നടൻ സുകുമാരൻ ജീവിച്ചിരിപ്പില്ലല്ലോ എന്നു സങ്കടത്തോടെ ഇന്നലെ ഓർമിച്ചു. മോഹൻലാലിനോടൊപ്പമിരുന്നു ലാലിന്റെ വീട്ടിൽ, പൃഥ്വിരാജ് പത്ര സമ്മേളനം നടത്തുകയാണ്. വഴിയിലും പുറത്തും നിറയെ ചാനലുകളുടെ വാനുകൾ, തിങ്ങി നിറഞ്ഞു നിൽക്കാൻ ഇടമില്ലാതെ പത്രക്കാർ. അവരോടു പൃഥ്വി സംസാരിക്കുന്നു. മലയാള സിനിമയുടെ
ഇതു കാണാൻ നടൻ സുകുമാരൻ ജീവിച്ചിരിപ്പില്ലല്ലോ എന്നു സങ്കടത്തോടെ ഇന്നലെ ഓർമിച്ചു. മോഹൻലാലിനോടൊപ്പമിരുന്നു ലാലിന്റെ വീട്ടിൽ, പൃഥ്വിരാജ് പത്ര സമ്മേളനം നടത്തുകയാണ്. വഴിയിലും പുറത്തും നിറയെ ചാനലുകളുടെ വാനുകൾ, തിങ്ങി നിറഞ്ഞു നിൽക്കാൻ ഇടമില്ലാതെ പത്രക്കാർ. അവരോടു പൃഥ്വി സംസാരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സിനിമയുടെ പ്രഖ്യാപനവും ഇതുപോലെ ലൈവായി വന്നിട്ടുണ്ടാകില്ല. ലൂസിഫർ എന്ന സിനിമയുടെ രണ്ടാംഭാഗം എടുക്കാൻ പോകുന്നു എന്നതിന്റെ പ്രഖ്യാപനമായിരുന്നു അത്. സിനിമയുടെ പേര് ‘എമ്പുരാൻ’ എന്നു പ്രഖ്യാപിച്ച ഉടനെ പലയിടത്തും ലൈവായി അതു സ്ക്രോൾ ചെയ്തു തുടങ്ങി. ഒരു മന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്തുമാത്രമെ ഇതുപോലെ ഓരോ മിനിറ്റിലും വാർത്ത കൊടുക്കുന്നതു കണ്ടിട്ടുള്ളു.
ഇവിടെനിന്നാണു പൃഥ്വിരാജ് എന്ന മനുഷ്യനിലേക്കു തിരിഞ്ഞു നോക്കിയത്. നടൻ സുകുമാരൻ മരിക്കുന്നതു നാൽപത്തിയൊൻപതാം വയസ്സിലാണ്. ശരിക്കും ചെറുപ്പത്തിൽ. സിനിമ സംവിധാനം ചെയ്യാനുള്ള മോഹവുമായി ലൊക്കേഷൻ നോക്കി മടങ്ങി വന്ന ദിവസം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംവിധാനമെന്നതു സുകുമാരന്റെ അടങ്ങാത്ത മോഹമായിരുന്നു. പോകുമ്പോൾ അതു ബാക്കിയായി. സുകുമാരൻ യാത്രയായി 5 വർഷങ്ങൾക്കു ശേഷം മകൻ പൃഥ്വിരാജ് നടനായി.21 വർഷങ്ങൾക്കു ശേഷം സംവിധായകനുമായി. അച്ഛൻ ബാക്കിവച്ചതു പൂർത്തിയാക്കാൻ കാലം മകനെ വിളിച്ചതുപോലെ.
മലയാള സിനിമയുടെ പുസ്തകത്തിൽ ഇതിനു മുൻപൊരിക്കലുമില്ലാത്ത കച്ചവടമാണു പൃഥ്വിയുടെ ലൂസിഫർ ചെയ്തത്. 200 കോടി രൂപ. ആമസോൺ എന്ന ലോക ഡിജിറ്റൽ രാജാവു മലയാളത്തിൽ ശക്തമായി കാലുറപ്പിക്കുന്നതിനു പടവു കെട്ടിക്കൊടുത്തത് ഈ സിനിമയാണ്. മലയാള സിനിമയുടെ മാർക്കറ്റുതന്നെ ഈ സിനിമ പൊളിച്ചെഴുതി. രാജ്യത്തെ എല്ലാ പ്രമുഖ ഭാഷകളിൽനിന്നും സൂപ്പർ താരങ്ങൾ ഈ സിനിമ സംവിധാനം ചെയ്യാനായി പൃഥിയെ വിളിച്ചുകൊണ്ടിരിക്കുന്നു. ഏതു സംവിധായകനും മോഹിച്ചുപോകുന്ന അവസ്ഥ.
പൃഥ്വിയെപ്പോലെ അപമാനിക്കപ്പെട്ടൊരു യുവാവ് അടുത്തകാലത്തൊന്നും േകരളത്തിലുണ്ടായിട്ടില്ല. ചെയ്തതിനും ചെയ്യാത്തതിനുമെല്ലാം പൃഥ്വി പഴികേട്ടു. സ്വാഭാവികമായി ഏതു സമയത്തും പറഞ്ഞുപോയേക്കാവുന്നൊരു വാക്കിന്റെ പേരിൽ പൃഥ്വിയുടെ ഭാര്യ പഴികേട്ടു,തിയറ്ററിൽപ്പോയി ഈ മനുഷ്യനെ ആവോളം കൂവി വിളിച്ചു. കളിയാക്കുന്നതിന്റെ അടയാളമായി കുറെക്കാലമായി പറഞ്ഞിരുന്നതു ഈ ചെറുപ്പക്കാരന്റെ പേരായിരുന്നു.സിനിമ പോലുള്ളൊരു രംഗത്തു ഒരടി പുറകിൽപ്പോയാൽപ്പോലും തളർന്നുപോകും. ആ സമയത്താണു ആളും തരവും നോക്കാതെ വന്നവരെല്ലാം ഈ മനുഷ്യനെ കേറി നിരങ്ങിയത്. ആ സമയത്തെല്ലാം സിനിമ ചെയ്യണമെന്ന മോഹവുമായി പൃഥ്വി അനങ്ങാതെ നിൽക്കുകയായിരുന്നു.
ലൂസിഫറിന്റെ കഥ പൃഥ്വി പറഞ്ഞതിനെക്കുറിച്ചു ലാൽ പിന്നീടു പറഞ്ഞിട്ടുണ്ട്, ഒരു കടലാസുപോലും നോക്കാതെ തിരക്കഥയും ഓരോ ഷോട്ടുകളും ഡയലോഗും കാണാതെ പൃഥ്വി പറയുകയായിരുന്നുവെന്ന്. ഈ സമയത്തു പൃഥ്വിയെ പൊക്കാൻ വേണ്ടി പറയുന്നതാണെന്നു പറയാം. പക്ഷേ ലാലിതു പറഞ്ഞതു ലൂസിഫർ റിലീസാകുന്നതിനു മാസങ്ങൾക്കു മുൻപാണ്. ആ കഥ പറച്ചിലാണു ലാൽ ഈ സിനിമ പൃഥ്വിയെ ഏൽപ്പിക്കാൻ ഇടയാക്കിയത്. ആ നിമിഷത്തിലാണു ഈ സിനിമ നിർമിക്കാമെന്നു ആന്റണി പെരുമ്പാവൂർ തീരുമാനിക്കുന്നത്. ഇതുവരെ കണ്ടതിൽനിന്നെല്ലാം ഉയരത്തിലുള്ളൊരു കച്ചവടം ആന്റണിക്കു ഈ രണ്ടു മണിക്കൂർ കഥ പറച്ചിലിൽ കാണാനായി.
എല്ലാ ചവിട്ടിത്താഴ്ത്തലിൽനിന്നും പൃഥ്വിയെന്ന സംവിധായകൻ തിരിച്ചുവന്നത് അന്തം വിട്ടുപോകുന്ന ഉയരത്തിലേക്കാണ്. മലയാള സിനിമയുടെ സാമ്പത്തിക ശാസ്ത്രംതന്നെ അയാൾ മറിച്ചെഴുതിയിരിക്കുന്നു. വീണ്ടും അതിനു തയാറെടുക്കുകയും ചെയ്യുന്നു. പ്രഖ്യാപിക്കുന്നതിനു മുൻപു സിനിമയുടെ അവകാശം വാങ്ങാൻ പലരും കാത്തുനിൽക്കുന്നു.
സുകുമാരനു ഇതിലും വലിയ സമ്മാനം ആർക്കു നൽകാനാകും. പൃഥ്വി തുടങ്ങിയതു സുകുമാരൻ ബാക്കിവച്ച സ്വപ്നമായിരുന്നു. ആരുടെ കീഴിലും സംവിധാനം പഠിക്കാൻ പോകാതെ അഭിനയിച്ച എല്ലാ സിനിമകളും പാഠപുസ്തകമാക്കി ഒരു മനുഷ്യൻ നേടിയ അദ്ഭുതകരമായ വിജയം. ലൂസിഫർ സത്യത്തിൽ നമ്മളിൽ പലരും മെസേജുകൾ ആസ്വദിക്കുകയും ഫോർവേഡ് ചെയ്യുകയും ചെയ്തു അടിച്ചു വീഴ്ത്തിയൊരു ചെറുപ്പക്കാരന്റെ തിരിച്ചടിയാണ്. ‘കനൽ ഒരു തരിമതി’ എന്നു നമ്മളുടെ നെഞ്ചിലേക്കു വിരൽ ചൂണ്ടി അയാൾ പറയുകയാണ്.
ഒരു സംവിധായകൻ സിനിമ പ്രഖ്യാപിക്കുന്നതു കേൾക്കാനായി മാധ്യമ ലോകം അയാൾക്കു മുന്നിൽ നിശബ്ദരായി നിന്ന നിമിഷങ്ങൾ മലയാള സിനിമയുടെ തിളക്കമേറിയ നിമിഷമാണ്. പത്രക്കാരെ ക്ഷണിച്ചു വരുത്തിയാൽപ്പോലും എട്ടോ പത്തോ പേർ എത്തുന്ന പത്രസമ്മേളങ്ങൾ കണ്ടിട്ടുണ്ട്. ഇവിടെ അയാളെ അന്വേഷിച്ചു മാധ്യമ പ്രവർത്തകർ പോയിരിക്കുന്നു. ക്ഷമയോടെ കാത്തിരുന്നിരിക്കുന്നു.
ട്രാഫിൽ ജാമിൽപെട്ടു മുക്കാൽ മണിക്കൂർ വൈകിയാണു പൃഥ്വി എത്തിയത്. ആ ട്രാഫിക് ജാം പോലും കാലം കാത്തുവച്ച മറുപടിയാണ്. ‘നിങ്ങൾ ഈ മനുഷ്യനോടു ചെയ്ത പാതകങ്ങൾ ഓർക്കാനുള്ള സമയമാണിതെന്ന’ ഓർമിപ്പിക്കൽ. മോഹൻലാൽ എന്നയാളുടെ താരപ്രഭയും ഇതിനെല്ലാം കാരണമാണ്. അതെല്ലാമുണ്ടെങ്കിലും ഇതു തോറ്റുകൊടുക്കാത്തൊരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ്. സുകുമാരനും മകനും ചെയ്ത എല്ലാ വേഷത്തെക്കാൾ ഹീറോയിസം ഇതിലുണ്ട്. ഇതു കാണാൻ സുകുമാരൻ ഭൂമിയിലില്ല. പക്ഷേ, എല്ലാ ആക്ഷേപകങ്ങളും നിശബ്ദമായി കേട്ടുനിന്ന മല്ലിക സുകുമാരൻ ബാക്കിയുണ്ട്, സുപ്രിയ എന്ന പെൺകുട്ടി കൂടെയുണ്ട്. ഇതിലും വലിയ എന്തു ബഹുമതിയാണു കാലം സുകുമാരനു കാത്തുവയ്ക്കാനുള്ളത്.