ആരും സഹായത്തിനില്ല, നരക ജീവിതം: സഹായം അഭ്യർഥിച്ച് ‘ദേവദൂതൻ’ നടി
Mail This Article
മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണമെന്നും ജീവന്‍ രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ച് നടി വിജയലക്ഷ്മി. നടന്‍ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. ഇൻഡസ്ട്രിയിൽ നിന്നും ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നും ഈ വിഡിയോ രജനിയുടെ അരികിൽ എത്തിക്കാൻ എല്ലാവരും സഹായിക്കണമെന്നും നടി വിഡിയോയിലൂടെ പറയുന്നു.
‘സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാൾ മോശമായ അവസ്ഥയാണ് എന്റേത്. രജനി സാറിനെ എനിക്കു കാണണം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം എന്നെ കൈ ഒഴിഞ്ഞു. - വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന വിജയലക്ഷ്മിയെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. ചികിത്സയിലായിരുന്ന സമയത്ത് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു. നടനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.
അമ്മയുടെ ചികിത്സാ ആവശ്യത്തിനായി കൈയിലുണ്ടായിരുന്ന പണമെല്ലാം ചിലവഴിച്ചിരുന്നുവെന്നും ഇപ്പോൾ കൈയ്യിൽ ഒന്നുമില്ലെന്നുമാണ് വിജയലക്ഷ്മിയുടെ സഹോദരി ഉഷ ദേവി പറയുന്നത്. വീടും കിടപ്പാടവും നഷ്ടപ്പെട്ട ഉഷയും വിജയലക്ഷ്മിയും സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്.
1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍-ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനില്‍ ഒരു പ്രധാനവേഷത്തില്‍ വിജയലക്ഷ്മി എത്തിയിരുന്നു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം അമുത എന്ന കഥാപാത്രത്തെ വിജയലക്ഷ്മി അവതരിപ്പിച്ചിരുന്നു. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.
2016ല്‍ അച്ഛന്റെ മരണത്തിൽ മനംനൊന്ത് നടി ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നു. നടൻ സ്രുജൻ ലോകേഷുമായുള്ള വിവാഹബന്ധവും മൂന്ന് വർഷം മാത്രമാണ് നീണ്ടുപോയത്.