ADVERTISEMENT

സിനിമയില്‍ അവസരം തേടി നടന്ന ആദ്യകാലങ്ങളില്‍ തനിക്കു നേരിടേണ്ടി വന്ന അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്‍. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

 

കരിയറിന്റെ തുടക്കത്തില്‍ നിര്‍മാതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നുമെല്ലാം നേരിട്ട ബോഡിഷെയ്മിങ് അടക്കമുള്ള അപമാനങ്ങളെക്കുറിച്ചും വിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.

Vidya Balan's SHOCKING Untold Story: Battling casting couch, bodyshaming & rejection| Mission Mangal

 

‘ഒരു ടെലിവിഷന്‍ സീരിയലിനുവേണ്ടിയായിരുന്നു എന്റെ ആദ്യ ഓഡിഷന്‍. അന്ന് കോളജില്‍ പഠിക്കുകയായിരുന്നു ഞാന്‍. അവിടെ വച്ചാണ് ഓഡിഷന്‍ പോസ്റ്റർ കാണുന്നത്. സഹോദരിയാണ് എനിക്കു വേണ്ടി കത്തെഴുതിയതും സ്റ്റുഡിയോയിൽ ചിത്രമെടുക്കാൻ ഒപ്പം വന്നതും. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു.’

 

‘ഏതാണ്ട് എഴുപത്, എണ്‍പത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ. കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകിട്ട് ഏഴ് മണിക്കാണ്. എന്റെ അമ്മ ചോദിച്ചു. ‘നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ’ എന്നൊക്കെ ചോദിച്ചു. അവസാനം ആ ഓഡിഷനില്‍ ഞാന്‍ തിരിഞ്ഞെടുക്കപ്പെട്ടു.’

 

‘എട്ട് മാസം ഞാൻ അഭിനയിച്ചു. പക്ഷേ ആ സീരിയലിന്റെ പ്രൊഡക്‌ഷൻ ഇടയ്ക്കുവച്ചു നിർത്തി. പുതിയതായി തുടങ്ങുന്ന ടിവി ചാനലിനു വേണ്ടിയായിരുന്നു സീരിയൽ ചിത്രീകരിച്ചത്. നിർഭാഗ്യവശാൽ ആ ചാനൽ തന്നെ വേണ്ടെന്നുവച്ചു. അതോടെ സീരിയലും പൂട്ടി. എന്നെ സംബന്ധിച്ചടത്തോളം അതൊരു ഷോക്ക് ആയിരുന്നു. കരിയറിന്റെ തുടക്കം തന്നെ നിർഭാഗ്യം’. 

 

‘പിന്നെ ഞാന്‍ ഓഡിഷനൊന്നും പോയില്ല. പടങ്ങള്‍ അയച്ചുകൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയില്‍ നിന്ന് വിളി വരുന്നത്. ടെലിവിഷൻ പരസ്യത്തിനു വേണ്ടിയിയായിരുന്നു. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വിഡിയോ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അതിന്റെ വിധികര്‍ത്താവാണ് പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാല്‍പത് പേര്‍ പങ്കെടുത്ത ഒരു ഓഡിഷനില്‍ ഞാനും പങ്കാളിയായി.’

 

‘ആ കാലത്ത് മലയാളം ഉൾപ്പടെ വാക്കാൽ കരാർ ഉറപ്പിച്ച പതിനാല് സിനിമകൾ എനിക്ക് നഷ്ടമായി. മോഹൻലാൽ ചിത്രത്തിൽ നിന്നും പുറത്തായി. ഹൃദയഭേദകമായിരുന്നു ആ അനുഭവങ്ങൾ. ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാൻ.  ആ സംഭവത്തിൽ എന്റെ വീട്ടുകാരും ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. കാര്യമറിയാർ അവർ എനിക്കൊപ്പം ചെന്നൈയിൽ എത്തി’.

 

‘ഞങ്ങള്‍ നിര്‍മാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകള്‍ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: ‘ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ. സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിര്‍ബന്ധം’. 

 

‘ഈ വിവരം അറിയുമ്പൊഴേക്കും അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്‌നം എന്നറിയാന്‍ മാത്രമാണ് ഞങ്ങള്‍ നിര്‍മാതാവിനെ ചെന്നു കണ്ടത്.’

 

‘ഈ സംഭവത്തിനു ശേഷം മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവര്‍ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാന്‍ കണ്ണാടിയില്‍ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്’.–വിദ്യ പറയുന്നു.

 

‘ആ പറഞ്ഞതിന് അയാളോട് കുറേക്കാലം ഞാൻ ക്ഷമിച്ചിരുന്നുമില്ല. പക്ഷേ, മറ്റ് പലതും പോലെ ഈ അനുഭവവും എന്നെ ഒരു പാഠം പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെ, എന്നെ ഞാൻ തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ചിലർ നമ്മളെ സൗന്ദര്യമുള്ളവരായി കണ്ടേക്കും ചിലർ നമ്മളെ അങ്ങേയല്ലം വൃത്തികെട്ടവരായി കണ്ടേക്കും.  പക്ഷേ, നമ്മളെ തന്നെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം.’ 

 

‘ആദ്യകാലങ്ങളിൽ തമിഴ് ചിത്രത്തിലും വാക്കാൽ കരാറായിരുന്നു. അന്നൊക്കെ ഫോണിൽ വിളിച്ചാണ് ചിത്രത്തിൽ കരാർ ഒപ്പിടുന്നത്. അന്ന് നേരിട്ടുവന്നു കാണുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ഞാൻ ചെന്നൈയിൽ എത്തി ഒരു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. എനിക്ക് അസ്വസ്ഥത ഉഉണ്ടാക്കുന്നതായിരുന്നു അതിലെ ഹാസ്യം. എല്ലാം ദ്വയാർഥമുള്ള ഡയലോഗുകൾ. അതൊരു സെക്സ് കോമഡി ആയിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു.  ഇതുപോലുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്ക് താത്പര്യമില്ലെന്ന് ഞാൻ തുറന്നു പറഞ്ഞു. അങ്ങനെ ഞാൻ അത് ഉപേക്ഷിച്ച് തിരിച്ചുവന്നു. അയാൾ പിന്നീട് എനിക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചു.’

 

‘തുടക്കകാലത്ത് ആളുകൾ നമ്മളോട് മാന്യമായി പെരുമാറി എന്നു വരില്ല. അതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയല്ല എന്റെ മാതാപിതാക്കൾ പഠിപ്പിച്ചിരുന്നത്. ബഹുമാനം നൽകിയാൽ തിരിച്ചുകിട്ടും എന്നായിരുന്നു എന്റെ മനസ്സിൽ. അവർ എന്നോട് മോശമായി പെരുമാറി എന്നല്ല, പക്ഷേ, ഞാൻ അവർക്കൊപ്പം അസ്വസ്ഥയായിരുന്നു. ആ വക്കീൽ നോട്ടീസിൽ ഭയവും ഇല്ലായിരുന്നു. അങ്ങനെ ആ കേസ് ഒത്തുതീർന്നു. ഇതൊക്കെ വലിയ അനുഭവങ്ങളായിരുന്നു.’

 

‘പരിണീതയ്ക്കുവേണ്ടി എത്ര ഓഡിഷൻ നൽകിയെന്ന് എനിക്ക് തന്നെ ഓർമയില്ല. ആളുകൾ പല കണക്കുകളും പറയുന്നുണ്ട്. നാൽപതോ അറുപതോ എഴുപതോ ഓഡിഷൻ ഉണ്ടായി കാണും. എല്ലാ മാസവും ആഴ്ചയും ഒക്കെ പ്രദീപ് സർക്കാർ ഇടയ്ക്ക് പറയും നമുക്ക് ഒരു ടെസ്റ്റ് നടത്താം എന്ന്. വല്ലാണ്ടാവുമ്പോൾ ഞാൻ ചോദിക്കും, നിങ്ങളെന്താണ് എന്റെ വിരലാണോ പരിശോധിക്കുന്നത് എന്ന്. പക്ഷേ, അവർ അത് തുടർന്നു. കാരണം അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. എന്റേത് ടൈറ്റിൽ റോളല്ലെ. അതുകൊണ്ട് ഞാൻ അതിന് തയ്യാറാണെന്ന് അവർക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു.’

 

‘ഒരു ദിവസം ഞാൻ ഓർക്കുന്നു. ചെന്നൈയിൽ വച്ച് ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പിൽ വച്ച് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആൾക്കാരുണ്ട് അതുകൊണ്ട് മുറിയിൽ പോകാം എന്ന് അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ അപ്പോൾ ഒരു കാര്യം ചെയ്തു. വാതിൽ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാൾ അപ്രത്യക്ഷനായി. അയാൾ ഒന്നും പറഞ്ഞില്ല. അത്തരത്തിൽ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്.’–വിദ്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com