കണ്ണൻ താമരക്കുളത്തിന്റെ ‘മരട് 357’; യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ മേജർ രവി
Mail This Article
മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് പുറമെ സിനിമാക്കാരും ഉണ്ടായിരുന്നു. നിലവില്‍ മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയുമാണ് പുറത്തുവരാനിരിക്കുന്നത്. ഫ്ലാറ്റിലെ താമസക്കാരായിരുന്ന ബ്ലെസിയും മേജര്‍ രവിയുമടക്കമുള്ള സിനിമാക്കാരാണ് തങ്ങള്‍കൂടി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പതനം സിനിമയും ഡോക്യുമെന്ററിയുമാക്കാന്‍ ഒരുങ്ങുന്നത്.
ബ്ലെസി മരട് വിഷയത്തില്‍ ഡോക്യുമെന്ററി ഒരുക്കുമ്പോള്‍ മേജര്‍ രവി വിഷയത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നുകാട്ടി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യം പൊളിച്ച എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ലാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകൻ മേജർ രവിയാകട്ടെ ഈ വിഷയത്തിൽ യഥാർഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമ മനസ്സിൽ രൂപപ്പെടുത്തിക്കഴിഞ്ഞു.
സംവിധായകനായ കണ്ണന്‍ താമരക്കുളവും മരട് വിഷയത്തില്‍ നേരത്തെ സിനിമ പ്രഖ്യാപിച്ചിരുന്നു. 4 അപ്പാർട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങൾ ഫ്ലാറ്റുകൾക്കുള്ളിൽ നിന്നു ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണൻ താമരക്കുളം പറഞ്ഞു. ഒടുവിൽ ഫ്ലാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്തു. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാർച്ചിൽ റിലീസ് ചെയ്യുകയാണു ലക്ഷ്യം
സംവിധായകന്‍ ബ്ലെസി മരട് വിഷയത്തിന്റെ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന ഡോക്യുമെന്ററി നിര്‍മിക്കാനായി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. മരടിലെ എച്ച്.ടു.ഒ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി നിലവില്‍ മരടിനടുത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.
മേജർ രവി സിനിമയെടുക്കാൻ തീരുമാനിച്ചത് ഒരു തുറന്നുകാട്ടൽ ലക്ഷ്യമിട്ടാണ്. ‘ഈ സംഭവത്തിലെ യഥാർഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാർട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇവിടുള്ളവർ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. ’- മേജർ രവി പറഞ്ഞു.
മരടില്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത ഫ്ലാറ്റുകളില്‍ മലയാള സിനിമയില്‍ നിന്നുള്ള നിരവധി പേര്‍ താമസിച്ചിരുന്നു. എച്ച്2ഒയിൽ അടുത്തിടെ അപ്പാർട്മെന്റ് സ്വന്തമാക്കിയിരുന്ന നടൻ സൗബിൻ ഷാഹിർ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16–ാം നിലയിൽ ക്യാമറാമാൻ ജോമോൻ ടി.ജോണിനും 17-ാം നിലയിൽ സംവിധായകൻ അമൽ നീരദിനും അപ്പാർട്മെന്റ് ഉണ്ടായിരുന്നു.. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖരും മരടിലെ പൊളിക്കപ്പെട്ട ഫ്ലാറ്റുകളില്‍ താമസിച്ചിരുന്നു.