‘ഇൗ റോൾ നിനക്കാണെന്നു പറഞ്ഞവർ പിന്നീട് അവഗണിച്ചു’: രവി വള്ളത്തോൾ പറഞ്ഞത്
Mail This Article
2012–ൽ രവി വള്ളത്തോൾ വനിതയ്ക്കു നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
മലയാള സാഹിത്യത്തിന്റെ താരാപഥമായിരുന്നു തിരുവനന്തപുരത്തെ ത്രയംബകം എന്ന വീട്. കവിതയിലെയും നോവലിലെയും നാടകത്തിലെയും ഒക്കെ നക്ഷത്രങ്ങൾ അതിഥികളായെത്തുന്ന ഈ വീട്ടിലാണ് പ്രശസ്തിയുടെ മേൽവിലാസവുമായി രവി വളളത്തോൾ ജനിച്ചത്. മേൽവിലാസം അത്ര നിസ്സാരമല്ല, മലയാളത്തിന്റെ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവൾ ആണ് അദ്ദേഹത്തിന്റെ അമ്മ മിനി. അദ്ദേഹത്തിന്റെ അച്ഛൻ മലയാള നാടക വേദിക്ക് മറക്കാനാവാത്ത പേരാണ്– ടി.എൻ.ഗോപിനാഥൻ നായർ. മുത്തഛന്മാരും പേരുകേട്ടവർ തന്നെ–പ്രശസ്ത കവി കുറ്റിപ്പുറത്ത് കേശവൻനായരും സാഹിത്യനിരൂപകൻ സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ളയും.
ഇത്ര വലിയ മേൽവിലാസങ്ങളുമായി പിറന്നു വീണതുകൊണ്ട് തന്നെ ഞരമ്പുകളിൽ എഴുത്തും നാടകവും അഭിനയവുമൊക്കെയാണ് ഒഴുകുന്നതെന്നു സ്കൂളിൽ പഠിക്കുമ്പോഴേ രവി ഉറപ്പിച്ചിരുന്നു. സീരിയലിലെ ‘മമ്മൂക്ക’ എന്നു പലരും വിളിക്കുന്ന രവി വള്ളത്തോളിലേക്കു രവിയെന്ന കുട്ടി വളർന്നു. ഇത്രവലിയ മേൽവിലാസം ഒരു ഭാരമായോ എന്നു ചോദ്യം ഉയരുമ്പോഴൊക്കെ അദ്ദേഹം മറുപടി പറഞ്ഞിരുന്നത് ഇങ്ങനെയാണ്.
‘ഈ പൈതൃകം ഒരു ഭാഗ്യമല്ലേ ? എന്റെ മുത്തച്ഛന്മാർ എഴുതിയ കാര്യങ്ങളാണ് സ്കൂളിൽ ഞാൻ പഠിച്ചത്. സാഹിത്യകാരന്മാരും നടന്മാരുമെല്ലാം വീട്ടിലെ നിത്യസന്ദർശകർ. കുട്ടികൾക്കും അധ്യാപകർക്കും എന്നോടു വലിയ താൽപര്യമായിരുന്നു. ഇതിന് ഒരുപാട് ഗുണവും ദോഷവും ഉണ്ട്. ഈ പാരമ്പര്യം കൊണ്ട് എനിക്ക് ചാൻസുകൾ കിട്ടുന്നു എന്നായിരുന്നു പ്രധാന ആരോപണം. പക്ഷേ ഒരിക്കലും അവസരത്തിനുവേണ്ടി ഇതൊന്നും ഉപയോഗിച്ചില്ല. മാത്രമല്ല, എത്രയോ പേർക്ക് അഭിനയിക്കാൻ അവസരം ഉണ്ടാക്കിയിട്ടുമുണ്ട്. ഈ പൈതൃകത്തിലൊന്നും പുതിയ തലമുറയ്ക്ക് ഒരു താൽപര്യവുമില്ല. മലയാളത്തെക്കുറിച്ചും മലയാളിയെക്കുറിച്ചും അറിയാൻ ശ്രമിക്കാത്തവരാണ് അവരിൽ പലരും.’
അകാലത്തിൽ മരിച്ചു പോയ അമ്മയെക്കുറിച്ചുള്ള ഒാർമകൾ അദ്ദേഹം അയവിറക്കുന്നത് ഇങ്ങനെയാണ്. ‘രാജകുമാരിയെപ്പോലെയാണ് ഞാൻ മിനിയെ നോക്കിയിരുന്നതെന്ന് ’അച്ഛൻ പറയുമായിരുന്നു. സത്യമായിരുന്നു അത്. വീട്ടിലെ എല്ലാം അമ്മയായിരുന്നു. അച്ഛൻ നാടകവുമായുള്ള യാത്രയിലായിരുന്നു. ഞാൻ എത്രാം ക്ലാസിലാണെന്നു പോലും അച്ഛന് അറിയുമായിരുന്നില്ല. അച്ഛൻ തൊട്ട ചന്ദനപ്പൊട്ടു പോലും ശരിയാണോ എന്നറിയാൻ അമ്മ വേണമായിരുന്നു. പാവം, വെറ്റിലയുടേയും പാക്കിന്റെയും വരെ കണക്കെഴുതി സൂക്ഷിച്ചു. ഇതിനിടയിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാൻ മറന്നു പോയി.’
‘എനിക്ക് ഒരു ജ്യേഷ്ഠനുണ്ടായിരുന്നു. രഘുനന്ദനൻ. കുട്ടിക്കാലത്തു തന്നെ അവൻ മരിച്ചു. അതിനുശേഷം അമ്മയ്ക്ക് എന്നെക്കുറിച്ച് വലിയ പേടിയായിരുന്നു. രാത്രി എഴുന്നേറ്റ് കട്ടിലിന്റെ അടിയിലൊക്കെ തിരയും. ബി.പിയുടെ മരുന്ന് മുടക്കരുതെന്ന് ഡോക്ടർമാർ പറയുമായിരുന്നെങ്കിലും അതിലൊന്നും അമ്മയ്ക്ക് ഒരു ശ്രദ്ധയുമില്ലായിരുന്നു. ഞാൻ ബി.എസ്.സി കഴിഞ്ഞ് ഐ.എഫ്.എസിന്റെ ട്രെയിനിങ്ങിനു പോവുന്ന കാലം. അമ്മ അപ്പോൾ മലപ്പുറം തിരൂരിലുള്ള തറവാട്ടിലായിരുന്നു. അമ്മയ്ക്ക് എന്നെ കാണണമെന്നു പറയുന്നുണ്ടെന്നു പറഞ്ഞ് ഫോൺ വന്നതോടെ ഞാനും തിരൂരിലേക്ക് പോയി. ആ രാത്രികളിൽ ഉറങ്ങാതിരുന്ന് ഭാവിയിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമ്മ പറഞ്ഞു തന്നു. പത്താം ക്ലാസിൽ പഠിക്കുന്ന അനുജത്തി മീനാക്ഷിയുടെ വിവാഹം, അനുജൻ നന്ദകുമാറിന്റെ പഠനം. ദിവസങ്ങൾക്കു ശേഷം അമ്മയും അഛനും തിരുവനന്തപുരത്തേക്ക് തിരിച്ചു പോവാനൊരുങ്ങി. തിരുവനന്തപുരത്തേക്കാൾ എനിക്കിഷ്ടം അമ്മയുടെ നാടായ മലബാർ ആയിരുന്നു. അതുകൊണ്ട് കുറച്ചു ദിവസം കൂടി തറവാട്ടിൽ നിൽക്കാനായിരുന്നു എന്റെ തീരുമാനം. റോസും വയലറ്റും പൂക്കളുള്ള സാരിയുടുത്ത് അമ്മ കാറിൽ കയറി.‘ നീ കൂടി വാ’ എന്നു പിന്നെയും വിളിച്ചു. എന്നിട്ടു ടാറ്റാ തന്ന് അമ്മ യാത്രയായി. പിന്നെ ഞാൻ കാണുന്നത് നിലവിളക്കിന്റെ മുന്നിൽ ഉറങ്ങിക്കിടക്കുന്ന അമ്മയെയാണ്.’
ഭാര്യ ഗീതാലക്ഷ്മിയെക്കുറിച്ചു പറയുമ്പോഴും രവി വള്ളത്തോളിന് നൂറു നാവായിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും അദ്ദേഹം ഒരിക്കൽ പറഞ്ഞതിങ്ങനെ. ‘കാഞ്ഞിരപ്പള്ളിക്കാരി ഗീതയുടെ വിവാഹാലോചന മൂന്നു പേരാണ് കൊണ്ടുവന്നത്. ഒരേ ആലോചന മൂന്നു വഴിയിലൂടെ വന്നപ്പോൾ എല്ലാവർക്കും താൽപര്യം. ഇതൊരു മുജ്ജന്മത്തിന്റെ തുടർച്ചയാണെന്ന തോന്നൽ. ആ സമയത്ത് ഞാൻ ലൈബീരിയയിൽ അധ്യാപകനായിരുന്നു. വിവാഹശേഷം ആഫ്രിക്കയിലേക്ക് തിരിച്ചു പോയില്ല. കോട്ടയത്ത് ഒരു കമ്പനിയിൽ ജോലി ലഭിച്ചു. മക്കൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്നു ജാതകം നോക്കി വലിയച്ഛൻ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കുട്ടികൾ എത്രയും പെട്ടെന്നു വേണമെന്ന് ഞങ്ങൾക്കും ധൃതിയായിരുന്നു. പക്ഷേ, പിന്നീട് ആ സത്യം തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവില്ല. അത് ദൈവവിധിയായി കരുതി മുന്നോട്ടു പോയി. ആ സത്യം ഞങ്ങൾ അംഗീകരിച്ചു.’
‘ആയിടക്കാണ് അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഞാനും ഗീതയും കാശിയിലേക്കു പോവുന്നത്. അവിടെ വച്ച് ബലികർമ്മങ്ങൾ ചെയ്യിക്കുന്നയാൾ, ഒരിക്കലും ഞങ്ങൾക്ക് കുട്ടികളുണ്ടാവില്ലെന്നറിഞ്ഞതോടെ പറഞ്ഞു.‘‘ പും എന്ന നരകത്തിൽ നിന്ന് പിതാവിനെ മറുകര കടത്തുന്നവനാണ് പുത്രൻ. മക്കളുണ്ടാവില്ലെന്നുറപ്പാണെങ്കിൽ നിങ്ങൾ ആത്മബലിയിടണം’’. ഞങ്ങൾ ഞങ്ങൾക്കു തന്നെ ബലിയിടാൻ തീരുമാനിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ആ ചടങ്ങിൽ വച്ച് ജീവിതത്തിൽ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചു. ഒടുവിൽ കണ്ണീരും ആത്മാക്കളും ഒഴുകുന്ന ഗംഗയിലേക്ക് ഇറങ്ങി. പരസ്പരം കൈകൾ ചേർത്തുപിടിച്ചു മൂന്നുപ്രാവശ്യം മുങ്ങി നിവർന്നു. പിന്നെ ചെറിയ കുട്ടികളെപ്പോലെ വാ വിട്ടു കരഞ്ഞു. ഇവിടെ ഈ ജന്മം പരമ്പരകളില്ലാതെ അവസാനിക്കുകയാണ്.’
സീരിയലിൽ ഒരുകാലത്ത് സജീവമായിരുന്ന രവി വള്ളത്തോൾ പക്ഷേ ഒരുപാട് സിനിമകളിലൊന്നും അഭിനിയിച്ചിട്ടില്ല. സീരിയലിൽ ഒതുങ്ങിപ്പോയതിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘എന്തിനാണ് അങ്ങനെ തോന്നുന്നത്? എനിക്ക് കംഫർട്ടബിൾ ആയ ആളുകളുടെ കുടെ മാത്രമേ എനിക്കു ജോലി ചെയ്യാനാവൂ. എനിക്ക് എന്റേതായ ഒരു ഏരിയ ഉണ്ട്. കഥാപാത്രങ്ങളുണ്ട്. അതിൽ ഞാൻ സംതൃപ്തനാണ്. അച്ഛൻ പറഞ്ഞു തന്നത് അഭിനയിക്കാൻ ആരുടെ മുന്നിലും അപേക്ഷിക്കരുതെന്നാണ്. അതു പാലിക്കുന്നു. ആദ്യ സീരിയലായ വൈതരണിയുടെ കഥ അച്ഛന്റേതായിരുന്നു. സംവിധാനം പി.ഭാസ്കരൻ മാഷ്. അതിൽ തയ്യൽക്കാരന്റെ വേഷമായിരുന്നു. പിന്നെ ഒട്ടേറെ സീരിയലുകൾ. നന്മയുള്ള കഥാപാത്രങ്ങളായിരുന്നു എനിക്ക് കിട്ടിയതിൽ അധികവും. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി പുരസ്കാരങ്ങൾ. അടൂർ സാറിന്റെ മതിലുകളിലൂടെയാണ് ആദ്യം സിനിമയിൽ മുഖം കാണിക്കുന്നത്. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ പല സിനിമകളിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചു.’
‘സീരിയലിലും സിനിമയിലുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. ഇതിനിടയിൽ മുള്ളുകൊണ്ടു നീറിയതും റോസാപൂക്കൾ കൊണ്ട് തഴുകിയതുമായ എത്രയോ അനുഭവങ്ങൾ. ഈ റോൾ നിനക്കു വേണ്ടിയാണ് എഴുതിയതെന്നു പറഞ്ഞ സംവിധായകർ, പിന്നീട് വിളിക്കുമ്പോൾ എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അവഗണിക്കുന്നതിൽ ദുഖമേയില്ല. കാരണം, ഞാൻ മണ്ണിലാണ് നിൽക്കുന്നത്. താരാകാശം എന്നെ മോഹിപ്പിക്കുന്നേയില്ല. അതുകൊണ്ട് ഡിപ്രഷനുമില്ല. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാനാവാത്തതിൽ എനിക്കു സങ്കടം തോന്നിയിട്ടുണ്ട്. സത്യന്റെ ഗ്രാമീണ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ സ്വാഭാവവുമായി ചേർന്നു നിൽക്കുന്നതുകൊണ്ടാവാം അത്. ഒരു ഗുണ്ടയായോ, മസിൽപ്പെരുപ്പിച്ചു നിൽക്കുന്ന പൊലീസായോ എനിക്കു അഭിനയിച്ചു തകർക്കാനാവില്ല. കാരണം,എന്റെ മനസ്സ് അങ്ങനെയല്ല.’
‘പക്ഷേ, ഞാൻ സിനിമ ചെയ്തിരിക്കുന്നത് പ്രമുഖർക്കൊപ്പമാണ്. എം.ടി.യുടേയും അടൂരിന്റെയും സിബിമലയിലിന്റെയുമൊക്കെ സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ഞാൻ ഇവിടെ സീരിയലുകളിലും അഭിനിയിക്കുന്നു. അപ്പോൾ ഒരുപോലുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നു പറയാനാവുമോ ? യഥാർത്ഥത്തിൽ ഇതൊരു വ്യത്യസ്തതയാണ്. എല്ലാം വെട്ടിപ്പിടിക്കണം എന്ന് എനിക്കാഗ്രഹമിമില്ല. അതുകൊണ്ടു തന്നെ എന്റെ മനസ്സിനെ വേദനിപ്പിക്കാതെ പുതിയ ഉടുപ്പു പോലെ സൂക്ഷിക്കാൻ കഴിയുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പ് സാർ അവസാനകാലങ്ങളിൽ എപ്പോഴും ചൊല്ലിയിരുന്ന രണ്ടുവരി കവിത എനിക്കോർമ്മ വരുന്നു.’
‘മുരളീരാഗ മുഖനാം ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും, വാതിൽ പൂട്ടാതെ ആ ക്ഷണം’’
ഞാനും കാത്തിരിക്കുകയാണ് ആ ‘ഗായകനെ’.