മക്കളുമായി ആലോചിച്ചെടുത്ത തീരുമാനം: വിവാഹവാർത്തയിൽ യമുന

Mail This Article
വിവാഹവാർത്തയിൽ പ്രതികരിച്ച് നടി യമുന. രണ്ട് മക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും സുഹൃത്ത് വഴിയാണ് വിവാഹാലോചന വന്നതെന്നും വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ യമുന വെളിപ്പെടുത്തി.
‘കഴിഞ്ഞ ഏഴാം തീയതി മൂകാംബികയിൽ വച്ചായിരുന്നു വിവാഹം. ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ്. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റാണ്’’. – യമുന പറഞ്ഞു.
‘‘ആറു മാസം മുൻപേ ഈ ആലോചനയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉടൻ മറ്റൊരു വിവാഹത്തിന് ഞാൻ താൽപര്യം കാണിച്ചിരുന്നില്ല. കൊറോണയുടെ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ സുഹൃത്തുക്കൾ വീണ്ടും നിർബന്ധിച്ചു. രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെൺകുട്ടികളെ വളർത്തിയെടുക്കുമ്പോൾ പലരേയും പല ആവശ്യങ്ങൾക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അതു പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്നു തോന്നിത്തുടങ്ങിയത്’’.– യമുന പറയുന്നു.
എന്റെ മൂത്ത മോൾ ഇപ്പോൾ പത്താം ക്ലാസിലാണ്. അവൾ വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. ധാരാളം വായിക്കും. എഴുതും. ഞങ്ങളുടെ ജീവിതത്തിൽ എന്തു തീരുമാനത്തിനും അവളുടെ അഭിപ്രായം കൂടി ഞാൻ ഗൗരവമായി പരിഗണിക്കാറുണ്ട്. എന്നെ പല കാര്യങ്ങളിലും ഉപദേശിക്കുന്നതും അവളാണ്. ഈ വിവാഹക്കാര്യം വന്നപ്പോൾ, ‘‘അമ്മ ഒറ്റയ്ക്കാവരുത്...’’ എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും,‘‘അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം’’ എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി.
‘ഞാനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ്. മക്കൾ എന്റെ അമ്മയ്ക്കൊപ്പവും. ഞാൻ രണ്ടിടത്തായി നിൽക്കും. മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ ഞാൻ മക്കൾക്കൊപ്പമാകും മുഴുവൻ സമയവും. അഭിനയരംഗത്തും സജീവമായി തുടരും.’–യമുന വ്യക്തമാക്കി.
നടിയുടെ രണ്ടാം വിവാഹമാണിത്. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.