ഏറെക്കാലം മോഹിച്ച ചിത്രം നേടി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വീട്ടിലെത്തിയ ലാൽ
കാൽതൊട്ടു നെറുകയിൽ വച്ചപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു: ‘അരുത്, വലിയ ആളാണ്’. മോഹൻലാൽ ഒന്നും മിണ്ടിയില്ല. നമ്പൂതിരി കൈപിടിച്ചു കുട്ടിയെപ്പോലെയാണ് അകത്തേക്കു കൊണ്ടുപോയത്. അടുത്തു പിടിച്ചിരുത്തുമ്പോൾ പറഞ്ഞു: ‘വരുമെന്നു കരുതിയില്ല. കൊടുത്തയയ്ക്കാമെന്നാണു വിചാരിച്ചത്’. ലാൽ ഒരു ചിത്രവും തേടി
കാൽതൊട്ടു നെറുകയിൽ വച്ചപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു: ‘അരുത്, വലിയ ആളാണ്’. മോഹൻലാൽ ഒന്നും മിണ്ടിയില്ല. നമ്പൂതിരി കൈപിടിച്ചു കുട്ടിയെപ്പോലെയാണ് അകത്തേക്കു കൊണ്ടുപോയത്. അടുത്തു പിടിച്ചിരുത്തുമ്പോൾ പറഞ്ഞു: ‘വരുമെന്നു കരുതിയില്ല. കൊടുത്തയയ്ക്കാമെന്നാണു വിചാരിച്ചത്’. ലാൽ ഒരു ചിത്രവും തേടി
കാൽതൊട്ടു നെറുകയിൽ വച്ചപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു: ‘അരുത്, വലിയ ആളാണ്’. മോഹൻലാൽ ഒന്നും മിണ്ടിയില്ല. നമ്പൂതിരി കൈപിടിച്ചു കുട്ടിയെപ്പോലെയാണ് അകത്തേക്കു കൊണ്ടുപോയത്. അടുത്തു പിടിച്ചിരുത്തുമ്പോൾ പറഞ്ഞു: ‘വരുമെന്നു കരുതിയില്ല. കൊടുത്തയയ്ക്കാമെന്നാണു വിചാരിച്ചത്’. ലാൽ ഒരു ചിത്രവും തേടി
കാൽതൊട്ടു നെറുകയിൽ വച്ചപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു: ‘അരുത്, വലിയ ആളാണ്’. മോഹൻലാൽ ഒന്നും മിണ്ടിയില്ല. നമ്പൂതിരി കൈപിടിച്ചു കുട്ടിയെപ്പോലെയാണ് അകത്തേക്കു കൊണ്ടുപോയത്. അടുത്തു പിടിച്ചിരുത്തുമ്പോൾ പറഞ്ഞു: ‘വരുമെന്നു കരുതിയില്ല. കൊടുത്തയയ്ക്കാമെന്നാണു വിചാരിച്ചത്’. (പുനപ്രസിദ്ധീകരിച്ചത്)
ലാൽ ഒരു ചിത്രവും തേടി വന്നതാണ്. ഏറെക്കാലം മോഹിച്ചൊരു ചിത്രം. നമ്പൂതിരി വരച്ച കാമദേവന്റെ ചിത്രം വേണമെന്നായിരുന്നു ലാലിന്റെ മോഹം. പക്ഷേ, കാമദേവൻ അരൂപിയാണ്. അതുകൊണ്ടുതന്നെ കവിതകളിലേക്ക് ഇറങ്ങിവരുന്നതുപോലെ കാൻവാസിലേക്ക് ഇറങ്ങിവന്നില്ല. 10 വർഷം മുൻപാണു നമ്പൂതിരിയോട് ലാൽ ഇതു പറയുന്നത്. പലയിടത്തും ചുറ്റിക്കറങ്ങിയ കാമരൂപൻ അരൂപിയായിത്തന്നെ നിന്നു. അതോടെ, നമ്പൂതിരി ഗന്ധർവനെ ക്ഷണിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയും ഗന്ധർവനും തമ്മിലുളള പ്രണയം തുടങ്ങിയിട്ട് ഏറെ നാളായി. പത്മരാജന്റെ ‘ഞാൻ ഗന്ധർവനി’ലെ ഗന്ധർവന്റെ വേഷവും രൂപവും തീരുമാനിച്ചതു നമ്പൂതിരിയാണ്.
പിന്നെയും ഏറെനാൾ കാത്തിരുന്നു. അടുത്തകാലത്തു കണ്ടപ്പോൾ നമ്പൂതിരി ഉറക്കെച്ചിരിക്കുക മാത്രം ചെയ്തു. ലോക്ഡൗൺകാലത്തു നമ്പൂതിരി ഒരുദിവസം വെളുപ്പിന് അഞ്ചു മണിയോടെ ഗന്ധർവനെ വരയ്ക്കാൻ തുടങ്ങി. കുറെ വരച്ചപ്പോൾ തോന്നി കാൻവാസിനു വലുപ്പം പോരെന്ന്. വലിയ കാൻവാസ് മിക്ക കടകളിലും തീർന്നുപോയിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ വരികയുമില്ല. അവസാനം തൃശൂർ ആർട് സെന്ററിൽ നോക്കിയപ്പോൾ നമ്പൂതിരിയെക്കാത്ത് ഒരു വലിയ കാൻവാസിരിക്കുന്നു.
നാലു മാസത്തോളം നമ്പൂതിരി ഗന്ധർവനെ വരച്ചുകൊണ്ടിരുന്നു. പലതവണ മുഖം മാറ്റിവരച്ചു. ഒരുദിവസം ലാലിനെ വിളിച്ചുപറഞ്ഞു: ‘വന്നു കണ്ടാൽ ഇതു മതിയോ എന്ന് അറിയാമായിരുന്നു’. പക്ഷേ, ലാൽ പറഞ്ഞു, തീർന്നാൽ വരാമെന്ന്. അങ്ങനെ ദിവസം തീരുമാനിച്ചു.
സൂര്യനുദിച്ച് ഏറെച്ചെല്ലും മുൻപ് ലാൽ എടപ്പാൾ നടുവട്ടത്തെ നമ്പൂതിരിയുടെ കരുവാട്ടുമനയിലെത്തി. അത്ര നേരത്തേ നമ്പൂതിരി ലാലിനെ പ്രതീക്ഷിച്ചിരുന്നില്ല. ‘അങ്ങേക്ക് ദക്ഷിണ തന്ന് ഇതു കൊണ്ടുപോകുന്നത് എന്റെ ഭാഗ്യം’. എത്രയോ സുന്ദരിമാരെയും സുന്ദരന്മാരെയും വരച്ച് കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സിലിട്ടാട്ടിയുലച്ച വിരലുകളിൽ ലാൽ തൊട്ടുനോക്കി. പിന്നെ അതു നെറ്റിയിൽ ചേർത്തുവച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും പൊറ്റെക്കാട്ടിനെക്കുറിച്ചും എം.ടി.വാസുദേവൻ നായരെക്കുറിച്ചും സംസാരിച്ചു. പണ്ടു വരച്ചിരുന്ന ചിത്രങ്ങളെക്കുറിച്ചു പറഞ്ഞു. കറുപ്പും വെളുപ്പും വരകൾക്കിടയിലൂടെ വന്നു മോഹിപ്പിച്ച വേഷങ്ങളെക്കുറിച്ചു പറഞ്ഞു ചിരിച്ചു.
‘തന്റെ ഗന്ധർവനെ കാണാം’ – നമ്പൂതിരി പറഞ്ഞു.
‘ഗന്ധർവൻ സാറിന്റേതാണ്. ഞാനതിന്റെ സൂക്ഷിപ്പുകാരനും’ എന്ന് ലാൽ.
നടുമുറ്റത്തോടു ചേർന്നുള്ള കൊച്ചുമുറിയിലാണു ഗന്ധർവൻ ജനിച്ചത്. സാധാരണ വരയ്ക്കുന്ന മുറിയിൽ വലിയ കാൻവാസ് വയ്ക്കാൻ സ്ഥലമില്ല. നമ്പൂതിരിയുടെ തോളോടുതോൾ ചേർന്നുനിന്നു ലാൽ ഗന്ധർവനെ കണ്ടു. ‘എന്തെങ്കിലും കുഴപ്പമുണ്ടോ?’ – നമ്പൂതിരി ചോദിച്ചു.
‘അങ്ങനെയൊന്നും ചോദിക്കരുത്. അതു പറയാൻ ഞാനാരാണ്? എനിക്കിതു വരച്ചു കിട്ടിയതേ പുണ്യവും ഭാഗ്യവും. സത്യത്തിൽ ഇതൊക്കെയാണ് എന്റെ ഗുരുത്വം’ – ലാൽ പറഞ്ഞു.
അവിടെയിരുന്ന് ലാലും നമ്പൂതിയും ഗന്ധർവനെയും യക്ഷിയെയും കിന്നരന്മാരെയും കുറിച്ചു സംസാരിച്ചു. ഇടയ്ക്കു ചെവിയിൽ സ്വകാര്യം പറഞ്ഞ് പരസ്പരം ചേർന്നിരുന്നു ചിരിച്ചു. കിന്നരന്മാരുടെ പല്ലു കുറച്ച് അകന്നു നിൽക്കുമത്രെ. ഗന്ധർവന്മാർ നിലംതൊടില്ല, ഒഴുകിനടക്കുന്ന പാട്ടുകാരാണ്. കിന്നരന്മാർ എപ്പോൾ വേണമെങ്കിലും വേഷം മാറും. ‘താനും കിന്നരനാണ്’ – നമ്പൂതിരി പറഞ്ഞു. ‘വരച്ച കിന്നരന്റ അത്ര വരില്ല’, ലാൽ ചിരിച്ചു.
അകത്തെ മുറിയിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തർജനത്തെ പോയി കണ്ടു. അവർ ലാലിന്റെ ഭാര്യ സുചിത്രയുടെ അച്ഛൻ ബാലാജിയുടെ കുടുംബസുഹൃത്താണ്. അവരുടെ തറവാട്ടിൽ പലതവണ പോയിട്ടുണ്ട്. സുചിത്രയെ കണ്ടിട്ടുണ്ട്. ‘സുചിത്രയോട് അന്വേഷിച്ചതായി പറയണം’ – അന്തർജനം പറഞ്ഞു.
പിന്നെയും ഏറെനേരം സംസാരിച്ചു. ‘രാവണപ്രഭുവിലെ അച്ഛനെപ്പോലൊരു വേഷം ഞാൻ കണ്ടിട്ടില്ല. അതു ശരിക്കും അരങ്ങായിരുന്നു. ശരീരഭാഷ മാറുക എന്നതു ശരിക്കും വേറൊരാളായി മാറുന്നതുപോലെയാണ്. അവിടെയാണു നടനെ തിരിച്ചറിയുന്നത്. ബാക്കിയെല്ലാം വേഷങ്ങളാണ്. ഇതിനെ ഗംഭീരം എന്നു പറഞ്ഞാൽ അതിനപ്പുറത്തു ഗംഭീരമില്ല’ – നമ്പൂതിരി പറഞ്ഞു.
ഇത് അങ്ങയുടെ നാവിൽനിന്നു കേൾക്കാൻ കൂടിയാണ് എന്നെ ഇവിടെ ഈ സമയത്തു വരുത്തിയത് എന്നു ലാൽ. കൂടിക്കാഴ്ച അവസാനിക്കുകയാണ്. അവിടെയുണ്ടായിരുന്ന കുറെ ചിത്രങ്ങൾകൂടി അദ്ദേഹം ലാലിനു സമ്മാനിച്ചു. ‘താനിതു സൂക്ഷിക്കുമെന്നറിയാം. എനിക്കതിനു കഴിവില്ല.’ നമ്പൂതിരി ഗേറ്റിനടുത്തു വന്നു കൈവീശി.
കാറിലിരിക്കുമ്പോൾ ലാൽ പറഞ്ഞു, ‘പോരുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞതായി എനിക്കു തോന്നി. ചിലപ്പോൾ എന്റെ തോന്നലാകാം.’ മടിയിൽ നമ്പൂതിരിയുടെ കുറെ സ്കെച്ചുകൾ.
‘96 വയസ്സിലാണ് അദ്ദേഹം എനിക്കുവേണ്ടി ഈ വലിയ ചിത്രം വരച്ചുതന്നത്. അതും രാത്രിയും പകലും നീണ്ട വര. ഇരുന്നാൽ വരയ്ക്കാനാകില്ല. അദ്ദേഹം നിന്നാണു കുറെഭാഗം വരച്ചത്. വെളുപ്പിന് എത്രയോ തവണ മാറ്റിമാറ്റി വരച്ചു. ഈ പ്രായത്തിലും കൈകൾ വിറയ്ക്കുന്നില്ല, വാത്സല്യത്തോടെ മനസ്സിലുള്ളതെല്ലാം വരച്ചുകൊടുക്കാൻ വിരലുകളിൽ ബ്രഷ് കാത്തുനിൽക്കുന്നു. ഇടയ്ക്കു വിരൽതന്നെ ബ്രഷാകുന്നു. ആ വിരലുകളിൽ തൊടാൻ പറ്റുന്നതുതന്നെ പുണ്യം. ഒരുപാടു ഭാഗ്യങ്ങൾ അഭിനയജീവിതം എനിക്കു തന്നിട്ടുണ്ട്. അതിലൊന്നാണ് ഈ സ്നേഹബന്ധം. നാലുവർഷം കഴിയുമ്പോൾ നമ്പൂതിരി സാറിനു 100 വയസ്സാകും. അപ്പോഴും ചിലപ്പോൾ എനിക്കുവേണ്ടി വരച്ചൊരു ചിത്രവുമായി അദ്ദേഹം പൂമുഖത്തു കാത്തുനിൽപുണ്ടാകും. നമുക്കു വരണം’.
കരുവാട്ടുമനയിലേക്കുള്ള വഴിയിലെ കൊന്ന നേരത്തേ പൂത്തിരിക്കുന്നു. വഴിയിൽ പലയിടത്തും നിറയെ മഞ്ഞപ്പൂക്കൾ വീണുകിടക്കുന്നു. ഗന്ധർവൻ പൂക്കളായി പെയ്തിറങ്ങിയതുപോലെ. ഗന്ധർവന്മാർ പൂവായും പൂമ്പാറ്റയായും വരുമത്രെ!