ചിത്രഗന്ധർവൻ
" നാലു റോഡുകളുടെ ആ സന്ധിസ്ഥലം ഇപ്പോൾ ശൂന്യമാണ് . ഒറ്റ മനുഷ്യജീവി പോലുമില്ല. എങ്ങോട്ടും കൈ ചൂണ്ടിപ്പലകകളില്ല.അയാൾ എവിടേക്കാണ് പോയത് ? ആകാശം വഴി കാണിക്കുന്നില്ല.കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ്, ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും
" നാലു റോഡുകളുടെ ആ സന്ധിസ്ഥലം ഇപ്പോൾ ശൂന്യമാണ് . ഒറ്റ മനുഷ്യജീവി പോലുമില്ല. എങ്ങോട്ടും കൈ ചൂണ്ടിപ്പലകകളില്ല.അയാൾ എവിടേക്കാണ് പോയത് ? ആകാശം വഴി കാണിക്കുന്നില്ല.കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ്, ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും
" നാലു റോഡുകളുടെ ആ സന്ധിസ്ഥലം ഇപ്പോൾ ശൂന്യമാണ് . ഒറ്റ മനുഷ്യജീവി പോലുമില്ല. എങ്ങോട്ടും കൈ ചൂണ്ടിപ്പലകകളില്ല.അയാൾ എവിടേക്കാണ് പോയത് ? ആകാശം വഴി കാണിക്കുന്നില്ല.കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ്, ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും
" നാലു റോഡുകളുടെ ആ സന്ധിസ്ഥലം ഇപ്പോൾ ശൂന്യമാണ് . ഒറ്റ മനുഷ്യജീവി പോലുമില്ല. എങ്ങോട്ടും കൈ ചൂണ്ടിപ്പലകകളില്ല.അയാൾ എവിടേക്കാണ് പോയത് ? ആകാശം വഴി കാണിക്കുന്നില്ല.കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ്, ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും നിൽക്കുന്ന കാലവിരാമം ഒന്നിനും ഉത്തരം തരികയില്ല."- ഋതുഭേദങ്ങളുടെ പാരിതോഷികം, പി. പത്മരാജൻ
"കെ.ജി.ജോർജ് അടക്കമുള്ള പല ചലച്ചിത്രപ്രവർത്തകരോടും ഒരുപാട് ബഹുമാനമുണ്ടെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടം പത്മരാജനെയാണ്. കാരണം അത്രത്തോളം consistency of excellence പുലർത്തിയ മറ്റൊരു മലയാള സിനിമാസംവിധായകനുണ്ടാവില്ല."
ചങ്ങനാശേരി എസ്.ബി. കോളജിലെ ഇംഗ്ലിഷ് അധ്യാപകനായ ജോസി ജോസഫ് ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഇത് പറഞ്ഞത് ഇന്നലെയാണ്. ഇന്ന് പത്മരാജന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണെന്ന കാര്യമൊന്നും ഓർക്കാതെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഒന്നോർത്തു നോക്കിയപ്പോൾ ശരിയാണ്.വാണിജ്യത്തിന്റെ വീക്ഷണത്തിൽ മാത്രം നോക്കിയാൽ വിജയിക്കാതെ പോയ ഒരുപാട് സിനിമകൾ പത്മരാജന്റേതായി പുറത്ത് വന്നിരിക്കാം. പക്ഷേ കലയുടെ കണ്ണിലൂടെ നോക്കിയാൽ കൈവിട്ടു പോയതെന്നു കരുതാവുന്ന സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല ആ കലാകാരൻ.
ജോസി സാറിന്റെ നിരീക്ഷണം നൂറു ശതമാനം സത്യമാണ്. കളിക്കളത്തിൽ സിംഗിൾ ഓടിയെടുക്കാൻ പാടുപെടാതെ സിക്സും ഫോറും മാത്രം അടിച്ചു കൂട്ടാൻ താല്പര്യപ്പെട്ടിരുന്ന കരീബിയൻ ക്യാപ്റ്റൻ സർ ഗാർഫീൽഡ് സോബേഴ്സിനെപ്പോലെയായിരുന്നു സിനിമാസംവിധായകനായ പത്മരാജൻ.ഒരു വ്യാഴവട്ടക്കാലത്തിനുള്ളിലാ ചലച്ചിത്രഗന്ധർവൻ പടുത്തുയർത്തിയ പതിനെട്ട് പടങ്ങളിൽ പാഴെന്നു പറയാൻ ഏതാണുള്ളത് ? 1984 - ൽ പുറത്തിറങ്ങിയ പറന്നു പറന്നു പറന്ന് എന്ന പടത്തെക്കുറിച്ച് മാത്രമാകാം അങ്ങനെയൊരു പഴി പറയാൻ പഴുതുണ്ടാവുക. ബാക്കി പതിനേഴെണ്ണത്തിൽ ഏതാണ് നമ്മൾ തള്ളിക്കളയുക ? Consistency of excellence എന്ന വിശേഷണമല്ലാതെ മറ്റെന്താണാ ചലച്ചിത്രസപര്യക്ക് ചാർത്താൻ കഴിയുക ?
1979 - ൽ പെരുവഴിയമ്പലം, '81 - ൽ കള്ളൻ പവിത്രനും ഒരിടത്തൊരു ഫയൽവാനും, '82 - ൽ നവംബറിന്റെ നഷ്ടം, '83 - ൽ കൂടെവിടെ, '85 - ൽ തിങ്കളാഴ്ച നല്ല ദിവസവും ദേശാടനക്കിളി കരയാറില്ലയും, '86 - ൽ കരിയിലക്കാറ്റുപോലെയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും , '87 - ൽ നൊമ്പരത്തിപ്പൂവും തൂവാനത്തുമ്പികളും, '88 - ൽ അപരനും മൂന്നാം പക്കവും , '89 - ൽ സീസൺ, '90 - ൽ ഇന്നലെ, 1991 - ൽ ഞാൻ ഗന്ധർവ്വൻ. ഹൗ !!! ഈ സർഗ്ഗസാഗരത്തിന്റെ തിരയടിക്ക് Consistency of excellence എന്ന തലക്കെട്ട് തുന്നിയ പ്രിയപ്പെട്ട അധ്യാപകാ, നിങ്ങളുടെ നിറുകയിലൊരുമ്മ.
അലൈപായുതേ , അലൈപായുതേ....
അലയടിക്കുന്നു മനസ്സിലാകെയുമാ തിരയോർമ്മകൾ.
മറ്റു സംവിധായകർക്കു വേണ്ടി പത്മരാജൻ എഴുതിക്കൊടുത്ത പടങ്ങളുടെ പട്ടിക കൂടി വായിക്കുമ്പോഴാണ് നമ്മുടെ കണ്ണ് ബൾബായിപ്പോവുക. പ്രയാണം, ഇതാ ഇവിടെ വരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തിൽ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ലോറി, ഇടവേള, കൈകേയി, കാണാമറയത്ത്, ഒഴിവുകാലം, കരിമ്പിൻപൂവിനക്കരെ, ഈ തണുത്ത വെളുപ്പാൻ കാലത്ത്. ഇതിനു പുറമേ , പൂർത്തിയാക്കാത്ത ചില സിനിമയെഴുത്തുകൾ , ചെറുതും വലുതുമായ പതിന്നാലു നോവലുകൾ, സമാഹരിച്ചവയും അല്ലാത്തവയുമായി ഇരുന്നൂറിൽപ്പരം ചെറുകഥകൾ.ഭൂമിയിൽ 46 വർഷം തികച്ചു വാഴാതെ കടന്നു പോയ ഒരാൾ ആ കാലയളവിൽ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ കണക്കെടുത്താൽ ആർക്കാണ് കണ്ണ് തള്ളിപ്പോകാത്തത്.എഴുത്തിന്റെയാ ഗരുഡവേഗത്തെക്കുറിച്ചോർക്കുമ്പോൾ ഉദകപ്പോളയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഇരമ്പിയെത്തുന്നു.
"പറക്കും. ചിറകു മുളച്ചു കഴിഞ്ഞാൽ പിന്നെ പറക്കുകയല്ലാതെ വേറൊന്നും ചെയ്യാൻ പറ്റില്ലല്ലോ."
" പ്രശ്നമതല്ല. നമ്മൾ എങ്ങോട്ട് പറന്നു പോകും ?"
" ചിറകു വച്ചാൽ നമ്മൾ റെയിൽവേ സ്റ്റേഷനിലേക്ക് പറക്കുമോ ? "
" ഏയ് , ചിറകുള്ളവർക്ക് എന്തിനു തീവണ്ടികൾ ? തീവണ്ടിയാപ്പീസുകൾ ?"
" നമ്മൾ വേറെ എങ്ങോട്ടെങ്കിലുമൊക്കെ പറന്നു പോയേക്കും."
" ചിറകുള്ള എല്ലാവരും എങ്ങോട്ടെങ്കിലുമൊക്കെ പറന്നു നടന്നുകൊണ്ടേയിരിക്കും."
" അതിന്റെയൊരു ലഹരി അടങ്ങുന്നതുവരെ."
" അതെ , അതുവരെ മാത്രം."
ഉദകപ്പോളയിൽ നിന്ന് ഉരുവപ്പെട്ട തൂവാനത്തുമ്പികളിലെ ഒരു സീൻ മഴപോലെ ഇരച്ചു പെയ്തു വരുന്നുണ്ട്.
" ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ."
പിന്നെയെങ്ങനെ തുടങ്ങണമെന്നോർത്ത് ഒരു നിമിഷമിരുന്ന് അയാൾ എഴുതി.
പ്രിയപ്പെട്ട മകൾ ക്ലാരയ്ക്ക്,
പെട്ടെന്ന് പുറത്തൊരിടി വെട്ടി. ജയകൃഷ്ണൻ തല ഉയർത്തി നോക്കുമ്പോൾ ചീറ്റി വീണ ഒരു തൂവാനത്തിൽ കടലാസിന്മേലേക്ക് തുള്ളികൾ തെറിച്ചു വീണിരിക്കുന്നു. പുറത്തു മഴ തുടങ്ങിയിരിക്കുന്നു. അയാളുടെ മുഖവും നനഞ്ഞു. കടലാസിൻമേൽ വീണ തുള്ളികൾ ജയകൃഷ്ണൻ ടവ്വലിന്റെ തുമ്പു കൊണ്ട് ഒപ്പിയെടുത്തു. പിന്നെ അയാൾ ധൃതിയിൽ എഴുതിത്തുടങ്ങി.
ജയകൃഷ്ണന്റെ ശബ്ദം : നീ അയച്ച കത്തുകൾ വായിച്ചറിഞ്ഞ് സന്തോഷിക്കുന്നു.ദൈവകൃപയാൽ കർത്താവിന്റെ തിരുമണവാട്ടിയാകാൻ നിനക്കു ഭാഗ്യം സിദ്ധിച്ച വിവരം ഇതിനാൽ താത്പര്യപ്പെടുത്തിക്കൊള്ളുന്നു. നീയും നിന്റെ ഇളയമ്മയുമായി ഈ മാസം ഇരുപത്തിമൂന്നാം തീയതി ഇവിടെ മഠത്തിൽ വരണം.
ഒന്ന് ആലോചിച്ച് ഒരു കുസൃതി ഒപ്പിക്കുന്ന സുഖത്തോടെ ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
ജയകൃഷ്ണന്റെ ശബ്ദം : ഇളയമ്മയ്ക്കും വേണമെങ്കിൽ ഇവിടെ ഒന്നോ രണ്ടോ ദിവസം താമസിച്ചു മടങ്ങിപ്പോകാം.
( പിന്നെ എന്തെഴുതണമെന്നറിയാതെ ) കത്ത് അവസാനിപ്പിക്കുന്നത് പോലെ
എല്ലാംകൊണ്ടും നിന്റെ അഭ്യുന്നതിയിൽ ഞങ്ങളെല്ലാം ഉള്ളുകൊണ്ട് ആനന്ദിക്കുന്നു.
( ഒരു നിമിഷം കത്ത് ഒന്ന് ഓടിച്ചു നോക്കിയിട്ട് അയാൾ ബാലിശമായ ഒരു കുസൃതിയോടെ ധൃതിയിൽ എഴുതിച്ചേർത്തു.)
പോരുമ്പോൾ കുറച്ച് അച്ചപ്പമോ അവലോസ് പൊടിയോ കൂടി കൊണ്ടു പോരണേ.
അയാളാ കത്തു പൂർത്തിയാക്കി, പേന വച്ച്, കസേരയിലേക്ക് ചാഞ്ഞിരുന്നു. കത്തിലേക്ക് നോക്കിയിരിക്കുമ്പോൾ അയാളുടെ നോട്ടം ശൂന്യമാകുന്നു. വെളിയിലേക്ക് മഴത്തുള്ളികൾ -
ആർത്തു പെയ്യുന്ന മഴ.
കാറ്റിൽ ഇളകുന്ന കത്ത്.
അതിലേക്ക് തൂവി വീഴുന്ന ചെറിയ തുള്ളികൾ."
മഴയും ക്ലാരയുടെ മുഖവുമെല്ലാം ചേർന്ന് തിരയിൽ വിരിച്ചിട്ട വികാരപ്രപഞ്ചത്തെക്കുറിച്ച് പലരും ഒരുപാട് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും അത്ഭുതപ്പെടുത്തിയതും ജയകൃഷ്ണൻ എന്ന മദർ സുപ്പീരിയറിന്റെ കള്ളക്കത്തിലെ കടശ്ശിവരികളാണ്.
" പോരുമ്പോൾ കുറച്ച് അച്ചപ്പമോ അവലോസ് പൊടിയോ കൂടി കൊണ്ടു പോരണേ."
എന്തൊരു മാരകമായ റിയാലിറ്റിയാണതിന്. മാജിക്കൽ റിയലിസമല്ല , മറിച്ച് ഒരു എ വൺ ക്ലാസ് എഴുത്തുകാരനു മാത്രം സാധ്യമാക്കാൻ കഴിയുന്ന റിയാലിറ്റിയുടെ മാജിക്കാണ് ആ വരികളിൽ കിടന്ന് കുത്തിമറിയുന്നത്.
ഇതൊക്കെ എഴുതി വച്ച മനുഷ്യനെക്കുറിച്ച് ഇടയ്ക്കിടെ ഓർക്കുന്നതുകൊണ്ടാണ് "തിരക്കഥാകൃത്താണോ?" എന്ന് പലരും ചോദിക്കുമ്പോൾ " അല്ല , അധ്യാപകനാണ് " എന്ന് ഞാൻ പലപ്പോഴും മറുപടി കൊടുക്കാറുള്ളത്.എഴുത്തിന്റെ എവറസ്റ്റ്കളിൽ മാത്രം ആത്മാഭിമാനത്തോടെ വിഹരിച്ചയാ മനുഷ്യൻ എന്നെപ്പോലുള്ള എത്രയോ അധോതലജീവികളിൽ ഇപ്പോഴും അപകർഷത വിതച്ചു കൊണ്ടേയിരിക്കുന്നു.
" കന്യകേ നിന്നിൽ
മുളയ്ക്കാൻ പിട,ഞ്ഞിടി -
മിന്നലിൽനിന്നും
തെറിച്ച വിത്താണ് ഞാൻ "
ബാലചന്ദ്രൻ ചുള്ളിക്കാട് " ഗന്ധർവൻ " എന്ന പത്മരാജസ്മൃതിയിലെഴുതിയത് എത്ര സത്യം. പ്രതിഭയുടെ ഇടിമിന്നലായിരുന്നു പത്മരാജൻ. നൊമ്പരത്തിപ്പൂവായി മറഞ്ഞെങ്കിലും വാസ്തവത്തിലൊരു മിൻസാരപ്പൂവായിരുന്നയാൾ. മിൻസാരമെന്ന വാക്കിന്റെ സൗന്ദര്യത്തിനു പകരം നിൽക്കുന്നൊരു പദമില്ല മലയാളത്തിൽ. തൽക്കാലം നമുക്കതിന് പത്മരാജനെന്ന് പേര് വിളിക്കാം. സൗദാമിനീസമാനമായിട്ടപ്രത്യക്ഷമായെങ്കിലും ആ സർഗ്ഗജീവിതമവശേഷിപ്പിച്ച ആലക്തികസൗന്ദര്യം ഇന്നും നമ്മുടെ സിനിമാചക്രവാളത്തിലും സാഹിത്യാന്തരീക്ഷത്തിലും സഹസ്രസൂര്യദ്യുതി പരത്തി നിൽക്കുന്നത് നാം കാണുന്നുണ്ട്.പൂജപ്പുര രാധാകൃഷ്ണന്റെ "പാലപ്പൂ മണമൊഴുകുന്ന ഇടവഴികളിൽ" എന്ന പുസ്തകത്തിനൊടുവിലെ പേജുകളിലൊന്നിൽ ഷർട്ട് ധരിക്കാതെ കൈലി ഉടുത്തു കട്ടിലിൽ കിടക്കുന്ന പത്മരാജന്റെ ഒരു ചിത്രം കൊടുത്തിട്ടുണ്ട്. അതു കാണുമ്പോഴൊക്കെയും ഗന്ധർവ്വനിലെ വരികൾ മനസ്സിൽ മുളച്ചു പൊന്തും.
" നിന്നിൽ നിശ്ശേഷം
പകർന്നി പ്രപഞ്ചത്തി ലൊന്നുമില്ലാതെയൊഴിഞ്ഞു കിടന്നു ഞാൻ."
പത്മരാജന്റെ എഴുത്തും പടമെടുപ്പും മാത്രമല്ല തലയെടുപ്പും നടപ്പും നോട്ടവും പേച്ചും പെരുമാറ്റവും പുകവലിയുമടക്കം ആരാധനയോടെ നോക്കിക്കണ്ട ഒരുപാട് മനുഷ്യരുണ്ട്. എത്രയെത്ര പേർക്ക് എത്രയെത്ര കാര്യങ്ങൾ അതിനെക്കുറിച്ചൊക്കെ ഇനിയും പറയാനുണ്ടാകും. ഏതോ വിദേശ രാജ്യത്ത് നീളൻ കോട്ടൊക്കെ ധരിച്ചുനിന്ന് അസാധ്യ ലുക്കിൽ സിഗരറ്റിന് തീ പകരുന്നൊരു പത്മരാജൻ സ്റ്റില്ലുണ്ട് . നൂറുകണക്കിന് പത്മരാജപ്രിയന്മാരെ ആ ചിത്രം ഒരു കാരണവുമില്ലാതെ പുകവലിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അനന്തപത്മനാഭൻ തന്റെ അച്ഛനെക്കുറിച്ചെഴുതിയ " മകന്റെ ഓർമ്മകളി " ലെ ഈ വരികൾ ആ വാദത്തിന് സാക്ഷ്യം പറയട്ടെ.
" എന്തുകൊണ്ട് പുകവലിയിലേക്ക് ആകർഷിക്കപ്പെട്ടു ? ഒറ്റ ഉത്തരമേ ഉള്ളൂ.അച്ഛൻ സിഗരറ്റ് വലിക്കുന്നതിലെ ആ ചന്തം.എത്ര കലാപരമായി ആണ് ആ കൈകളിൽ സിഗരറ്റ് പുകഞ്ഞിരുന്നത്.അച്ഛൻ സിഗരറ്റ് ചുണ്ടോടടുപ്പിക്കുമ്പോൾ അതിന് കൈവരുന്ന അവാച്യസൗന്ദര്യം. പുക ഊതി വിടുന്നതിലെ അലസ രാജമുദ്ര. താടിരോമങ്ങൾക്കിടയിലൂടെ പുക ഒഴുകി നിറയുമ്പോൾ ഒരു ഈശ്വര പരിവേഷം ആ മുഖത്തിനു ചുറ്റും. അച്ഛൻ പുകവലിച്ചിറങ്ങുന്ന തളങ്ങൾക്ക് പോലും ഒരു പ്രത്യേക മണം തോന്നിയിരുന്നു. അച്ഛന്റെ പഴയ ചിത്രങ്ങൾ നോക്കുമ്പോൾ പലതിലും ഒരു പട നയിക്കുന്നവന്റെ ഒരു വശത്തു തൂങ്ങിനിൽക്കുന്ന ഉടവാളുറയുടെയോ ഒരു ഇംഗ്ലിഷ് പ്രഭുവിന്റെ കയ്യിലെ അധികാരചിഹ്നത്തിന്റെയോ പ്രൗഢിയോടെ സിഗരറ്റുകൾ കയ്യിൽ വിളങ്ങി നിൽപ്പുണ്ട്."
പത്മരാജനെ മനസ്സിൽ ധ്യാനിച്ച് സിനിമാസ്വപ്നങ്ങളാൽ പുകയുന്ന എത്രയോ മനുഷ്യരിത് വായിക്കുമായിരിക്കാം. പുക വലിച്ചോ വലിക്കാതെയോ ചലച്ചിത്രസ്വപ്നങ്ങളുടെ ചൂടിലെരിയുന്ന സുഹൃത്തുക്കളേ, നിങ്ങൾക്ക് സമാനഹൃദയനായൊരു പത്മരാജപ്രേമിയുടെ വിനീതമായ സലാം.
പൂജപ്പുര രാധാകൃഷ്ണന്റെ, പത്മരാജനെക്കുറിച്ചുള്ള പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ്. " ഇപ്പോഴും എനിക്കുള്ള സ്വകാര്യ അഹങ്കാരമാണ് പി.പത്മരാജൻ സാർ. 20 സിനിമകളിൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. അവശേഷിച്ച ജീവിതത്തിൽ ഓർക്കാൻ അതുമാത്രം മതി.ഇപ്പോഴും അതിരാവിലെ പൂജപ്പുരയിലെ ഇടവഴികളിലൂടെ നടക്കുമ്പോൾ ഒഴുകിവരാറുണ്ട് പാലപ്പൂവിന്റെ മണം. ഒരു നിമിഷം ഞാൻ തിരിഞ്ഞു നോക്കും. പിറകിൽ സാറുണ്ടോ എന്നറിയാൻ......"
പത്മരാജനെന്ന ചലച്ചിത്രഗന്ധർവ്വനെ ഇങ്ങനെ ഓർത്തെടുക്കാൻ കഴിയുന്ന കുറച്ചു പേരുണ്ടാകും. പക്ഷേ ഒരുനോക്ക് കണ്ടിട്ട് കൂടിയില്ലാത്ത അനേകായിരം പേർ ആ പേരിനെ ആത്മാർത്ഥമായി, അകമഴിഞ്ഞ് ആരാധിക്കുന്നുണ്ട്.അത്തരമാരാധകരുടെ അന്തമില്ലാത്ത പട്ടികയിൽ പെടുന്ന ഒരുവന് പറയാനുള്ളത് ഇത്രമാത്രമാണ് സാർ. നിങ്ങളിവിടെ കുറച്ചുകാലം കൂടി ഉണ്ടാകേണ്ടിയിരുന്നു.
Living to tell the tale എന്ന ആത്മകഥയുടെ ആമുഖമായി ഗബ്രിയേൽ ഗാർസിയ മാർക്വേസ് ഇങ്ങനെ എഴുതി.
" Life is not what one lived but what one remembers and how one remembers it in order to recount it."
അങ്ങനെ നോക്കുമ്പോൾ അങ്ങയുടെ ജീവിതം അങ്ങേയറ്റം സാർത്ഥകമായിരുന്നു. അങ്ങ് ഓർക്കുക മാത്രമല്ല അനിതരസാധാരണമായ രീതിയിലാ ഓർമ്മകളെ ആവിഷ്കരിക്കുകയും ചെയ്തു. നിങ്ങൾ വരും കാലത്തിനു വേണ്ടി ഉപ്പിലിട്ടുവച്ച സർഗ്ഗസ്മൃതികളുടെ എരിവും പുളിപ്പും മധുരവുമൊക്കെ ഞങ്ങളുടെ അനന്തര തലമുറകളും നൊട്ടിനുണഞ്ഞു കൊണ്ടേയിരിക്കും. തീർച്ച.
പി.പി. രാമചന്ദ്രൻ ഈ വരികളെഴുതിയത് പത്മരാജന് വേണ്ടിയല്ല. ഏതെങ്കിലും പക്ഷിക്ക് വേണ്ടിയുമല്ല. ഓർമ്മയിൽ നിലനിൽക്കുന്ന ഏതൊരു ഊഷ്മളതയ്ക്കും വേണ്ടിയാണ്. അപ്പോളത് പത്മരാജന് വേണ്ടിയുമാകുന്നു.
" ഇവിടെയുണ്ടായിരുന്നു ഞാനെന്നതി - ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി.
ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൻ ചൂട് മാത്രം മതി."
ഒരു തൂവലല്ല , ഓർത്തുവയ്ക്കാൻ ഒരുപാട് തൂവൽക്കിരീടങ്ങൾ തന്നെ തീർത്തു വച്ചിട്ടാണ് പത്മരാജൻ പടിയിറങ്ങിപ്പോയത്. ആ സർഗ്ഗഭാവനയുടെ ചൂടിൽ എത്രയോ പേരിനിയും കുളിരാറ്റാനിരിക്കുന്നു.സിനിമയിലായാലും സാഹിത്യത്തിലായാലും നിങ്ങൾ വെറും പത്മരാജനല്ല സർ. കഥകളുടെ പത്മകാന്തി പരത്തിയ രാജനാണ്. കഥപറച്ചിലിന്റെ രാജരാജനാണ്. കേരളത്തിന്റെ സ്വന്തം കഥനരാജൻ.
കണ്ണിന്റെ റെറ്റിനയിൽ ഒരിക്കലും പതിയാതിരുന്നിട്ടും ഓർമ്മയുടെ തിരകളിൽ മായാതെ തെളിയുന്ന ചിത്രഗന്ധർവ്വാ, ജന്മസ്മൃതിക്ക് മുക്കാൽ നൂറ്റാണ്ട് തികയുന്ന വാസരത്തിൽ അങ്ങയുടെ പ്രിയപുത്രന്റെ പുസ്തകത്തിലെ വരികൾ തന്നെ പൂക്കളായർപ്പിക്കട്ടെ.
" ഭൂതകാലത്തിന്റെ ഇരുൾമാളങ്ങളിൽ നിന്നും ഏതോ ഗുഹാഭിത്തികളിൽ തട്ടി തെറിച്ചുവീഴുന്ന മുഴക്കമായി അച്ഛന്റെ ശബ്ദം,തന്റെ സിനിമകളിലെ സകല പാട്ടുകൾക്കും മേലെ എന്റെ കാതുകളിൽ വീഴുന്നു ,
" പിരിയുന്നവർക്കെല്ലാം യാത്രാമൊഴി, പോയ് വരൂ , പോയ് വരൂ...... വരുന്നവർക്കെല്ലാം സ്വാഗതം സ്വാഗതം...."