മമ്മൂട്ടിപ്പട്ടണം
‘മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ കഥവായിക്കലിന്റെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കാറ്. മമ്മൂട്ടിയുടെ ഭാഷയിൽ സാഹിത്യത്തിന്റെ തിളക്കമുണ്ട്. സാഹിത്യം ചിന്തിക്കുന്നവരുടേതാണ്. മുമ്പോട്ടു നടക്കലാണ് സാഹിത്യത്തിന്റെ താളം. മുമ്പോട്ട് നടക്കാൻ യുവത്വമുള്ളവർക്കേ ആവൂ.സാഹിത്യം, ചിന്ത, യുവത്വം - ഇതൊക്കെയുണ്ട്
‘മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ കഥവായിക്കലിന്റെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കാറ്. മമ്മൂട്ടിയുടെ ഭാഷയിൽ സാഹിത്യത്തിന്റെ തിളക്കമുണ്ട്. സാഹിത്യം ചിന്തിക്കുന്നവരുടേതാണ്. മുമ്പോട്ടു നടക്കലാണ് സാഹിത്യത്തിന്റെ താളം. മുമ്പോട്ട് നടക്കാൻ യുവത്വമുള്ളവർക്കേ ആവൂ.സാഹിത്യം, ചിന്ത, യുവത്വം - ഇതൊക്കെയുണ്ട്
‘മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ കഥവായിക്കലിന്റെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കാറ്. മമ്മൂട്ടിയുടെ ഭാഷയിൽ സാഹിത്യത്തിന്റെ തിളക്കമുണ്ട്. സാഹിത്യം ചിന്തിക്കുന്നവരുടേതാണ്. മുമ്പോട്ടു നടക്കലാണ് സാഹിത്യത്തിന്റെ താളം. മുമ്പോട്ട് നടക്കാൻ യുവത്വമുള്ളവർക്കേ ആവൂ.സാഹിത്യം, ചിന്ത, യുവത്വം - ഇതൊക്കെയുണ്ട്
‘മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ കഥവായിക്കലിന്റെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കാറ്. മമ്മൂട്ടിയുടെ ഭാഷയിൽ സാഹിത്യത്തിന്റെ തിളക്കമുണ്ട്. സാഹിത്യം ചിന്തിക്കുന്നവരുടേതാണ്. മുമ്പോട്ടു നടക്കലാണ് സാഹിത്യത്തിന്റെ താളം. മുമ്പോട്ട് നടക്കാൻ യുവത്വമുള്ളവർക്കേ ആവൂ.സാഹിത്യം, ചിന്ത, യുവത്വം - ഇതൊക്കെയുണ്ട് മമ്മൂട്ടിക്ക്. അങ്ങനെയുള്ള ഒരാൾ 'അനക്കമറ്റുനിദ്രയിൽ ലയിപ്പതിന്നു മുമ്പിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ' എന്ന വഴിയേ നടന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.’ - പ്രിയ.എ.എസ്.
സ്വാതന്ത്ര്യദിനത്തിന്റെ പുലരിയിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. വർഷങ്ങൾക്ക് മുമ്പ് സിനിമയുടെ എഴുത്തുജോലികളുമായി ബന്ധപ്പെട്ട് എറണാകുളത്ത് താമസിച്ചപ്പോഴുള്ള ഒരു പ്രഭാതം പെട്ടെന്ന് മനസ്സിലേക്ക് തിരതള്ളി വരുന്നു. പനമ്പള്ളി നഗറിലുള്ള അവന്യൂ സെന്റർ ഹോട്ടലിലായിരുന്നു അന്ന് താമസം. എഴുതിക്കൊണ്ടിരുന്ന പടത്തിന്റെ ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്നത് ഊട്ടിയിലായിരുന്നു. തുടങ്ങാൻ ഒന്നര ആഴ്ച ഉള്ളപ്പോഴാണ് അതിന്റെ സംഭാഷണം എഴുതാൻ എന്നെ വിളിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും നന്ദികെട്ട ജോലികളിലൊന്നാണ് മിക്കപ്പോഴും സംഭാഷണമെഴുത്ത്.
പലപ്പോഴും പറഞ്ഞ പണമൊന്നും കിട്ടില്ലെങ്കിലും ആവശ്യത്തിലേറെ പേരുദോഷം കിട്ടുന്നൊരു പണിയാണത്. "ഏണാ കോണാ ശങ്കരച്ചേട്ടാ" എന്ന പരുവത്തിൽ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നൊരു തിരക്കഥയ്ക്ക് ക്രമം വരുത്തി ഒന്നര ആഴ്ച കൊണ്ട് തട്ടിൽ കയറ്റാൻ പറ്റുന്ന പരുവത്തിലാക്കുക എന്നത് മല മറിയ്ക്കുന്ന മട്ടിലുള്ള പണിയായിരുന്നു. അതുകൊണ്ട് ഹോട്ടലിൽ രാവും പകലുമിരുന്ന് എഴുത്തു തന്നെയായിരുന്നു. അങ്ങനെ ഒരു രാത്രിയിലിരുന്ന് എഴുതിയെഴുതി പിറ്റേന്ന് നേരം വെളുത്തതറിഞ്ഞില്ല. ഇരുന്നിരുന്ന് പുറം കഴച്ചതുകൊണ്ട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോബിൽ എന്ന ചെറുപ്പക്കാരനെയും കൂട്ടി വെറുതെ ഒന്ന് നടക്കാനിറങ്ങി. കിഴക്കൻ പ്രദേശത്തെ കുന്നുകളിൽ കാണുന്നതുപോലെ പനമ്പള്ളി നഗറിലാകെ കോടമഞ്ഞ് പരന്നു കിടന്നിരുന്നു. കൊച്ചി നഗരമധ്യത്തിൽ പാൽ പോലെ പരന്നുകിടക്കുന്ന മഞ്ഞല കണ്ട് ജോബിൽ അമ്പരന്നു.
" ഇതെന്താ ഊട്ടിപ്പട്ടണമോ ? " പെട്ടെന്ന് എന്റെ വായിൽ വന്ന മറുപടി ഇങ്ങനെയായിരുന്നു." അല്ലെടാ. മമ്മൂട്ടിപ്പട്ടണം." മമ്മൂക്കയന്ന് താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ വീടിന് മുന്നിലെ ലെയ്നിൽ കൂടിയായിരുന്നു അപ്പോൾ ഞങ്ങൾ നടന്നു കൊണ്ടിരുന്നത്. പെട്ടെന്ന് ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ആലോചിക്കുമ്പോൾ മമ്മൂട്ടിപ്പട്ടണം എന്ന പ്രയോഗത്തിൽ ഒരു കാവ്യനീതി കിടപ്പുണ്ട്.
മോളിവുഡിനെ സംബന്ധിച്ചിടത്തോളം എറണാകുളം പട്ടണം ഒരർഥത്തിൽ മമ്മൂട്ടിപ്പട്ടണം തന്നെയാണ്. കോടമ്പാക്കത്ത് കുറ്റിയടിച്ചു കിടന്നിരുന്ന മലയാള സിനിമയെ പൊക്കിയെടുത്ത് കൊച്ചി നഗരത്തിൽ പ്രതിഷ്ഠിച്ചതിൽ മമ്മൂട്ടി എന്ന മനുഷ്യൻ വഹിച്ച പങ്ക് ചില്ലറയല്ല. അദ്ദേഹം നിഷേധിച്ചാലും ഇല്ലെങ്കിലും ശരി , കൊച്ചിയെ മലയാളസിനിമാ പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമാക്കിയതിൽ വലിയൊരു സ്വാധീനമായിട്ടുണ്ട് നഗരത്തിലെ മമ്മൂട്ടിയുടെ സാന്നിദ്ധ്യം. അവധി ദിനത്തിന്റെ ആലസ്യമുള്ള ഈ സ്വാതന്ത്ര്യദിനപ്പുലരിയിൽ മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ എഴുത്ത് ജോലികളുമായി ബന്ധപ്പെട്ടു ഞാൻ കൊച്ചിനഗരത്തിൽ തന്നെയാണുള്ളത്.
നടക്കാനിറങ്ങിയപ്പോൾ തോപ്പുംപടിയിലുള്ള ഒരു ബുക്സ്റ്റാളിൽ മമ്മൂട്ടിയുടെ മുഖചിത്രങ്ങളുള്ള ഓണപ്പതിപ്പുകളും വാരികകളുമൊക്കെ തൂങ്ങിക്കിടക്കുന്നു. ഇങ്ങനെയുള്ള ഒരു ഓണപ്പതിപ്പിൽ വർഷങ്ങൾക്ക് മുൻപ് മമ്മൂക്കയുടെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് എഴുതിയ പഠനമായിരുന്നു ഒരർഥത്തിൽ എന്റെ ചലച്ചിത്രജീവിതത്തിന്റെ തുടക്കമെന്നു പറയാം. ഇത്തവണയും ഒരു ഓണപ്പതിപ്പിൽ അദ്ദേഹത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
2008 സമയത്ത് ഒരു മാസികയ്ക്ക് വേണ്ടി മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യാൻ കുട്ടിസ്രാങ്കിന്റെ ലൊക്കേഷനിൽ പോയത് രസകരമായ ഒരു ഓർമയാണ്. ആ മാസികയുടെ എഡിറ്ററായ ദീപേഷ് എം.എം. പിന്നീടൊരിക്കൽ ഇങ്ങനെ എഴുതിയിരുന്നു.
"മമ്മൂക്കയുടെ ഒരഭിമുഖം. A complete interview.. മമ്മൂക്ക ഓക്കേ.. പക്ഷേ ആര് ചെയ്യും. കമൽഹാസനെ ഇന്റർവ്യൂ ചെയ്ത ഷിബു ഷണ്മുഖം ഉണ്ട്.. അയാൾ മാധവിക്കുട്ടിയെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയും കെ.പി. അപ്പനെയും കൂടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ടെക്സ്റ്റ് എല്ലാം അയച്ചു കൊടുത്തു.. പക്ഷേ മമ്മൂക്ക പറഞ്ഞു , ബിപിൻ ചന്ദ്രനോട് പറയൂ. എനിക്ക് കംഫർട്ട് അയാളാണ്.. അന്നാണ് ബിപിനെ ആദ്യമായി വിളിക്കുന്നത്.. ഒന്നാന്തരം അഭിമുഖം.. ആശംസകൾ ബിപിൻ."
വർഷങ്ങൾക്കുശേഷം ആ അഭിമുഖം വായിച്ചു നോക്കുമ്പോൾ മമ്മൂക്കയുടെ രസകരമായ ചില മറുപടികൾ കൗതുകമുണർത്തുന്നുണ്ട്. സംഭാഷണം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയായിരുന്നു.
" ചോ : ആദ്യമായല്ല ഞാൻ മമ്മൂക്കയുമായി അഭിമുഖം നടത്തുന്നത്. പരിചയപ്പെട്ടിട്ടു കുറച്ചു കാലമാവുകയും ചെയ്തു. ആദ്യം കാണുമ്പോൾ ഞാൻ പേടിച്ചാണ് നിന്നിരുന്നത്. ആദ്യമായി പരിചയപ്പെടുമ്പോൾ ഒരു സിംഹത്തെ അടുത്തു ചെന്നു കണ്ടതുപോലെ തോന്നിയിരുന്നെന്ന് മറ്റു പലരും അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട്. സത്യത്തിൽ അത്ര വലിയൊരു ഭയങ്കരനാണോ മമ്മൂട്ടി എന്ന വ്യക്തി?
മമ്മൂട്ടി : നിങ്ങൾ പിന്നീട് വളരെ അടുത്തു പഴകിയിട്ടുള്ള ആളല്ലേ? ഇപ്പോ പരിചയമായിക്കഴിഞ്ഞല്ലോ? എന്തു തോന്നുന്നു ? ഒരു മറുചോദ്യമായിക്കളയാം.
ചോ :സ്നേഹമുള്ള സിംഹം എന്നു പറഞ്ഞാൽ യോജിക്കുമോ?
മമ്മൂട്ടി: സ്നേഹമുണ്ട്. സിംഹമല്ല. ഞാൻ അങ്ങനെ ആരെയും കടിക്കുകയോ ആക്രമിക്കുകയോ ഒന്നും ചെയ്യാറില്ലല്ലോ.
ചോ : പക്ഷേ ഒരു കടുപ്പക്കാരൻ ഇമേജുണ്ട്.
മമ്മൂട്ടി : അത് ഞാനുണ്ടാക്കിയതല്ല. ആളുകള് പറഞ്ഞുണ്ടാക്കുന്നതാകാം. പിന്നെ തീർത്തും അനാവശ്യമായ കാര്യങ്ങൾക്കു വരുന്ന ചില വ്യക്തികളെയും ഒരു കാര്യവുമില്ലാതെ ശല്യക്കാരാകുന്ന ചിലയാൾക്കാരെയും നമ്മളധികം എന്റർടെയ്ൻ ചെയ്യാത്തതു കൊണ്ടുമാകാം. എന്റെ കാര്യങ്ങൾ ഞാൻ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നില്ലേ. ഇത്രയും കാലമിങ്ങനെ ജീവിച്ചില്ലേ? ഇത്രയധികം ആൾക്കാർക്കെന്നെ ഇഷ്ടമല്ലേ? ഞാൻ സിംഹവും പുലിയുമൊക്കെയായിരുന്നെങ്കിൽ ആളുകളെന്നെ ഇഷ്ടപ്പെടുമോ? "
ആ ഇന്റർവ്യൂ നടത്തുമ്പോൾ ഞാൻ എഴുതിയ ഒരു സിനിമ പോലും പുറത്തു വന്നിരുന്നില്ല. വിജു.വി. നായരോട് ഒരു അഭിമുഖത്തിൽ സംസാരിച്ചതു പോലെ തികച്ചും ഫ്രീ ആയി സംസാരിക്കണം മമ്മൂക്ക എന്നതായിരുന്നു എന്റെ മനസ്സിലെ ആഗ്രഹം. പക്ഷേ ഉള്ളിലെ ഭയം കാരണം അങ്ങനെ അദ്ദേഹത്തോട് പറഞ്ഞില്ല. എഴുതാനുള്ള ആഗ്രഹം മാത്രം കൈമുതലായിരുന്ന ഒരു ചെറുപ്പക്കാരനോട് മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്കാരങ്ങൾ വാങ്ങിയ ഒരു വ്യക്തിക്ക് എത്ര ജാഡ വേണമെങ്കിലും കാണിക്കാമായിരുന്നു അന്ന്. പക്ഷേ സമപ്രായക്കാരനായ ഒരു ചങ്ങാതിയോടെന്ന പോലെ കംഫർട്ടബിൾ ആയിരുന്നു അന്നത്തെ സംസാരത്തിലുടനീളം മമ്മൂക്ക. ആ സംഭാഷണം അവസാനിക്കുന്നത് ഇങ്ങനെ ആയിരുന്നു.
" ചോ :ശരിക്കും ആരാണീ മമ്മൂട്ടി ?
മമ്മൂട്ടി : ദാ നിങ്ങളീ കാണുന്നതു തന്നെ. സന്തോഷം വന്നാൽ ചിരിക്കുകയും ദേഷ്യം വന്നാലത് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാൾ. ഞാനെന്തെങ്കിലും കുഴപ്പം കാണിച്ചെന്നു തോന്നിയാൽ സോറിയും പറയും. തികച്ചും ട്രാൻസ്പെരന്റായ ഒരു മനുഷ്യൻ. "
"പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ " എന്ന് അൻവർ അലി പാട്ടിലെഴുതിയത് പോലെ പലതരം പ്രകൃതമുള്ള ആൾക്കാർ നിറഞ്ഞൊരു പ്രദേശമാണ് മലയാള ചലച്ചിത്രമണ്ഡലം. വിചിത്രവിധങ്ങളിൽ വ്യത്യസ്തസ്വഭാവസവിശേഷതകൾ പുലർത്തുന്ന ചലച്ചിത്രപ്രവർത്തകരൊക്കെ മമ്മൂട്ടി എന്ന മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകളിൽ അറിയാതെ ബഹുമാനം കലരുന്നതിന് പ്രധാനപ്പെട്ടൊരു കാരണമുണ്ട് . ആ മഹാനടൻ്റെ സ്വഭാവത്തിലെ സുതാര്യത.
മഞ്ഞിന്റെ മൂടലില്ലാത്ത സുതാര്യമായ പ്രഭാതത്തിൽ ഈ മമ്മൂട്ടിപ്പട്ടണത്തിലൂടെ നടക്കുമ്പോൾ ബാംഗ്ലൂർ നഗരത്തിൽ ജോലി ചെയ്യുന്ന കിച്ചു. ജെ.തോമസ് എന്ന ശിഷ്യന്റെ വാട്സ്ആപ്പ് സന്ദേശം എന്റെ ഫോണിലെത്തി. തകർപ്പൻ പോസിലുള്ള പുതിയ മമ്മൂട്ടിപ്പടം. കൂടെ ഒരു കമന്റും.
" ഒരു രക്ഷയുമില്ല. സിംഹം തന്നെ." സത്യം തന്നെ ശിഷ്യാ.
ആരുടെയും സ്വാതന്ത്ര്യങ്ങളെ കടിച്ചു കുടഞ്ഞെറിഞ്ഞിട്ടോ കാൽ നഖങ്ങൾക്കടിയിൽ കോർത്തരച്ചുമെതിച്ചിട്ടോ അല്ല മമ്മൂട്ടി എന്ന നടൻ തന്റെ പദവി നേടിയെടുത്തതും പ്രതാപത്തോടെ വാണതും. വർഷങ്ങളുടെ സപര്യ കൊണ്ട് മമ്മൂട്ടി എന്ന മഹാനടൻ വിരിച്ചിട്ട അഭിനയാകാശങ്ങൾ ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് മുന്നിൽ പരന്നുവിടർന്നു കിടക്കുന്നുണ്ട്. അതിനെ വിശകലനം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എല്ലാവർക്കുമുണ്ട്.
പക്ഷേ , അതിൽ പുക പരത്താനും വിഷം വമിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം തൽക്കാലം എനിക്കാവശ്യമില്ല. സ്വാതന്ത്ര്യദിനമായതുകൊണ്ടുതന്നെ മതിലുകളിലെ ബഷീറിന്റെ ഡയലോഗ് ഓർമ വരുന്നു." Why should I be free ? Who wants freedom ? " കുറേക്കാലം കൂടി ഞാനീ മമ്മൂട്ടിപ്പട്ടണത്തിലൂടെ കയ്യും വീശി നടക്കട്ടെ.