ADVERTISEMENT

ഓസ്കർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം  ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്കു ശേഷം   അതേ ടീം ഒന്നിക്കുന്നു.  ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമിക്കുന്ന  ഈ ചിത്രം സംവിധാനം ചെയ്യുന്നത്  വിജീഷ് മണിയാണ്. 'ആദിവാസി ' ( ദി ബ്ലാക്ക് ഡെത്ത് ) എന്നാണ് ചിത്രത്തിന്റെ പേര്. 

 

മൂന്നര വർഷം മുൻപ് കേരളീയ മനസ്സാക്ഷിയെ ഉലച്ച മധുവിന്റെ മരണം നടന്നത്.  വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി 'യാത്രാമൊഴി' എന്ന പേരിൽ കവി സോഹൻ റോയ് എഴുതിയ കവിത കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം സിനിമയാക്കാൻ തനിക്കുണ്ടായ പ്രചോദനമെന്ന് സോഹൻ റോയ് പറയുന്നു. " വിശപ്പ് " എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. വർണവെറി മുതൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ മധുവിന് മരണമില്ല.  ഇത്തരം നിരവധി ജീവിതങ്ങൾ  നമുക്കുചുറ്റും ഇപ്പോഴും അടിച്ചമർത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. ഗൗരവമുള്ള  പ്രമേയങ്ങളാണ്  വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഞങ്ങൾ നിർമ്മിച്ച 'മ് മ് മ്  ' ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമ, കൃത്യമായ പ്രമേയാവതരണത്തോടെ പറഞ്ഞ് സമയത്ത് പൂർത്തിയാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ  അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയം വളരെയധികം ഭംഗിയായി അദ്ദേഹം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സോഹൻ റോയ് പറഞ്ഞു.

 

വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്.  പി  മുരുഗേശ്വരൻ സിനിമാട്ടോഗ്രാഫിയും. ബി. ലെനിൻ എഡിറ്റിങ്ങും, സംഭാഷണം എം. തങ്കരാജ്, ഗാനങ്ങൾ ചന്ദ്രൻ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്,  ആർട്ട് ഡയറക്ടർ കൈലാഷ്,  മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ ബുസി ബേബിജോണും നിർവഹിക്കുന്നു. ഒക്ടോബറിൽ ഷൂട്ടിങ്  ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രധാന നടനൊടപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com