ADVERTISEMENT

ഐ.എം. വിജയൻ നായകനായ 'മ് (സൗണ്ട് ഓഫ് പെയിൻ) സാൻഡിഗോ മൂവി അവാർഡിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. കവിയും സംവിധായകനുമായ സോഹൻ റോയ് നിർമിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണിത്.   പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ  "മ് " ( സൗണ്ട് ഓഫ് പെയിൻ , റിലീസ് ചെയ്ത അന്ന് മുതൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ആദ്യ മാസത്തിൽത്തന്നെ ചിത്രം  മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടി.

 

പാരിസ് ഫിലിം ഫെസ്റ്റിവലിൽ അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൈവരിച്ചു. തുടർന്ന്, ഓസ്കർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുകയും, നവാഡ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ'  'ബെസ്റ്റ് ജൂറി അവാർഡ്,  'ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ് ' എന്നിവയിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഇരട്ടിമധുരം ആയിരിക്കുകയാണ് ഇപ്പോൾ ലഭിച്ച സാൻ ഡിയേഗോ മൂവി അവാർഡ്. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽ നിന്നുള്ള  ആദ്യ സിനിമ കൂടിയാണ്  ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് നിർമിച്ച്  വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം.  ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയനാണ്.

 

തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന്  പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ  തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള  പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും,  സാഹചര്യങ്ങളുമായി പിന്നീട്  എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു.  കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ്  'മ്..'.  ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തിയത് .

 

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിരുന്നു. ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്റെ  സംഗീതസംവിധായകൻ.  പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.

 

സോഹൻ റോയ് - വിജീഷ് മണികൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ

 

 

നിരവധി  പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം   അതേ ടീം ഒന്നിക്കുന്ന ആദിവാസി ' ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും. കേരളത്തിൻറെ മനുഷ്യ  മനസ്സാക്ഷിയെ  ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്   ഡോ.സോഹൻ റോയ്-  വിജീഷ് മണി കൂട്ടുകെട്ടിലൂടെ.വിശപ്പിന്റെ പേരിൽ സംഭവിച്ച ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് "ആദിവാസി ". 

 

ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ ആയോധന കലക്ക് പ്രധാന്യം നൽകി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലും, ചൈനീസിലുമായ് അടുത്ത വർഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com