ADVERTISEMENT

മലയാള സിനിമയിൽ വില്ലനായും കോമഡി കഥാപാത്രമായുമൊക്കെ തിളങ്ങുന്ന താരമാണ് ബൈജു എഴുപുന്ന. മുപ്പതു വർഷത്തിലധികമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന ബൈജു, നടൻ മാത്രമല്ല തിയറ്റർ ഉടമയും നിർമാതാവുമൊക്കെയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി’ൽ മോഹൻലാലിന്റെ വലംകൈ ആയ കഥാപാത്രമാണ് ബൈജു അവതരിപ്പിച്ച റാംബോ. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ബൈജു വില്ലൻ കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. മമ്മൂട്ടിയുടെ മധുരരാജയിൽ അദ്ദേഹത്തിന്റെ വലംകൈ ആയി അഭിനയിച്ച താരം ഇപ്പോൾ നെയ്യാറ്റിൻകര ഗോപന്റെ വലംകൈ ആയി അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ്. ആറാട്ടിന്റെ വിശേഷങ്ങളുമായി ബൈജു എഴുപുന്ന മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു....

‘‘ആറാട്ടിൽ റാംബോ എന്ന കഥാപാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ഡ്രൈവറാണ് റാംബോ. ചിത്രത്തിലുടനീളം ഗോപനോടൊപ്പം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. ഉണ്ണികൃഷ്ണൻ സർ ആണ് എന്നെ ഈ സിനിമയിലേക്കു വിളിച്ചത്. തിരക്കഥ എഴുതിയ ഉദയ്കൃഷ്ണ എന്റെ വളരെ അടുത്ത സുഹൃത്താണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ ഉള്ള സൗഹൃദമാണ് ഉദയനുമായി ഉള്ളത്. ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് ഞങ്ങൾ ഒരുമിച്ചൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഉദയൻ എഴുതിയ ഒരുപാടു സിനിമകളിൽ എനിക്ക് നല്ല കഥാപാത്രങ്ങൾ തന്നിട്ടുണ്ട്. അങ്ങനെയാണ് റാംബോ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്.

baiju-ezhupunna1

‘‘ലാലേട്ടന്റെ ‘അഴിഞ്ഞാട്ട’ത്തിന്റെ ഓരോ നിമിഷത്തിലും എനിക്ക് ഭാഗമാകാൻ സാധിച്ചു. രണ്ടോമൂന്നോ സീൻ ഒഴികെ എല്ലാ ഷോട്ടിലും ലാലേട്ടനോടൊപ്പം റാംബോ എന്ന ഞാനുമുണ്ട്. ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോൾ നല്ല ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത്. കാറിനകത്ത് ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരുപാട് സീനുകളുണ്ട്. ലാലേട്ടനോടൊപ്പം ചെയ്ത സിനിമകളിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ്. കീർത്തിചക്രയിൽ മാത്രമാണ് ഞാൻ പോസിറ്റീവ് കഥാപാത്രമായ കമാൻഡോ ആയി ഒപ്പമുണ്ടായിരുന്നത്.

‘‘പണ്ട് ഞാൻ തുടക്കക്കാരനായിരുന്നപ്പോൾ, ദേവാസുരത്തിൽ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കും എന്ന് കരുതി ഞങ്ങൾ പുതുമുഖങ്ങൾ അഞ്ചുപേർ ആ സെറ്റിൽ എത്തിയിരുന്നു. അഞ്ചു ദിവസം ചെറുതുരുത്തി ഗെസ്റ്റ് ഹൗസിൽ താമസിച്ചു. പക്ഷേ ഷൂട്ട് തുടങ്ങി നാലു ദിവസം കഴിഞ്ഞാണ് ഞങ്ങളല്ല ആ കഥാപാത്രങ്ങൾ ചെയ്യുന്നത് പകരം അഗസ്റ്റിൻ ചേട്ടൻ, മണിയൻപിള്ള രാജു ചേട്ടൻ ഒക്കെയാണ് എന്നറിഞ്ഞത്. അന്ന് നിരാശയോടെയാണ് മടങ്ങിയത്. പക്ഷേ അന്ന് ദേവാസുരത്തിന്റെ ലൊക്കേഷനായ അതേ വരിക്കാശ്ശേരി മനയിൽ ലാലേട്ടനോടൊപ്പം ആറാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ വലംകൈ ആണ് റാംബോ. ലാലേട്ടൻ എപ്പോഴും ‘റാംബോ വണ്ടിയെടടാ’ എന്ന് പറയും. ഇപ്പോൾ അത് എല്ലാവരും ഏറ്റെടുത്ത ഒരു ഡയലോഗ് ആയി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്നെ ഒരു സുഹൃത്ത് വിളിച്ചിട്ടു പറഞ്ഞു, ‘സിനിമ കഴിഞ്ഞിറങ്ങിയവർ ഒരുപാടുപേർ "റാംബോ വണ്ടിയെടടാ" എന്ന് പറയുന്നുണ്ടായിരുന്നു’ എന്ന്.

‘‘എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് ലാലേട്ടൻ. കീർത്തിചക്രയിൽ അഭിനയിക്കുമ്പോൾ നാൽപത് നാല്പത്തഞ്ചു ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. വളരെ റിസ്‌ക്കുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോൾ വളരെ ആരാധന തോന്നും. ഇത്രയും ഫാൻ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടിൽ വന്നപ്പോഴും അങ്ങനെതന്നെയാണ് തോന്നിയത്. ചിലപ്പോൾ കുട്ടികളെപ്പോലെ അല്ലെങ്കിൽ കൂട്ടുകാരെപ്പോലെ വളരെ ഡൗൺ ടു എർത്ത് ആയ പെരുമാറ്റമാണ്. മമ്മൂക്കയും എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്. മമ്മൂക്കയോടൊപ്പവും കുറച്ച് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അത് മാത്രമല്ല ആറേഴുപേർ അടങ്ങുന്ന അദ്ദേഹത്തിന്റെ വളരെ അടുത്ത സൗഹൃദവലയത്തിൽ ഒരാളാകാനും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി-പൃഥ്വിരാജ് സിനിമ മധുരരാജയിൽ രാജയുടെ വലംകൈ ആയി അഭിനയിക്കാനും ആറാട്ടിൽ നെയ്യാറ്റിൻകര ഗോപന്റെ വലംകൈയായി അഭിനയിക്കാൻ കഴിഞ്ഞു. എല്ലാം ഭാഗ്യമായി കരുതുന്നു.

baiju-ezhupunna-3

‘‘ആറാട്ട് എന്റെ സ്വന്തം തിയറ്ററായ എരമല്ലൂർ സാനിയയിൽ ആദ്യത്തെ നാലു ഷോയും കണ്ടു. സ്വന്തം നാട്ടിലെ സ്വന്തം തിയറ്റർ ആകുമ്പോ അവിടെ നമുക്ക് ചുറ്റുമുള്ളത് ചേട്ടന്മാരും അനിയന്മാരും സുഹൃത്തുക്കളുമാണ്. ഞങ്ങൾ ഡിജെയും ഗാനമേളയും ഒക്കെ സംഘടിപ്പിച്ച് ആറാട്ട് ആഘോഷിച്ചു. ലാലേട്ടന്റെ ആരാധകർ വളരെ ആഘോഷപൂർവം പടം ഏറ്റെടുത്തു.

‘‘മറ്റൊരു കാര്യം പറയാനുള്ളത് മനഃപൂർവം പടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമങ്ങൾ നടക്കുന്നു എന്നുള്ളതാണ്. പടം കാണുക പോലും ചെയ്യാത്ത ആൾക്കാരാണ് മോശം പടം എന്നുപറഞ്ഞു നടക്കുന്നത്. ഒരാൾ എന്നോട് പറഞ്ഞു ‘പടം അത്ര പോരാ അല്ലേ’ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു ഞാൻ ഏതു സീനിൽ ആണ് വരുന്നതെന്ന്. അപ്പോൾ ആള് ബബ്ബബ്ബ അടിച്ചു. അതോടെ എനിക്ക് മനസ്സിലായി പടം കാണാതെയാണ് മോശം പറയുന്നതെന്ന്. അതുപോലെ തന്നെ പൈറസിയും ഒരു ഞരമ്പ് രോഗമാണ്. സ്വന്തം നാട്ടിലിരുന്നു നമ്മുടെ നാടിനെത്തന്നെ ആറ്റംബോംബിട്ട് തകർക്കുന്ന സ്വഭാവമാണത്.

‘‘സിനിമയെ സ്നേഹിക്കുന്ന സഹൃദയരായ മലയാളികൾ ഇതിനു കൂട്ടുനിൽക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ തിയറ്റർ ഉടമയും നിർമാതാവുമാണ് ഇവരുടെ രണ്ടുകൂട്ടരുടെയും വേദന എന്തെന്ന് നേരിട്ട് അറിയാവുന്നവനാണ്. ആഘോഷ ചിത്രങ്ങൾ വന്ന് തിയറ്ററുകൾ നിറഞ്ഞു തുടങ്ങുന്നുണ്ട്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ വന്നു തുടങ്ങി. കുറുപ്പ് റിലീസ് ചെയ്തപ്പോൾ ആണ് തിയറ്ററുകൾക്ക് ജീവൻ വച്ചുതുടങ്ങിയത്. കുറുപ്പ് കാണാൻ നല്ല ആൾക്കൂട്ടമുണ്ടായിരുന്നു.

‘‘അതിനു ശേഷം വന്ന അജഗജാന്തരം, ഹൃദയം, ആറാട്ട് ഇതെല്ലാം കാണാൻ ആളുകൾ മടിച്ചു നിൽക്കാതെ തിയറ്ററിൽ വരുന്നുണ്ട്. ആറാട്ട് ഒരു മാസ് എന്റർടെയ്നർ ആണ്. കാണുക ആസ്വദിക്കുക പോവുക. തിയറ്ററുകൾ നിറയ്ക്കുന്ന സിനിമകൾ ഒരുപാട് വരാൻ പോവുകയാണ്. അജിത്തിന്റെ സിനിമ വരുന്നു, ദുൽഖർ പ്രൊഡക്‌ഷനിൽ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ അടുത്ത ആഴ്ച റിലീസ് ആണ്, സൂര്യയുടെ സിനിമ, ആർആർആർ, മമ്മൂക്കയുടെ ഭീഷ്മപർവ്വം എല്ലാം റിലീസിനെത്തുന്നു. പടങ്ങൾക്ക് കലക്‌ഷൻ കുറവാണെങ്കിൽ തിയറ്ററിൽനിന്ന് മാറ്റേണ്ട അവസ്ഥ വരും. പടം ഒന്നുമില്ലാതെ ഒന്നര വർഷം തിയറ്ററുകൾ പിടിച്ചു നിർത്തിയ പാട് ഉടമകൾക്ക് മാത്രമേ അറിയൂ. തിയറ്ററുകളിൽ നൂറ് ശതമാനം സീറ്റുകളും തുറന്നുകൊടുക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു.

baiju-ezhupunna-mammootty

‘‘എല്ലാവരും നല്ല സിനിമയെ സ്നേഹിക്കുന്നവരാകണം. രാഷ്ട്രീയക്കാരെപ്പോലെ താരങ്ങളുടെ ആരാധകർ തമ്മിലടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. മലയാളികൾക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന രണ്ടു താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. പല തലമുറകളുടെ ഇഷ്ടം ഏറ്റുവാങ്ങി ഇത്രയും വർഷം താരമൂല്യം കാത്തുസൂക്ഷിച്ച മറ്റൊരു നടനും ഇനി വരാനിടയില്ല. തമ്മിൽ ആരാണ് നല്ലത് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. രണ്ടുപേരെയും നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. സിനിമ എല്ലാവർക്കും സന്തോഷവും ആശ്വാസവും പകർന്നു തരുന്ന മരുന്നുപോലെയാണ്. ഇഷ്ടമുള്ളത് കാണുക താൽപര്യമില്ലെങ്കിൽ കാണാൻ പോകാതിരിക്കുക അല്ലാതെ പോകുന്നവരെ പറഞ്ഞു മുടക്കുന്ന സ്വഭാവം നല്ലതല്ലല്ലോ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com