ഫാൻ വിഡിയോ വൈറലായി; ടീമിലെത്തുമ്പോൾ പ്രായം 17; കെജിഎഫ് 2 എഡിറ്റർ

Mail This Article
‘കെജിഎഫും’ റോക്കി ഭായിയും തരംഗമാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് 20 വയസ്സ് മാത്രം പ്രായമുള്ള എഡിറ്റർ. അടുത്തിടെ ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നാണ് ഉജ്ജ്വൽ കുൽക്കർണി. കെജിഎഫ് 2 ന്റെ പ്രധാന എഡിറ്ററാണ് ഉജ്ജ്വൽ. വിക്കിപീഡിയയിൽ ‘കെജിഎഫ്-2’ ന്റെ എഡിറ്റർ എന്ന് കാണിച്ചിരിക്കുന്നത് ഉജ്ജ്വലിന്റെ പേര് മാത്രമാണ്. കെജിഎഫ് ടീമിലേക്ക് ഉജ്ജ്വൽ എത്തുമ്പോൾ 17 വയസ്സായിരുന്നു പ്രായം. ഇന്ന് കക്ഷിക്ക് ഇരുപത് വയസ്സ്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഒരു കൗമാരക്കാരൻ വന്നതിൽ അദ്ഭുതപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നായകൻ യഷ് നൽകിയ അഭിമുഖത്തിലാണ് ഉജ്ജ്വലിന്റെ പേര് ആദ്യമായി സിനിമാ പ്രേമികൾ കേൾക്കുന്നത്. കെജിഎഫ് ആദ്യ ഭാഗം ഇറങ്ങിയ ശേഷം ഉജ്ജ്വൽ ഒരു ഫാൻ വിഡിയോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സിനിമയുടെ വിജയാഘോഷത്തിന് കേക്ക് മുറിക്കൽ ആഘോഷങ്ങൾക്കുള്‍പ്പെടെ ഉജ്ജ്വൽ ഉണ്ടായിരുന്നു.
ഉജ്ജ്വൽ തയാറാക്കിയ വിഡിയോ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്‍റെ ഭാര്യയാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് ഇഷ്ടപ്പെട്ട പ്രശാന്ത് തന്‍റെ ടീമിനൊപ്പം ചേരാൻ ഉജ്ജ്വലിനെ ക്ഷണിച്ചു. മൂന്നു വര്‍ഷം പ്രശാന്ത് നീൽ ഉജ്ജ്വലിന് എഡിറ്റിങിൽ പരിശീലനവും നൽകി.
‘ഞങ്ങളുടെ മുഖ്യ എഡിറ്റർമാരിൽ ഒരാൾ ഉജ്ജ്വലാണ്. അവന്റെ എഡിറ്റിങ് കഴിവുകൾ തിരിച്ചറിഞ്ഞ ശേഷമാണ് പ്രശാന്ത് നീൽ മൂന്നുവർഷത്തെ പരിശീലനം നൽകിയത്. ഇതോടെ ഒരു മികച്ച എഡിറ്ററായി ഉജ്ജ്വൽ മാറിയിട്ടുണ്ട്. ’–യഷ് പറഞ്ഞു.
ശ്രീകാന്ത് ഗൗഡയായിരുന്നു കെജിഎഫ് ആദ്യ ഭാഗത്തിന്റെ എഡിറ്റർ. ആദ്യഭാഗത്തിന്റെ ക്യാമാറാമാൻ ഭുവൻ ഗൗഡ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ രവി ബസ്രൂർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം.