ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി; പൃഥ്വി നാട്ടിലേയ്ക്ക്
Mail This Article
ആടുജീവിതം സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ജൂണ്‍ 14ന് അവസാനമായത്. ‘‘ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു.’’ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. വിദേശത്തെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.
മാര്‍ച്ച് പതിനാറിനാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.
ഓസ്കര്‍ പുരസ്കാര ജേതാവായ എ.ആര്‍ റഹ്‍മാന്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം. എ.ആര്‍. റഹ്‍മാന്‍ ജോര്‍ദാനിലെ ആടുജീവിതം ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.
‘‘ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. വാസ്തവത്തില്‍ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’
2020–ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോർദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.