ബറോസ് ഒരുങ്ങുന്നത് രാജ്യാന്തര നിലവാരത്തിൽ, സെൻസറിങ് ഈ വർഷം: മോഹൻലാൽ പറയുന്നു
Mail This Article
ബറോസ് സിനിമയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ലെന്നും രാജ്യാന്തര നിലവാരത്തിൽ സിനിമയെ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹൻലാൽ പറയുന്നു. ആശീര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെപുറത്തിറക്കിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
‘‘ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയിൽ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്. കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ബറോസ്.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാൻ നല്ല അറിവും ദൃഢ വിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകർഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉൾവിളി തോന്നുന്ന സമയം വന്നു. അങ്ങനെയാണ് സംവിധാനം ഏറ്റെടുക്കുന്നത്.
ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. തായ്‍ലന്‍ഡിലും ഇന്ത്യയിലും ജോലികൾ പുരോഗമിക്കുകയാണ്. മിക്സിങ് ലോസ് ആഞ്ചല്‍സിലുമാണ് നടക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും.’’–മോഹൻലാൽ പറയുന്നു.
ടി.കെ. രാജീവ് കുമാറിനൊപ്പം ഒരു 3 ഡി നാടകം ചെയ്യാനുള്ള ആലോചന നടക്കുന്ന സമയത്താണ് ജിജോ ബറോസിന്‍റെ ആശയവുമായി എത്തിയതെന്നും മോഹന്‍ലാല്‍ പറയുന്നു. ‘‘ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. അത് ചെയ്യാന്‍ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെയധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്കൊക്കെ ഒരുപാട് ഉപകരണങ്ങള്‍ കൊണ്ടുപോകേണ്ടിയിരുന്നു.
ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിന്‍റെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. അങ്ങനെ ഇത് ചെയ്യാൻ തീരുമാനിക്കുന്നു. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് അത് താല്‍പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. ആദ്യത്തേത് കുറച്ച് സീരിയസ് പ്രമേയമായിരുന്നു. അതിൽ നിന്നും കഥ മാറി. പിന്നീട് സന്തോഷ് ശിവൻ വന്നു, അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു. ഒരുപാട് സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു. പോർച്ചുഗല്‍ ഒക്കെ ലൊക്കേഷൻ ഉണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. ആ ഭാഗങ്ങളൊക്കെ മദ്രാസിലാണ് ഷൂട്ട് ചെയ്തത്.’’–മോഹൻലാൽ പറഞ്ഞു.
മരയ്ക്കാറും ലൂസിഫറുമെല്ലാം വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നമുക്കിനിയും താഴേക്ക് വരാൻ പറ്റില്ല. ഇനിയും മുകളിലേക്കുള്ള സിനിമകളേ ചെയ്യാൻ പറ്റൂ. എലോൺ ഓ.ടി.ടിയിൽ വരുന്നുണ്ട്. മോൺസ്റ്റർ വരുന്നുണ്ട്. കമ്മിറ്റ് ചെയ്തതെല്ലാം വലിയ സിനിമകളാണ്. ഒരുപാട് സാധ്യതകൾ മുന്നിൽക്കണ്ടാണ് ദുബൈയിൽ ആശീർവാദിന്റെ ഓഫീസ് തുടങ്ങിയതെന്നും മോഹൻലാൽ വ്യക്തമാക്കി.