ADVERTISEMENT

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ മലയാള പതിപ്പിന് സംഭാഷണമെഴുതിയത് പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ. യഷ് അഭിനയിച്ച ബ്രഹ്മാണ്ഡ സിനിമയായ കെജിഎഫിന്റെയും മലയാള സംഭാഷണമൊരുക്കിയത് ശങ്കറായിരുന്നു. മദ്രാസ് ടാക്കീസ് നേരിട്ടാണ്പൊന്നിയിൻ സെൽവന്റെ മലയാളം പതിപ്പ് ഒരുക്കാൻ തന്നെ ക്ഷണിച്ചതെന്ന് ശങ്കർ പറയുന്നു. ഏറെ ആരാധിക്കുന്ന മണിരത്നം എന്ന സംവിധായകന്റെ ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് മലയാളത്തിൽ ഇത്തരം സിനിമകളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനയ്ക്കു കരുത്തു പകരുമെന്നും ശങ്കർ മനോരമ ഓൺലൈനിനോട് പറഞ്ഞു

‘‘മദ്രാസ് ടാക്കീസ് നേരിട്ടാണ് ഈ ചിത്രത്തിന്റെ മലയാളം വേർഷൻ ചെയ്യാൻ വേണ്ടി എന്നെ ക്ഷണിച്ചത്. കെജിഎഫ് 2 റിലീസ് ചെയ്തുകഴിഞ്ഞ് അതിന്റെ മലയാളം പതിപ്പിന്റെ സ്വീകരണം കണ്ടിട്ടായിരിക്കണം അവർ എന്നെ സമീപിച്ചത്. നായകൻ, ദളപതി, റോജ, ബോംബെ തുടങ്ങിയ എപ്പിക് ചിത്രങ്ങൾ ചെയ്ത് നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച സംവിധായകനായ മണിരത്നം സാറിന്റെ സ്വപ്ന സിനിമയായ പൊന്നിയിൻ സെൽവന്റെ മലയാളം സംഭാഷണം എഴുതാൻ എന്നെ വിളിച്ചത് ഞാൻ ഒരു ബഹുമതിയായി കാണുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയൻ സെൽവൻ' എന്ന നോവലിന്റെ മലയാള പരിഭാഷ ലഭ്യമല്ലായിരുന്നു. ഇംഗ്ലിഷ് ട്രാൻസ്ലേഷനിൽ ഉള്ള അഞ്ചു ബുക്കുകൾ വാങ്ങി അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് എഴുതിയത്.

ഇത്രയും വലിയ കാൻവാസിലുള്ള കഥ എങ്ങനെ തിരക്കഥയായി എഴുതും എന്നത് വലിയ സംശയമായിരുന്നു. പക്ഷേ പിഎസ് 1 (പൊന്നിയിൻ സെൽവൻ പാർട്ട് വൺ) പിഎസ് 2 എന്ന പേരിൽ രണ്ട്‌ ഭാഗങ്ങളായി മണിരത്നം സർ തന്നെ തിരക്കഥ തയാറാക്കിയാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. ഇളങ്കോ കുമരവേൽ, ജയമോഹൻ എന്നിവർ തിരക്കഥയിലും സംഭാഷണത്തിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആ നോവലിന്റെ സിനിമാഖ്യാനം എന്നതിലുപരി മണിരത്നം സർ ആ നോവലിനെ എങ്ങനെ തിരക്കഥയാക്കി എന്നുള്ളതാണ് എടുത്തുപറയേണ്ടത്. ഉറുമി പോലെ ഒരു സിനിമ ചെയ്യുമ്പോൾ ചരിത്രത്തിൽ സ്വാതന്ത്ര്യമ എടുക്കുന്നതുപോലെ പത്താം നൂറ്റാണ്ടിലെ ആദിത്യ കരികാലന്റെ മരണവുമായി ബന്ധപ്പെട്ടു ചോള സാമ്രാജ്യത്തിൽ വർഷങ്ങളോളം നീണ്ടുനിന്നിരുന്ന ദുരൂഹത തമിഴ് സംസ്കാരത്തിൽ അവതരിപ്പിക്കുക എന്നതാണ് ഈ നോവൽ ചെയ്യുന്നത്.

shankar-mani

ഒരു വലിയ ലാൻഡ്‌സ്‌കേപ്പിൽ കൊട്ടാരത്തിനകത്തും പുറത്തും നടക്കുന്ന കഥയാണ് പറയുന്നതെങ്കിലും പ്രധാനമായും അത് പറയുന്നത് മനുഷ്യർക്കിടയിലെ സ്നേഹത്തിന്റെയും ചതിയുടെയും കുടുംബ ബന്ധങ്ങളുടെയും കഥയാണ്. മണിരത്നം സിനിമയിൽ നമ്മൾ പ്രതീക്ഷിക്കുന്ന മനോഹരമായ പ്രണയവും പൊളിറ്റിക്‌സും ഹ്യൂമറും ഉൾപ്പെട്ട മുഴുവൻ പാക്കേജ് ഈ സിനിമയിൽ ഉണ്ട്. കോവിഡിനിടയിൽ ഇങ്ങനെ ഒരു സിനിമ സംഭവിച്ചതും അത് എഴുതാൻ എനിക്ക് അവസരം ലഭിച്ചതും വലിയ കാര്യമാണ്. മദ്രാസ് ടാക്കീസിൽ അവരുടെ തിയറ്ററിൽ സിനിമയുടെ പ്രിവ്യു ഇട്ടു കണ്ടിട്ട് അവരുടെ ആളുകളുമായി ഇരുന്നു ചർച്ച ചെയ്ത് ആണ് എഴുതിയത്. ആ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ ഉപയോഗിക്കുന്ന തമിഴല്ല, കുറേക്കൂടി ക്ലാസിക്കൽ സംസാരഭാഷയാണ്. അത് മലയാളിക്ക് മനസ്സിലാകുന്ന രീതിയിൽ അതിന്റെ കൾച്ചറും ഭാവവും ഉൾക്കൊണ്ടുകൊണ്ടാണ് മലയാളീകരിച്ചിരിക്കുന്നത്.

കെജിഎഫ്‌ 2വിൽ ഉപയോഗിച്ചതിൽനിന്ന് വ്യത്യസ്തമായി മറ്റൊരു പരിചരണമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നുവച്ച് ഭയങ്കര കടുകട്ടിയായ സാഹിത്യപദങ്ങൾ കുത്തിനിറച്ച സംഭാഷണമല്ല. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് നടൻ പാട്ടുകൾ തർജ്ജമ ചെയ്യേണ്ടി വന്നു. ചോള സാമ്രാജ്യത്തിന് എതിരായി പട നീക്കുന്ന പാണ്ഡ്യ കലാപകാരികളിലെ കറുത്തിരുമൻ തുടങ്ങിയ ചില കഥാപാത്രങ്ങൾ കവിതാരൂപത്തിൽ സംസാരിക്കാറുണ്ട്. തമിഴ്‌നാട്ടിലും ശ്രീലങ്കയിലുമൊക്കെയുള്ള കഥാപാത്രങ്ങളുണ്ട്. അവർ ഉപയോഗിക്കുന്ന സംഭാഷണരീതികൾ പരിഭാഷപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ നാല് ഭാഷയിലെയും സംഭാഷണം തയാറാക്കുന്ന ആളൂകളോടൊപ്പം മണി സർ ഇരുന്ന് അഭിപ്രായം പറഞ്ഞു ചെയ്യിക്കുകയായിരുന്നു. മലയാളം സ്ക്രിപ്റ്റ് മുഴുവൻ കേൾക്കാൻ അദ്ദേഹം കൂടെയിരുന്നു എന്നുള്ളത് വളരെ പ്രചോദനം തരുന്ന കാര്യമായിരുന്നു.

അരുൺ സി.എം. ആണ് വിക്രമിന്റെ കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. കെജിഎഫിൽ യാഷിന് ശബ്ദം കൊടുത്തത് അരുൺ ആയിരുന്നു. പക്ഷേ വളരെ വ്യത്യസ്തമായിട്ടാണ് അരുൺ വിക്രമിനു വേണ്ടി ശബ്ദം കൊടുത്തത്. വിക്രം തന്നെ കൂടെയിരുന്ന് അരുണിനെ ഡയറക്റ്റ് ചെയ്ത് മലയാളം ചെയ്യിക്കുകയായിരുന്നു.

arun-lal
അരുണിനും ലാലിനുമൊപ്പം ശങ്കർ രാമകൃഷ്ണൻ

ആഴ്‌വാർ കടിയൻ നമ്പി എന്നൊരു കഥാപാത്രമായി ജയറാമേട്ടൻ സിനിമയിലുണ്ട്. തമിഴിൽ അദ്ദേഹം തന്നെയാണ് ശബ്ദം കൊടുത്തത്. പക്ഷേ ഇതാദ്യമായി, അദ്ദേഹത്തിന്റെ ഒരു തമിഴ് സിനിമയുടെ മലയാളം പതിപ്പിന് അദ്ദേഹം തന്നെ ശബ്ദം കൊടുത്തു. അദ്ദേഹത്തോടൊപ്പം ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്തത്. ഡബ്ബിങ് തീരുന്നതു വരെ അദ്ദേഹം ഒരു ഫോൺ കോൾ പോലും എടുത്തില്ല.

കാർത്തി എന്ന നടൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ സിനിമയിൽ ചെയ്തത്. വന്തിയ തേവൻ എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം. സിനിമയുടെ കഥ വിവരിക്കുന്ന കഥാപാത്രമാണ്. സ്ത്രീകളെ കണ്ടാൽ പെട്ടെന്ന് മയങ്ങിപ്പോകുന്ന ഹ്യൂമർ എലെമെന്റുള്ള, ഒരേ സമയം വീര്യവും ശൃംഗാരവുമുള്ള, വളരെ കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് വളരെ സാമ്യമുള്ള ശബ്ദമുള്ള അജിത് എന്ന ചെറുപ്പക്കാരനാണ് അദ്ദേഹത്തിന് ശബ്ദം കൊടുത്തത്. വളരെ നന്നായിട്ട് അജിത് അത് ചെയ്തു.

shankar-ramakrishnan-main

പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ കഥാപാത്രം ചെയ്ത ജയം രവിക്കു വേണ്ടി മലയാളശബ്ദം ആയത് മലയാളത്തിലെ ഒരു പ്രമുഖ നടനാണ്. മുപ്പതു ശതമാനം ശബ്ദങ്ങൾ മലയാളം സിനിമയിൽ ഉള്ള താരങ്ങൾ കൊടുത്തിട്ടുണ്ട്. പക്ഷേ അത് നമ്മൾ ഇപ്പോൾത്തന്നെ വെളിപ്പെടുത്തിയാൽ സിനിമ കാണുമ്പോൾ ആ താരങ്ങളെ ആയിരിക്കും ഓർമ വരിക. എല്ലാ ശബ്ദങ്ങൾക്കും പ്ലാൻ എ മുതൽ സി വരെ ഉണ്ടായിരുന്നു എന്നിട്ട് ഒടുവിൽ മണിരത്നം സർ തന്നെയാണ് ആളുകളെ തിരഞ്ഞെടുത്തത്.

നമുക്ക് വളരെ പരിചിതനായ ശരത് കുമാറിന്റെ ശബ്ദം മലയാളത്തിലെ വളരെ സീനിയറായ ഒരു താരമാണ് ചെയ്തത്. മലയാളത്തിലെ സംവിധായകൻ ലാൽ ഈ ചിത്രത്തിലുണ്ട്. അദ്ദേഹം തന്നെയാണ് മലയാളത്തിലും ശബ്ദം കൊടുത്തത്. ഐശ്വര്യ ലക്ഷ്മിക്ക് വേണ്ടി അവർ തന്നെ ശബ്ദമായി മാറി. സുന്ദര പാണ്ഡ്യനു ശേഷം ചോളസാമ്രാജ്യം ഭരിച്ച മധുരാന്തക തേവൻ എന്ന കഥാപാത്രം ചെയ്തത് ഒരുകാലത്ത് മലയാളത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന റഹ്മാൻ എന്ന താരമാണ്. അദ്ദേഹം ഇതുവരെ മലയാളം സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല. ആദ്യമായി അദ്ദേഹം മലയാളസിനിമയിൽ ശബ്ദം കൊടുത്തത് പൊന്നിയിൻ സെൽവന് വേണ്ടിയാണ്. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം വളരെയധികം ആത്മസമർപ്പണത്തോടെയാണ് ജോലി ചെയ്തത്.

അഞ്ചു മാസത്തോളം ചെലവഴിച്ചാണ് ഈ ചിത്രത്തിന്റെ മലയാള പതിപ്പ് തയാറാക്കിയത്. മറുഭാഷകളിലുള്ള സിനിമകൾക്ക് ഗൗരവപൂർണമായ തർജ്ജമ സംസ്കാരം ഉണ്ടാകുന്നത് മലയാളത്തിൽ ആസ്വാദനത്തിന് മിഴിവ് കൂട്ടും. അങ്ങനെ ചെയ്യുമ്പോൾ ബോക്സ്ഓഫിസിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നത് കണ്ടുവരുന്നുണ്ട്. സാമ്പത്തികമായി ഇത്തരം സിനിമകളുടെ വിജയ സാധ്യത വർധിപ്പിക്കുന്നതിൽ ഇത്തരത്തിൽ ഗൗരവപൂർണമായ മൊഴിമാറ്റം സഹായിക്കുന്നുണ്ട്. വെറുമൊരു ഡബ്ബിങ് സിനിമ എന്ന ആക്ഷേപം മറികടന്നുകൊണ്ട് അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിൽ ആസ്വദിക്കാൻ ഇത്തരം ശ്രമങ്ങൾ സഹായിക്കുന്നുണ്ട്. വലിയ മുതൽമുടക്കിൽ വരുന്ന ചിത്രങ്ങൾ മാത്രമല്ല ബജറ്റ്‌ കുറഞ്ഞ ചിത്രങ്ങൾക്കും നല്ല മലയാള തർജ്ജമ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നല്ല കണ്ടന്റ് ഉള്ള അന്യഭാഷ ചിത്രങ്ങൾ ബജറ്റ്‌ നോക്കാതെ ഇതുപോലെ എഴുതാനുള്ള മനസ്സുണ്ടെങ്കിൽ ഭാവിയിൽ കൂടുതൽ ചിത്രങ്ങൾ ഇതുപോലെ മലയാളത്തിലേക്ക് കൊണ്ടുവരാൻ കഴിയും.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് തയ്യാറാക്കാൻ എന്നെ വളരെയധികം സഹായിച്ചത് എറണാകുളത്തുള്ള വോക്‌സ് കോം എന്ന സ്റ്റുഡിയോ ആണ്. അവരിലൂടെയാണ് ഓഡിഷനും പ്രൊഡക്‌ഷനും ചെയ്തത്. ഞാൻ മറ്റു സിനിമകളുടെ പണിപ്പുരയിൽ ആയതിനാൽ എനിക്ക് കുറച്ച് സമയപരിമിതി ഉണ്ടായിരുന്നു. വോക്‌സ് കോമിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് പൊന്നിയിൻ സെൽവൻ ചെയ്യുക സാധ്യമായത്. മണിരത്നം സാറും മദ്രാസ് ടാക്കീസും എഴുത്തിൽ പൂർണസ്വാതന്ത്ര്യം തന്നിരുന്നു. ഐശ്വര്യ റായ്, തൃഷ തുടങ്ങിയവർ അവതരിപ്പിച്ച വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവർക്കൊക്കെ പറ്റിയ ആർട്ടിസ്റ്റുകളെ കണ്ടെത്തുക എന്നത് വലിയ ചാലഞ്ച് ആയിരുന്നു. വളരെ നല്ല പ്രഫഷനൽ വോയ്‌സിസ് ആക്ടേഴ്‌സ് ആണ് ഈ കഥാപാത്രങ്ങളുടെ മലയാളം ശബ്ദമായി മാറിയത്. മണിരത്നം സാറിന്റെ സ്വപ്നസാക്ഷാത്കാരമായ ഈ ചിത്രത്തിന്റെ മലയാളം പതിപ്പിൽ പ്രവർത്തിക്കാൻ എന്നെ തിരഞ്ഞെടുത്തതിന് മണി സാറിനോടും മദ്രാസ് ടാക്കീസിനോടും എന്റെ മനസ്സുനിറഞ്ഞ നന്ദി. ഇത്തരം അന്യഭാഷാ ചിത്രങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് മലയാളത്തിൽ ഇത്തരം സിനിമകൾ ചെയ്യാനുള്ള പ്രാപ്തി നേടാൻ സഹായിക്കും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com