അഭിഷേകിന്റെ വികാരനിര്‍ഭരമായ പ്രസംഗം; കണ്ണുനിറഞ്ഞ് അമിതാഭ് ബച്ചന്‍; വിഡിയോ

Mail This Article
അമിതാഭ് ബച്ചനെക്കുറിച്ച് വികാരനിർഭരനായി മകനും നടനുമായ അഭിഷേക് ബച്ചൻ. ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗാ ക്രോര്‍പതിയുടെ സെറ്റില്‍ നടന്ന അമിതാഭ് ബച്ചന്റെ ജന്മദിനാഘോഷ വേളയിലാണ് അഭിഷേക് ബച്ചൻ മനസ്സുതുറന്നത്. അച്ഛനെക്കുറിച്ചുള്ള തൻ്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള വികാരഭരിതമായ ഓര്‍മകള്‍ പങ്കുവച്ചപ്പോൾ അമിതാഭ് ബച്ചനു മാത്രമല്ല അതുകേട്ടുനിന്ന പ്രേക്ഷകരുടെ കണ്ണുകളിലും ഈറനണിഞ്ഞു. അച്ഛനോടുള്ള അതിരറ്റ സ്നേഹം പ്രകടിപ്പിച്ച അഭിഷേക് ദുഷ്‌കരമായ സമയങ്ങളില്‍ താന്‍ എപ്പോഴും പിതാവിന്റെ ‘ലൈഫ്‌ലൈന്‍” ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്തു.
‘‘ആദ്യ സിനിമയുടെ സ്ക്രീൻ ടെസ്റ്റിനു പങ്കെടുക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഞാൻ. എന്റെ ഡയലോഗ് റിഹേഴ്സൽ ചെയ്യുന്നതിനു വേണ്ടി അങ്ങ് സ്റ്റുഡിയോയിൽ എത്തിയത് ഓർത്തുപോകുകയാണ്. അന്ന് എന്റെ കാര്യത്തിൽ അച്ഛൻ വളരെ കോൺഫിഡന്റ് ആയിരുന്നു. ആ ടെസ്റ്റ് ഇന്ന് ഇവിടെ വീണ്ടും നടക്കുന്നു. പക്ഷേ ഇന്ന് എന്റെ ഡയലോഗ് അങ്ങ് ഏറ്റുപറയേണ്ട കാര്യമില്ല. ഇന്ന്, ജീവിതത്തിലെ ഏറ്റവും മികച്ച സ്ക്രിപ്റ്റ് ഞാൻ ഇവിടെ വായിക്കുവാൻ പോകുന്നത്. അതിന്റെ പേരാണ് ‘എന്റെ പാ’ (എന്റെ അച്ഛൻ).
എനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിസ്ഥലം അങ്ങയുടെ ബെഡ് ആയിരുന്നു. ചെറുപ്പത്തിൽ ഞാൻ അങ്ങയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതെനിക്കറിയാം. എനിക്കിഷ്ടമുള്ള കളിപ്പാട്ടം വാങ്ങാനായി ഞാൻ നിലത്ത് കിടന്ന് ഉരുണ്ട് കരഞ്ഞ് ബഹളം ഉണ്ടാക്കുമായിരുന്നു. അതൊക്കെ എനിക്ക് ഓർമയുണ്ട്.
അസുഖം വരുമ്പോള്‍ എന്നെ ശകാരിക്കുമായിരുന്നു. പാ, നിങ്ങൾ എനിക്ക് വേണ്ടി തുറന്നത് ആ കൈകള്‍ മാത്രമല്ല, ഹൃദയവും കൂടിയാണ്. എന്നെ ഇങ്ങനെ ലാളിച്ചെങ്കിലും, അതിലും കൂടുതലായി ശ്വേതാ ചേച്ചിയെ പാ സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലൈഫ് ലൈൻ നിങ്ങൾ തന്നെയായിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിനിടെ എനിക്ക് ബുദ്ധിമുട്ടുള്ള ഒരു സമയം വന്നപ്പോൾ, അങ്ങയുടെ എല്ലാ ജോലികളും ഉപേക്ഷിച്ച് നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ വന്നതും ഓർമയുണ്ട്.
കുട്ടിക്കാലത്ത് ഞാൻ ഒരു വികൃതിയായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ, ഞാൻ ആദ്യം പറഞ്ഞ വാക്ക് 'പാ' എന്ന് ആയിരുന്നു. നിങ്ങൾ തന്നെയാണ് എന്നിലെ നടനെ എനിക്ക് പരിചയപ്പെടുത്തിയത്. എന്റെ സ്വപ്നങ്ങൾക്ക് തൂവലുകൾ തന്നതും നിങ്ങളായിരുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു, നിങ്ങളുടെ 80-ാം ജന്മദിനത്തില്‍ നിങ്ങള്‍ക്ക് എന്ത് സമ്മാനം നല്‍കണമെന്ന് എനിക്കറിയില്ല. എങ്കിലും അങ്ങയുടെ ജീവിതത്തിൽ ഒരു വിഷമം ഘട്ടം വരുമ്പോൾ നിങ്ങളുടെ ഈ മകൻ ഒരു ലൈഫ്‌ലൈൻ പോലെ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന വാഗ്ദാനം ഞാനിപ്പോൾ നിങ്ങൾക്ക് തരുകയാണ്.’’–അഭിഷേക് പറഞ്ഞു.
ജോലിയേക്കാള്‍ ശക്തമായി ഒന്നുമില്ലെന്നും , ആളുകളുടെ സ്‌നേഹമാണ് ഏറ്റവും വിലപ്പെട്ടതെന്നും കുടുംബത്തിനു മുകളിലായി മറ്റൊന്നുമില്ലെന്നും പഠിച്ചത് അച്ഛനിൽ നിന്നാണെന്നും അഭിഷേക് ഷോയിൽ വ്യക്തമാക്കി.
അഭിഷേക് തന്റെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിച്ചപ്പോൾ സദസ്സിലെ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ അമിതാഭ് ബച്ചന്‍ കണ്ണീര്‍ തുടക്കുകയായിരുന്നു.
ആഘോഷവേളയിൽ തന്റെ അച്ഛന് വേണ്ടി നിരവധി സര്‍പ്രൈസുകളുമായാണ് അഭിഷേക് എത്തിയത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനും പങ്കെടുത്തിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ, നവ്യ നവേലി നന്ദ, ശ്വേത ബച്ചന്‍, അഗസ്ത്യ നന്ദ എന്നിവര്‍ അമിതാഭിന് ജന്മദിനാശംസ നേരുന്ന വിഡിയോകളും ഷോയുടെ ഇടയിൽ അവതരിപ്പിച്ചു.