'സൗദി വെള്ളക്ക' കണ്ട് കണ്ണ് നിറഞ്ഞ് എ.ആർ. മുരുകദോസ്
Mail This Article
സൂപ്പർ ഹിറ്റായ 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സൗദി വെള്ളക്ക തിയറ്ററുകളിൽ വലിയ വിജയമാകുകയാണ്. സിനിമയുടെ കഥയും കഥാപാത്രങ്ങളും ഹൃദയത്തോട് സംസാരിക്കുന്നതാണെന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിക്കുന്നത്. ഇപ്പോഴിതാ സൗദി വെള്ളക്ക കുടുംബസമേതം കണ്ടിരിക്കുകയാണ് തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകൻ എ.ആർ. മുരുകദോസ്.
അദ്ദേഹവും കുടുംബവും, സംവിധാന സഹായികളും ചേർന്നാണ് സിനിമ കണ്ടത്. സിനിമ കണ്ട ശേഷം സംവിധായകൻ തരുൺ മൂർത്തിയെ കെട്ടിപിടിച്ചാണ് മുരുകദോസ് സന്തോഷം അറിയിച്ചത്. ശേഷം തരുണിനേയും നിർമാതാവ് സന്ദീപ് സേനനേയും ചേർത്ത് നിർത്തി സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചൊക്കെ ഒത്തിരി സംസാരിക്കുകയുമുണ്ടായി അദ്ദേഹം.
ഗജിനി, സ്റ്റാലിൻ, ഏഴാം അറിവ്, തുപ്പാക്കി, കത്തി, സർക്കാര്‍, ദര്‍ബാര്‍ തുടങ്ങിയ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനാണ് എ.ആർ മുരുകദോസ്. അദ്ദേഹത്തിൽ നിന്നുമുള്ള ഈ അംഗീകാരം മനസ്സ് നിറച്ചുവെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു.
വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ 'സൗദി വെള്ളക്ക' ഇതിനകം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ബിനു പപ്പു, ലുക്മാൻ അവറാൻ, ദേവി വര്‍മ്മ, സുജിത് ശങ്കർ, ധന്യ അനന്യ, രമ്യ സുരേഷ്, വിൻസി അലോഷ്യസ്, കുര്യൻ ചാക്കോ, സജീദ് പട്ടാളം തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് സൗദി വെള്ളക്ക നിർമിച്ചിരിക്കുന്നത്.