ADVERTISEMENT

ദൈവത്തിന് എല്ലായിടത്തും ഓടിയെത്താൻ സമയം കിട്ടാത്തതുകൊണ്ടാണ് അമ്മമാരെ ഭൂമിയിലേക്ക് അയച്ചതെന്ന ഒരു പഴമൊഴിയുണ്ട്. അമ്മ എന്ന മഹനീയ സാന്നിധ്യത്തെക്കുറിച്ച് എത്ര ഉദാത്തമായ സങ്കൽപം.

ഞാൻ സിനിമാക്കാരനായതു കൊണ്ടും എന്റെയുള്ളിൽ സിനിമയായതുകൊണ്ടുമാണ് എന്റെ മനസ്സിൽ ഇങ്ങനെയൊരു ഭാവന വിരിഞ്ഞുവന്നത്. അത് ഇങ്ങനെയാണ്– ദൈവം ഭൂമിയിലേക്ക് അയച്ച അമ്മമാരിൽ സിനിമ എന്ന മായാപ്രപഞ്ചത്തിലേക്കു പറഞ്ഞയച്ചത് നമ്മുടെയെല്ലാം പ്രിയപ്പെട്ട അഭിനേത്രിയായ സാക്ഷാൽ സുകുമാരിയമ്മയെയാണ്.

സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള പരിഭവവും പിണക്കവും വഴക്കും പാരവയ്പുമൊക്കെ കണ്ടറിഞ്ഞ് ഓരോരുത്തരുമായി ആശയവിനിമയം നടത്തി സമവായത്തിൽ കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് സുകുമാരിയമ്മയ്ക്ക് ഉണ്ടെന്നറിയാവുന്നതു കൊണ്ടായിരിക്കാം ദൈവം സുകുമാരിച്ചേച്ചിയെ സിനിമാവട്ടാരത്തിലേക്ക് പറഞ്ഞയച്ചതെന്നു തോന്നുന്നു. മനസ്സു തുറന്നു നന്നായിട്ടൊന്നു ചിരിച്ചാലും പാതിയുള്ളു തുറന്ന് ഒന്നു മിണ്ടിയാലും തീരാവുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ എന്നാണു ചേച്ചി പറയുന്നത്. മരുന്നിനും മന്ത്രങ്ങൾക്കും മാറ്റാൻ കഴിയാത്ത വേദനകൾ വരെ ഒരു ചിരി കൊണ്ടു ഭേദമാക്കാൻ പറ്റുമെന്നാണ് സുകുമാരിയമ്മയുടെ ഭാഷ്യം.

sukumari02

ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് ചിത്രപൗർണമി വാരികയുടെ പത്രാധിപരായി നടക്കുന്ന കാലത്തു തന്നെ സുകുമാരിച്ചേച്ചിയുടെ ഈ നയതന്ത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. അന്നു മുതലേ അവരെ കണ്ട് ചിത്രപൗർണമിക്കുവേണ്ടി ഒരു അഭിമുഖം എടുക്കണമെന്നു കരുതിയെങ്കിലും അവസരം വന്നത് രണ്ടു വർഷം കഴിഞ്ഞാണ്. 1979 ൽ ജേസി സംവിധാനം ചെയ്ത ‘ആരും അന്യരല്ല’ എന്ന ചിത്രത്തിന്റെ ആലുവായിലെ ലൊക്കേഷനിൽ ചേച്ചി ഉണ്ടെന്നറിഞ്ഞ് ഞാനും കിത്തോയും കൂടി കാണാൻ പോയി. ജേസിയാണ് പരിചയപ്പെടുത്തിയത്.

‘‘ഇത് ഞങ്ങളുടെ സുകുമാരിയമ്മ. മലയാള സിനിമയിലെ ഓൾറൗണ്ടർ ആക്ട്രസ് ആണ്. ഒത്തിരി നടിമാർ ഉള്ളിൽ ഒന്നിച്ചു വസിക്കുന്ന നടനകലയുടെ ഒരു പെരുന്തച്ചി.’’ – ജേസി വളരെ രസകരമായായാണ് സുകുമാരി ചേച്ചിയെ അവതരിപ്പിച്ചത്.

sukumari03

പെരുന്തച്ചനെന്ന് കേട്ടിട്ടുണ്ടെങ്കിലും ‘പെരുന്തച്ചി’ എന്നുള്ള ജേസിയുടെ വിശേഷണം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവിടെവച്ച് സുകുമാരിചേച്ചിയുമായി കൂടുതൽ സംസാരിക്കാനുള്ള സമയം കിട്ടിയില്ലെങ്കിലും ഒരു ചെറിയ അഭിമുഖം എടുത്തുകൊണ്ടാണ് അന്ന് ഞങ്ങൾ അവിടെനിന്നു പോന്നത്. 1980 ൽ ഞാൻ തിരക്കഥാകാരനായി സിനിമയിൽ എത്തിയപ്പോൾ, ജോൺ പോളും ഞാനും കൂടി എഴുതി പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘സംഭവ’ത്തിൽ ചേച്ചി അഭിനയിക്കാനെത്തിയപ്പോഴാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടെ പോസിറ്റീവ് എനർജിയുമായി മാത്രമേ സുകുമാരിചേച്ചിയെ ഞാൻ കണ്ടിട്ടുള്ളൂ. കൗമാരം മുതൽ, തന്റെ ബന്ധുക്കളും നർത്തകിമാരും അഭിനേതാക്കളുമായ ലളിത, പത്മിനി, രാഗിണിമാരുടെ സഹായിയായി കൂടെ നടന്നപ്പോൾ കിട്ടിയ അനുഭവപാഠമാണ് സുകുമാരിയമ്മയെ വിനീതയായ അഭിനേത്രിയാക്കി മാറ്റിയതെന്നാണ് എല്ലാവരും പറയുന്നത്.

പത്മിനി അന്ന് തമിഴ് സിനിമയിൽ കത്തി നിൽക്കുന്ന സമയമാണ്. പത്മിനി ഷൂട്ടിങ്ങിനു പോകുമ്പോൾ സഹായിയായി കൊണ്ടുപോയിരുന്നത് സുകുമാരിചേച്ചിയെയായിരുന്നു. എംജിആർ, ശിവാജി, ജമിനി ഗണേശൻ തുടങ്ങിയ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെെയല്ലാം നായികയായ പത്മിനിയുടെ ബന്ധുവായതുകൊണ്ടുള്ള ഒരു പ്രത്യേക പരിഗണനയും അന്ന് ചേച്ചിക്ക് ലഭിച്ചിരുന്നു.

sukumari-ponnamma

ചേച്ചിയുടെ സിനിമപുരാണം കേൾക്കാൻ വേണ്ടിമാത്രം പല ചിത്രങ്ങളിലും ചേച്ചിക്കായി പ്രത്യേകം റോളുകൾ ഞാൻ എഴുതിച്ചേർത്തിട്ടുണ്ട്. ഞാൻ തിരക്കഥ എഴുതിയ ‘ഒരു വിളിപ്പാടകലെ’യുടെ ലൊക്കേഷനിൽ വച്ച് പല സിനിമാക്കഥകളും പറയുന്ന കൂട്ടത്തിൽ, പത്മിനി ഹിന്ദിയിൽ ‘മേരാ നാം ജോക്കറി’ൽ രാജ് കപൂറിന്റെ നായികയാകാൻ പോയപ്പോൾ ഹിന്ദി അറിയാത്തതുകൊണ്ട് സംഭവിച്ച രസകരമായ അനുഭവങ്ങളും പത്മിനിയും വൈജയന്തിമാലയും തമ്മിലുണ്ടായ ഒരു മത്സരത്തെക്കുറിച്ചുമൊക്കെ ചേച്ചി പറഞ്ഞിട്ടുണ്ട്.

തമിഴിലെ പ്രശസ്ത നിർമാതാവും ജമിനി സ്റ്റുഡിയോ ഉടമയും സംവിധായകനുമൊക്കെയായ ജമിനി വാസൻ 1960 കാലത്ത് നിർമിച്ച‘വഞ്ചിക്കോട്ടെ വാലിബനിൽ’ നായികമാരായത് പത്മിനിയും വൈജയന്തിമാലയുമായിരുന്നു. ജമിനി ഗണേശനാണ് നായകൻ. പതിവുപോലെ പത്മിനിയുടെ സഹായിയായി സുകുമാരി ചേച്ചിയും ഉണ്ട്. വഞ്ചിക്കോട്ടെ വാലിബനിൽ ‘ചാതുല്യം പേശാതടി, എൻ ബദലുക്ക് ബദൽ സൊല്ലടി6 എന്ന് പരസ്പരം പോരു വിളിച്ച് നൃത്തം ചെയ്യുന്ന ഒരു ഭാഗം ഉണ്ട്. ഏകദേശം നാലു മിനിറ്റോളം ദൈർഘ്യമുള്ള ആ നൃത്തരംഗത്ത് ഇരുവരുടഎയും പ്രകടനം കാണേണ്ടതുതന്നെയാണ്. അഭിനയത്തിനപ്പുറം ഒറിജിനലായൊരു മത്സരം തന്നെയായത് മാറുകയായിരുന്നു. മൂന്നു ദിവസം കൊണ്ടാണ് ആ നൃത്തരംഗം ഷൂട്ടു ചെയ്തത്. പിന്നീട് കുറേക്കാലത്തേക്ക് പത്മിനിയും വൈജയന്തിമാലയും തമ്മിൽ മിണ്ടുക പോലുമില്ലായിരുന്നത്രേ.

പത്മിനിയുടെ സഹായിയായി നടന്ന കാലത്തൊന്നും സുകുമാരിചേച്ചിയുടെ മനസ്സിൽ നടിയാകണമെന്നുള്ള മോഹമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം കാലം വരുത്തിവച്ച സുകൃതമാണെന്നാണ് ചേച്ചി പറയുന്നത്. അങ്ങനെയാണ് അന്നത്തെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ എ. ഭീംസിങ്ങിന്റെ ‘പാശ മലർ’ എന്ന ചിത്രത്തിൽ ‘വാരായോ തോഴി വാരായോ’ എന്ന നൃത്തരംഗത്തിൽ സുകുമാരി ചേച്ചി അഭിനയിക്കുന്നത്. അതോടെ സുകുമാരിചേച്ചിയുടെ തലേവര തന്നെ മാറുകയായിരുന്നു. അതോടൊപ്പം തന്നെ ഭീംസിങ്ങിന്റെ ഭാര്യാപദം അലങ്കരിക്കാനുള്ള ഭാഗ്യവും അവർക്ക് വന്നുചേർന്നു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലായി ഏകദേശം 2500 സിനിമകളാണ് േചച്ചി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിൽ ഇത്രയധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു നടിയും ഉണ്ടാവുമെന്നു തോന്നുന്നില്ല.

എന്റെ വളരെയധികം ചിത്രങ്ങളിൽ ചേച്ചി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു വിളിപ്പാടകലെ, സ്ത്രീധനം, ഭാര്യ എന്നീ ചിത്രങ്ങളിലെ ചേച്ചിയുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു. സുകുമാരി ചേച്ചിക്കല്ലാതെ ആ കഥാപാത്രങ്ങളെ ഇത്രയും നന്നായിട്ട് മറ്റാർക്കും ചെയ്യാനാകുമെന്ന് തോന്നുന്നില്ല. നീണ്ട അൻപതു വർഷക്കാലത്തെ ചലച്ചിത്ര സപര്യയിൽ ചേച്ചി കളം നിറഞ്ഞാടിയ എത്രയെത്ര ചിത്രങ്ങളാണുള്ളത്.

2013 മാർച്ച് 26. രാവിലെ എന്റെ സുഹൃത്തും നിർമാതാവുമായ ജെ.ജെ.കുറ്റിക്കാട് എന്നെ വിളിക്കുന്നു. ‘‘നമ്മുടെ സുകുമാരി ചേച്ചി പോയി.’’

എന്താണു സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ഇങ്ങനെയാണ്.
ഒരു മാസം മുൻപ് ഒരു ദിവസം രാവിലെ വീട്ടില്‍ പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ സാരിയിൽ അഗ്നി പടർന്ന് വല്ലാതെ പൊള്ളലേറ്റ് ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നുവത്രേ. അന്ന് ഇതൊന്നും അധികമാരും അറിഞ്ഞിരുന്നില്ല. പിന്നീട് മദ്രാസിൽ നിന്ന് അഭിനേത്രിയും പ്രിയദർശന്റെ മുൻഭാര്യയുമായ ലിസിയിൽ നിന്നാണ് സുകുമാരിചേച്ചിയുടെ വിയോഗ വാർത്ത മലയാള സിനിമാലോകത്തുള്ളവർ അറിയുന്നത്.

സുകുമാരി ചേച്ചിയും ലിസിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഒരു അമ്മ-മകൾ റിലേഷൻ. സുകുമാരിചേച്ചിയെ ദേഹമാസകലം പൊള്ളലേറ്റ് ചെന്നൈയിലെ ഗ്ലോബല്‍ ഹെൽത്ത് സിറ്റിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ അവരുടെ മകൻ സുരേഷാണ് ലിസിയെ വിളിച്ച് അപകട വിവരം അറിയിക്കുന്നത്.

‘‘അമ്മ ലിസിയെ കാണണമെന്ന് പറഞ്ഞ് കരയുകയാണ്. ലിസി അത്യാവശ്യമായി ഒന്നിവിടം വരെ വരാമോ?’’

ലിസി ഹൈദരാബാദില്‍ ആയിരുന്നതു കൊണ്ട് പിറ്റേന്ന് രാവിലെയാണ് സുകുമാരിചേച്ചിയെ കാണാൻ ചെന്നൈയിൽ എത്തിയത്. സുകുമാരി ചേച്ചിയുടെ അവസ്ഥ കണ്ട് ലിസി വല്ലാതെയായി. ആശുപത്രിയിൽ ഒത്തിരി പൈസ വേണ്ടി വരുമെന്ന് തോന്നിയതുകൊണ്ട് സുകുമാരി ചേച്ചിയുമായി ഏറ്റവും അടുപ്പമുള്ള നടനും പത്രാധിപരുമായ ചോ രാമസ്വാമി വഴി ലിസി അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ വിവരം അറിയിച്ചു.

ലിസിക്ക് ചോ രാമസ്വാമിയെ അത്ര പരിചയമില്ലാത്തതുകൊണ്ട് കമലഹാസൻ വഴിയാണ് ചോ യെ വിളിച്ച് വിവരം പറയുന്നത്. മാത്രമല്ല ജയലളിതയും സുകുമാരിയും പണ്ടേ അടുപ്പക്കാരുമായിരുന്നു. ജയലളിത അപ്പോൾത്തന്നെ സുകുമാരിചേച്ചിയുടെ മകൻ സുരേഷിനെ വിളിച്ചു വരുത്തി അഞ്ചുലക്ഷം രൂപ എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു: ‘‘ഞാൻ നാളെ രാവിലെ പതിനൊന്നു മണിക്ക് ഹോസ്പിറ്റലിൽ എത്തും.’’

sukumari

പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ ജയലളിത ആശുപത്രിയിൽ എത്തി സുകുമാരി ചേച്ചിയെ കണ്ടു. ചേച്ചി വല്ലാതെ കരയുന്നതു കണ്ട ജയലളിത പറഞ്ഞു:‘‘സുകുമാരി ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാനില്ലേ, ഇവിടെത്തെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം. ബീ കൂൾ.’’

പക്ഷേ, ജയലളിതയുടെ ആ സൗഹൃദത്തിന്റെ മഹനീയത അനുഭവിച്ചറിയാൻ നിൽക്കാതെ സുകുമാരിചേച്ചി പിറ്റേന്നുതന്നെ വിടപറഞ്ഞു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com