ഒടിടി നല്ലതെന്ന് നിർമാതാക്കൾ, മോശമെന്ന് തിയറ്ററുകാർ: മലയാള സിനിമയുടെ ഭാവി എങ്ങോട്ട് ?
Mail This Article
രണ്ടു വർഷക്കാലം മലയാള സിനിമയെ വറുതിയിലാക്കിയ കോവിഡ് കാലത്ത് ആശ്വാസമായി രംഗ പ്രവേശം ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഒരു പുതിയ സിനിമാസംസ്കാരത്തെ തന്നെ മലയാളികളിലേക്ക് എത്തിച്ചു. വമ്പന്മാർ ഉൾപ്പടെ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് താരമൂല്യം നോക്കാതെ സിനിമ പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്നത്. സിനിമ നിർമിച്ച് പെട്ടിയിലാക്കി കാത്തിരിക്കേണ്ടിവന്ന നിർമാതാക്കൾക്ക് വലിയൊരാശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. എന്നാൽ അതിനൊരു വലിയ മറുവശം കൂടിയുണ്ട്. ഒടിടിയിൽ റിലീസ് ചെയ്യാം എന്ന ആവേശത്തിൽ സിനിമാ പ്രവർത്തകരിൽ ചിലർ ഗുണനിലവാരത്തിൽ ശ്രദ്ധ ചെലുത്താതെ ഒടിടിക്ക് വേണ്ടി സിനിമകൾ ചെയ്തുകൂട്ടുന്ന സ്ഥിതിയിലെത്തിയതോടെ ഒടിടിയും സിനിമ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പുലർത്തിത്തുടങ്ങി. ഇതോടെ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെ നിരവധി സിനിമകളാണ് റിലീസ് ചെയ്യാൻ പ്ലാറ്റ്‌ഫോം കിട്ടാതെ വലഞ്ഞത്. ഫലമോ, ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ മാത്രമുള്ള സാങ്കേതിക നിലവാരവുമായി വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് ചെയ്തതോടെ പരാജയപ്പെടുന്ന അവസ്ഥയും ഉണ്ടായി.
നിലവിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മാത്രമേ ഒടിടിയിൽ സ്വീകരിക്കൂ എന്ന നിലപാടിലാണ് പ്ലാറ്റ്ഫോമുകൾ. തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഉടൻ തന്നെ ഒടിടിയിൽ വരുന്നതിനാൽ തിയറ്ററിലേക്ക് പ്രേക്ഷകർ എത്താത്ത സാഹചര്യവും ഉണ്ടാവുകയാണ്. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ഒടിടിയിലെത്താനുള്ള കാലാവധി നീട്ടണമെന്നാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി ഒരു പുതിയ ആസ്വാദന സംസ്കാരം കൊണ്ടുവന്നു, അതുമൂലം മലയാള സിനിമയുടെ സ്വീകാര്യത അതിരുകൾ ഭേദിച്ച് മുന്നേറുകയാണ് എന്നും വാദമുണ്ട്. ഒടിടി റിലീസ് ചെയ്ത് വലിയ ലാഭം കൊയ്യാം എന്ന ധാരണയിൽ താരങ്ങൾ പ്രതിഫലം കൂട്ടുകയും സിനിമാ നിർമാണച്ചെലവ് പിടിച്ചാൽ നിൽക്കാത്ത രീതിയിൽ ഉയരുകയും ചെയ്തിരിക്കുകയാണെന്നും സിനിമാപ്രവർത്തകർ എല്ലാം ഒറ്റക്കെട്ടായി ഈ പ്രതിസന്ധിഘട്ടത്തെ നേരിടണം എന്നുമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ അഭിപ്രായം. ഓൺലൈൻ റിലീസ് എന്ന പുതിയ മാറ്റം മലയാള സിനിമയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ബി.ഉണ്ണികൃഷ്ണനും ജി. സുരേഷ് കുമാറും ഫിയോക്ക് പ്രസിഡന്റ് വിജയകുമാറും പ്രതികരിക്കുന്നു.
സുരേഷ് കുമാർ (നിർമാതാവ്)
ഈ വർഷം ഏകദേശം 170 സിനിമകളാണ് തിയറ്ററിൽ റിലീസ് ചെയ്തത് അതിൽ പതിനഞ്ചു സിനിമകളോളം ഹിറ്റായി. ഈ കാലഘട്ടത്തിൽ ഉണ്ടായ മാറ്റം പല പടങ്ങളും ബ്രേക്ക് ഈവൻ ആയി വന്നു എന്നതാണ്. ഒടിടി പ്ലാറ്റ്ഫോം വന്നതോടെയാണ് അങ്ങനെ സംഭവിച്ചത്. എന്റെ സിനിമ ‘വാശി’ക്കു തിയറ്ററിൽ കലക്‌ഷൻ കുറവായിരുന്നു പക്ഷേ ഒടിടി വഴി എനിക്ക് ലാഭം ഉണ്ടായി. മേരി ആവാസ് സുനോ എന്ന ചിത്രം ബോക്സ് ഓഫിസിൽ മോശമായിരുന്നു എങ്കിലും ഒടിടി വന്നപ്പോൾ ബ്രേക്ക് ഈവൻ ആയി. പത്തുമുപ്പതു പടങ്ങളാണ് അങ്ങനെ രക്ഷപ്പെട്ടത്. ശരിക്കും ഒടിടി വന്നതിനു ശേഷം സിനിമയ്ക്ക് പ്രയോജനമുണ്ടാവുകയാണ് ചെയ്തത്. ഇത് മലയാളത്തിന്റെ കാര്യം മാത്രമല്ല. അന്യഭാഷാ സിനിമകൾക്കും ഇത്തരത്തിൽ ഗുണമുണ്ടാകുന്നുണ്ട്. കോവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ഉണ്ടായിരുന്നു. പക്ഷേ ഇനി ഒടിടിക്ക് വേണ്ടി മാത്രം സിനിമകൾ എടുത്തിട്ട് കാര്യമില്ല. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ഒടിടിയിൽ എടുക്കുന്നത്. ഒടിടിക്ക് വേണ്ടി മാത്രം എന്നുപറഞ്ഞ് ചിലർ തട്ടിക്കൂട്ട് പടങ്ങൾ എടുക്കുന്നുണ്ട്. സൂപ്പർ സ്റ്റാർ ചിത്രങ്ങളും താരനിബിഡമായ പടങ്ങളും ഓൺലൈൻ പ്ലാറ്റഫോമുകൾ വാങ്ങുന്നുണ്ട്. അല്ലാത്ത ചില നല്ല സിനിമകളും അവർ കണ്ടതിനു ശേഷം വാങ്ങുന്നുണ്ട്. പക്ഷേ ഇവയൊന്നും വെറുതെ തട്ടിക്കൂട്ട് പടങ്ങളായി എടുത്താൽ ഒടിടി കിട്ടി എന്ന് വരില്ല. സിനിമ എടുക്കാൻ പോകുന്നവർ ഇത് ഒടിടിയിൽ പോയാൽ ഇത്ര കിട്ടും എന്ന് കണക്കുകൂട്ടി പറയുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അതൊക്കെ തെറ്റിദ്ധാരണയാണ്. കണ്ടന്റ് ആണ് ഇപ്പോൾ ഹീറോ. നല്ല സിനിമകൾ ആണെങ്കിൽ സിനിമ വിജയിക്കും.
തിയറ്ററിൽ വിജയിക്കാത്ത ചില സിനിമകൾ ഒടിടിയിൽ വരുമ്പോൾ ഇതെന്തുകൊണ്ട് വിജയിച്ചില്ല എന്നു തോന്നാറുണ്ട്. ഒടിടി വഴി ആളുകളുടെ ഇടയിൽ സിനിമകൾ എത്തുന്നുണ്ടെന്നത് ശരിയാണ്. തിയറ്ററിൽ ആളെത്താത്തതിന് പല കാരണങ്ങളുണ്ട്. ഒരു കുടുംബം തിയറ്ററിൽ പോകണമെങ്കിൽ ഇപ്പോൾ ഭയങ്കര ചെലവാണ്. ബുക്ക് മൈ ഷോ വഴി സിനിമ ബുക്ക് ചെയ്യുന്നതിന് വലിയ നിരക്കാണ് ഈടാക്കുന്നത് പിന്നെ വീട്ടിൽ നിന്ന് തിയറ്ററിൽ എത്താനുള്ള ചെലവ്, അവിടെനിന്ന് എന്തെങ്കിലും വാങ്ങി കഴിക്കുകയാണെങ്കിൽ ഭീമമായ ചെലവാണ്. മൾട്ടിപ്ലക്സിൽ പോയി സിനിമ കാണുന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. സാധാരണ തിയറ്ററിലും ഇത്രയുമില്ലെങ്കിലും നല്ല ചെലവുണ്ട്. ഇതിനൊക്കെ കുറവു വന്നാൽ മാത്രമേ തിയറ്ററിൽ സിനിമ കാണാൻ ആളെത്തൂ.
ഇതൊന്നുമല്ല പ്രധാന പ്രശ്നം. സിനിമയുടെ ചെലവു കുറഞ്ഞിട്ടില്ല. വല്ലാത്ത രീതിയിൽ കയറഴിച്ചു വിട്ട അവസ്ഥയിലാണ് സിനിമയുടെ കോസ്റ്റ് പോകുന്നത്. മുൻനിര താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോൾ അവർ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും. അതിനു താഴെയുള്ള രണ്ടാം നിര താരങ്ങളും വലിയ പ്രതിഫലമാണ് ചോദിക്കുന്നത്. തിയറ്ററിൽ അഞ്ച് രൂപ കലക്റ്റ് ചെയ്താൽ മാത്രമേ പ്രൊഡ്യൂസർക്ക് ഒരു രൂപ കിട്ടൂ. ആ രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഗ്രോസ് കലക്‌ഷൻ നൂറു കോടി വന്നാൽ പ്രൊഡ്യൂസർക്ക് 25 കോടിയാണ് കിട്ടുന്നത്, അല്ലാതെ ഈ നൂറുകോടി രൂപ പ്രൊഡ്യൂസർക്ക് ലാഭമല്ല.
ഒടിടി പ്ലാറ്റ്ഫോം വന്നതിനു ശേഷം ആളുകൾ എല്ലാ ദിവസവും സിനിമ കാണുന്നുണ്ട്. ലോക സിനിമകൾ വീട്ടിലിരുന്ന് കാണാനുള്ള അവസരമുണ്ട്. നല്ല സിനിമയാണെങ്കിൽ അത് മറ്റുള്ളവരോട് വിളിച്ചു പറഞ്ഞു കാണിക്കുന്നുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന സിനിമ നിർത്തി വച്ചിട്ട് പിന്നീട് കാണാൻ അവസരമുണ്ട്. സ്വന്തം വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്നു സിനിമ കാണാൻ കഴിയും. അതുകൊണ്ടാണ് ആളുകൾ ഒടിടിയിൽ സിനിമ കാണാൻ കൂടുതൽ താൽപര്യം കാണിക്കുന്നത്. ഇനി 5 ജി വരുമ്പോൾ വലിയ വിപ്ലവമാണ് സംഭവിക്കാൻ പോകുന്നത്. സ്ട്രീമിങ് ഒക്കെ വളരെ എളുപ്പം ആകും, സിനിമ കാണൽ കൂടുതൽ ഈസി ആകും. കേബിൾ ടിവി പോലും ഇല്ലാതാകുമോ എന്നൊരു പേടിയുണ്ട്. ഇപ്പോള്‍ത്തന്നെ സ്മാർട്ട് ടിവി വച്ച് നമ്മൾ കാണുകയാണല്ലോ.
ഒടിടി വന്നതിനു ശേഷം നൂറു ശതമാനം നേട്ടമാണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. തിയറ്ററിൽ പോയി സിനിമ കാണാൻ കഴിയാത്തവർക്ക് വരെ വീട്ടിലിരുന്നു കാണാം. അമ്മൂമ്മമാർ, സുഖമില്ലാത്തവർ, അങ്ങനെ ലോകം മുഴുവൻ മലയാള സിനിമ കണ്ടു തുടങ്ങി. ഇപ്പോൾ ഏതു സ്ഥലത്തുപോയി ആ പടം കണ്ടോ എന്ന് ചോദിച്ചാലും കണ്ടു എന്നു പറയുന്നത് കേൾക്കാം. മുൻപ് ദൂരെ പലയിടത്തുമുള്ള മലയാളികൾക്ക് മലയാളം സിനിമ കാണാൻ അവസരം കുറവായിരുന്നല്ലോ.
ഇപ്പോൾ പല മുൻനിര നായകന്മാരും സിനിമ നിർമിച്ചു തുടങ്ങി. 2017 നു മുൻപ് എത്ര നായകന്മാർ പടം എടുത്തിട്ടുണ്ട്? എന്താണ് കാരണം? ഒടിടി വന്നു അവർക്ക് നേട്ടമുണ്ടാകും എന്ന ചിന്തയാണ് ഇതിനു കാരണം. പണ്ട് ഇതെല്ലാം താങ്ങിക്കൊണ്ടിരുന്നത് ഇവിടുത്തെ നിർമാതാക്കൾ ആണ്. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങി എല്ലാവരും ഇപ്പോൾ നിർമാതാക്കളാണ്. മുൻപ് എല്ലാവർക്കും നിർമാതാക്കളെ വേണമായിരുന്നു. സിനിമ എടുത്ത് എല്ലാം നഷ്ടപ്പെട്ട് ജീവിതം നശിച്ചുപോയ എത്രയോ നിർമാതാക്കളുണ്ട്. ഇപ്പോൾ നിർമാതാക്കൾക്ക് വിലയില്ലാത്ത കാലമാണ്. ഒരു താരം വിചാരിക്കേണ്ടത്, എനിക്ക് എന്റെ പ്രതിഫലം കിട്ടുന്നുണ്ട്, അപ്പോ പ്രൊഡ്യൂസർക്കു കൂടി എന്തെങ്കിലും കിട്ടണം എന്നാണ്.
പണ്ട് നസീർ സാർ, ജയഭാരതി ചേച്ചി, ഷീലാമ്മ, സുകുമാരി ചേച്ചി ഉൾപ്പടെയുള്ളവർ പറയുന്നത് പ്രൊഡ്യൂസർ ഉണ്ടെങ്കിലേ ഞങ്ങളുടെ വീട്ടിലെ അടുപ്പ് പുകയൂ എന്നായിരുന്നു. അങ്ങനെ ചിന്തിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് പ്രൊഡ്യൂസറോടുള്ള കമ്മിറ്റ്മെന്റ് കുറഞ്ഞു വന്നിരിക്കുന്നു. ഈ അവസ്ഥയെല്ലാം മാറി നിർമാതാവും സംവിധായകനും ടെക്നീഷ്യന്മാരും താരങ്ങളും തിയറ്ററുകാരും എല്ലാം ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് സിനിമയുടെ കോസ്റ്റ് കുറച്ചാൽ മാത്രമേ ഇനി സിനിമ നിലനിൽക്കൂ.
വിജയകുമാർ (ഫിയോക് പ്രസിഡന്റ്)
ഒടിടി മലയാള സിനിമയിൽ വരുത്തിയ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ മൂന്നുനാല് ആഴ്ച കൊണ്ട് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. ഒരുവിധം നല്ല ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂപ്പർഹിറ്റ് സംവിധായകന്റേതായി അടുത്തിറങ്ങിയ സിനിമ. മലയാളത്തിൽ എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പടം ഇറങ്ങിയിട്ട്, അതു പോയി കണ്ടിട്ട് നല്ലതോ ചീത്തയോ എന്നു പറയാൻ ആളുകൾ തയാറാകുന്നില്ല. ഏകദേശം നാലേകാൽ കോടി രൂപ ചെലവായ പടത്തിന് 25 ലക്ഷം രൂപ പോലും ആ നിർമാതാവിന് കിട്ടിയിട്ടില്ല. രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ ഈ ചിത്രം എന്റെ സ്വീകരണമുറിയിൽ ഇരുന്ന് കാണാം എന്ന പ്രേക്ഷകന്റെ പ്രതീക്ഷയാണ് ആളുകൾ കാണാൻ കൂട്ടാക്കാത്തതിന് കാരണം. അതാണ് സിനിമയ്ക്ക് ഒടിടി കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ദോഷം.
നമ്മൾ ഒടിടിക്ക് എതിരെ സംസാരിക്കുമ്പോൾ ഇത് തിയറ്ററുകാരന്റെ മാത്രം ആവശ്യമായി മറ്റുള്ളവർ കാണരുത്. സിനിമാ തിയറ്ററിലെ തിരശീലയിലൂടെ ചിത്രങ്ങൾ വരാതിരുന്നാൽ ഒരു നായകനും ഇവിടെ നിലനിൽപില്ല, ഒരു സംവിധായകനും നിലനിൽപില്ല. ഒടിടിയിൽ കൂടി പ്രശസ്തനായ ഏതെങ്കിലും നടന്റെയോ സംവിധായകന്റെയോ പേര് പറയാമോ. ഒടിടിയിൽ കാണുന്ന ഏതെങ്കിലും സിനിമയുടെ ദൃശ്യം മനസ്സിൽ തങ്ങി നിൽക്കുമോ? ഒരു സിനിമയുടെ സംവിധായകനോടും സാങ്കേതിക പ്രവർത്തകരോടും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ആ പടം ഒടിടിയിൽ റിലീസ് ചെയ്യുക എന്നുള്ളത്. പണം കൊടുത്ത് എന്തിനു തിയറ്ററിൽ പോയി സിനിമ കാണണം, രണ്ടാഴ്ച കഴിയുമ്പോൾ ഇത് എന്റെ വീട്ടിലിരുന്നു കാണാമല്ലോ എന്നാണ് പ്രേക്ഷകർ ചിന്തിക്കുന്നത്. ആ ചിന്ത മാറണം. ഹോളിവുഡ് മാതൃകയിൽ തിയറ്ററിക്കൽ റിലീസ് എന്ന് പറഞ്ഞിറങ്ങുന്ന ചിത്രം തിയറ്ററിൽ മാത്രമായിരിക്കണം റിലീസ് ചെയ്യുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ആ പടം ഒടിടിയിൽ വന്നോട്ടെ, അല്ലാതെ ഒരേ സമയം തിയറ്ററിലും ഒടിടിയിലും റിലീസ് ചെയ്യുക എന്ന രണ്ടുവള്ളത്തിൽ കാലു വയ്ക്കുന്ന രീതി ശരിയല്ല. തിയറ്ററിൽ ഒരു സിനിമ വരുന്നതിന്റെ നേട്ടം തിയറ്റർ ഉടമയ്ക്കു മാത്രമല്ല ആ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ, തട്ടുകട അങ്ങനെ ഒരുപാടാളുകൾക്ക് നേട്ടമുണ്ട്. ഈ ചിത്രം ഒടിടിയിൽ പോയാൽ നിർമാതാവിന്റെ കീശ വീർക്കും എന്നല്ലാതെ ആർക്കാണു നേട്ടമുണ്ടാവുക.
ഒടിടിക്കാർ ഇപ്പോൾ സിനിമകൾ ഡയറക്റ്റ് റിലീസ് ചെയ്യുന്നില്ല. കാരണം അവരും വഞ്ചിക്കപ്പെടുകയാണ്. ഒരു മുറിയിലോ മറ്റോ വച്ച് ചിത്രീകരിച്ച ചിത്രങ്ങൾ അതിഭാവുകത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിൽക്കുന്നത്. അത് അവർ ടെലികാസ്റ്റ് ചെയ്യുമ്പോൾ പ്രേക്ഷകരെ കിട്ടുന്നില്ല. ഇപ്പോൾ അവർ തിയറ്റർ റിലീസിന് ശേഷം മാത്രമേ ചിത്രം എടുക്കൂ എന്ന നിബന്ധനയുമായി വന്നിരിക്കുകയാണ്. അപ്പോൾ സിനിമ എങ്ങനെയെങ്കിലും തിയറ്ററിൽ റിലീസ് ചെയ്തിട്ട് ഒടിടിയിൽ കൊടുക്കണം എന്ന ചിന്തയാണ്. അതുകൊണ്ടാണ് ചിത്രങ്ങൾ തുടരെ പരാജയപ്പെടുന്നത്. തിയറ്ററിൽ റിലീസ് ചെയ്ത് വളരെ നാളിനു ശേഷമേ ഒടിടി റിലീസ് ചെയ്യാവൂ എന്ന നിബന്ധന വന്നേ മതിയാകൂ. ഇത് ഒടിടിയിൽ വിൽക്കാം എന്ന് പറഞ്ഞു പറ്റിച്ചാണ് പുതിയ നിർമാതാക്കളെയും പലരും ചതിയിക്കുഴിയിൽ പെടുത്തുന്നത്. ഇങ്ങനെയൊന്നും സംഭവിക്കാതെ ശ്രദ്ധിക്കാനുള്ള ബോധവൽക്കരണം നടത്തേണ്ടത് ഫിലിം ചേംബർ ആണ്. പക്ഷേ ഫിലിം ചേംബർ ഇന്ന് സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ നിഷ്ക്രിയമായിപ്പോയി. മുൻപ് നിർമാതാക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി സിനിമ നിർമിക്കാൻ പ്രാപ്തനാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇന്ന് ആര് വന്നാലും സിനിമയുമായി മുന്നോട്ട് പോകാം എന്ന അവസ്ഥയാണ്. തിരശീലയിൽ കൂടി പ്രഗത്ഭരും ജനപ്രിയരുമായ സംവിധായകർ കൂടി ഇതിനു കൂട്ട് നിൽക്കുന്നതാണ് നമുക്ക് വിഷമം.
ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഫിയോക്ക് തീരുമാനിച്ചിട്ടുള്ളത്. ജനുവരി ഒന്നുമുതൽ തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ. അതിനു മുമ്പു വന്നാൽ അതിന്റെ നിർമാതാവും പ്രധാന നടനുമായി സഹകരിക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അവർ ഒടിടിയിലേക്കു തന്നെ പൊയ്‌ക്കോട്ടെ. അവരെ അവരാക്കിയ തിയറ്ററിനെ അവർക്ക് ആവശ്യമില്ലെങ്കിൽ തിയറ്ററുകൾക്ക് അവരെയും ആവശ്യമില്ല. അത് ആര് തന്നെയായാലും തീരുമാനം അതാണ്. ഏപ്രിൽ ഒന്ന് മുതൽ ആ സമയപരിധി 56 ദിവസമാക്കി മാറ്റും. അടുത്ത ഓഗസ്റ്റോടുകൂടി 180 ദിവസം ആക്കണമെന്നാണ് നമ്മുടെ ഡിമാൻഡ്. തിയറ്ററിൽ റിലീസ് ചെയ്ത് മിനിമം 180 ദിവസം കഴിയാതെ ഒരു പ്ലാറ്റ്ഫോമിലും വരരുത്. അങ്ങനെയൊക്കെ ചില സംവിധാനം വന്നാലേ തിയറ്ററുകളും സിനിമയും രക്ഷപ്പെടുകയുള്ളൂ.
തിയറ്ററിൽ പോകുന്നത് ചെലവേറുന്ന കാര്യമാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇവർ ഈ പറയുന്നത് മൾട്ടിപ്ലക്സിന്റെ കാര്യമാണ് സാധാരണ തിയറ്ററിന്റെ കാര്യമല്ല. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് ആളുകൾ പ്രചരിപ്പിക്കുന്നത്. ജനത്തിനു താങ്ങാനാകാത്ത നിരക്കുള്ളത് മൾട്ടിപ്ളക്സിൽ ആണ്. അതിനെതിരെ ആരും സമരം ചെയ്യുന്നില്ല. ഈ മൾട്ടിപ്ലക്സുകൾ ഒക്കെ മൾട്ടിനാഷനൽ കമ്പനികളുടേതാണ്. സാധാരണ തിയറ്ററുകളിൽ നിരക്ക് 100 രൂപ മുതൽ 130 വരെയൊക്കെ ആണ്. ആയിരവും രണ്ടായിരവും ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് മൾട്ടിപ്ലക്സുകൾ ആണ്. അതുപോലെ പോപ്കോണിന് നൂറ്റമ്പതും ഇരുന്നൂറുമാണ്, ഒരു ചായയ്ക്ക് അമ്പതു രൂപ. കേരളത്തിലെ 99% സിംഗിൾ തിയറ്റുകളും കൗണ്ടർ ടിക്കറ്റിനു റിസർവേഷൻ ചാർജ് എടുക്കുന്നില്ല, ഇന്നത്തെ സിനിമയ്ക്ക് എത്ര നാളിനു മുൻപ് വേണമെങ്കിലും പോയി ടിക്കറ്റ് എടുക്കാം.
ഒരു പോപ്കോണിന് 15 മുതൽ 30 രൂപ വരെയാണ് അവിടെ വാങ്ങുന്നത്, ഒരു ചായക്ക് 10 രൂപയും. ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ പോയാൽ പോലും ഇതിന്റെ അഞ്ചിരട്ടി ചെലവാകും. മൂന്നോ നാലോ അംഗങ്ങൾ ഉള്ള ഫാമിലിക്ക് 500 രൂപ ഉണ്ടെങ്കിൽ കേരളത്തിലെ തിയറ്ററുകളിൽ വന്നു സിനിമ കാണാം. മിക്ക തിയറ്ററിലും പാർക്കിങ് ഫീ ഈടാക്കാതെ പാർക്കിങ് കൊടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ച വരുന്നത് മൾട്ടിനാഷനൽ കമ്പനികൾ നടത്തുന്ന മൾട്ടിപ്ലക്‌സുകളുടെ കാര്യമാണ് അതെല്ലാം ഈ സിംഗിൾ തിയറ്ററുകളുടെ തലയിൽ വച്ച് കെട്ടുകയാണ്. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല. സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ പൊതുപ്രവർത്തകർക്കോ മീഡിയയ്ക്കോ പൊതുജനങ്ങൾക്കോ ഇതിൽ പരാതി ഇല്ല. മൾട്ടിപ്ലക്‌സുകൾക്ക് സിനിമ കലോപാധി അല്ല ബിസിനസ് ആണ്. സിംഗിൾ തിയറ്ററുകാർക്ക് ഇത് അവരുടെ അന്നമാണ്, കലോപാധി ആണ്. കലയുമായി ബന്ധമുള്ളവരാണ് പണ്ടുമുതൽ സിനിമാ തിയറ്ററുകൾ തുടങ്ങിയത്. ഇന്ന് ഏതു മൾട്ടിപ്ലക്‌സുകളെയും കിടപിടിക്കുന്ന സൗകര്യം കേരളത്തിലെ സിംഗിൾ തിയറ്ററുകളിൽ ഉണ്ട്. ഞങ്ങൾ 10 രൂപ കൂട്ടിയാൽ തിയേറ്ററിന് മുന്നിൽ കൊടിയും സമരവുമായി. ഇവരുടെയൊക്കെ മുന്നിൽ കൊടി പിടിക്കാൻ ആരെങ്കിലും പോകുന്നുണ്ടോ? ഇവരെയൊക്കെ നിലയ്ക്ക് നിർത്തിയാലേ സിനിമാമേഖല നന്നാകൂ.
ബി. ഉണ്ണികൃഷ്ണൻ (സംവിധായകന്‍, നിർമാതാവ്)
ഒടിടിക്ക് രണ്ടു ഘട്ടമാണ് ഉള്ളത്. ആദ്യത്തേത് അവർ എല്ലാ സിനിമകളും പ്രോത്സാഹിപ്പിച്ചിരുന്ന ഘട്ടമാണ്. വലിയ താരങ്ങളുടെ ചിത്രങ്ങൾ അവർ വാങ്ങി പ്രീമിയർ ചെയ്തിരുന്നു. അതിനു വലിയ തുകയും നൽകിയിരുന്നു. അങ്ങനെ, ഒരു തുക ഉറപ്പായും കിട്ടും എന്ന് മനസ്സിലായപ്പോൾ പലരും ആ വഴിക്ക് ചിന്തിച്ചു തുടങ്ങി. അതിന്റെ ഫലമായിട്ടാണ് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള ആൾക്കാർ അത്തരം സിനിമകൾ ചെയ്തത്. പക്ഷേ കോവിഡ് മാറിയപ്പോൾ വലിയ മുതൽമുടക്കിനു തക്കവണ്ണമുള്ള റിട്ടേൺ ഉണ്ടോ എന്ന സംശയത്തിൽ അവർ ആ പരിപാടി പെട്ടെന്ന് നിർത്തി. അപ്പോൾ അങ്ങനെയുള്ള മാർക്കറ്റ് ലക്ഷ്യമാക്കി നിർമിക്കപ്പെട്ട ചില ചിത്രങ്ങളെങ്കിലും അവർ എടുക്കാതെയായി. അവരെല്ലാം അത് തിയറ്ററിലേക്ക് കൊണ്ടുവരാൻ നിർബന്ധിതരായി. അതിനു ഉദാഹരണമാണ് മോൺസ്റ്റർ എന്ന ചിത്രം. ഒടിടിക്ക് വേണ്ടി എടുത്ത ചിത്രം തിയറ്ററിൽ വന്നപ്പോൾ ഫലപ്രദമാകാതെ പോയി. കാരണം രണ്ടും രണ്ടു ഫോർമാറ്റായിരുന്നു.
ഇപ്പോൾ ഒടിടി കുറേക്കൂടി പിക്ക് ആൻഡ് ചൂസി ആയിട്ടുണ്ട്. വലിയ താരങ്ങളുടെ പടം ഉണ്ടെങ്കിൽ ഉടനെ ആ സിനിമ വാങ്ങുക എന്ന രീതി മാറി. അത് വളരെ പ്രെഡിക്റ്റബിൾ ആയിരുന്നു. മാർക്കറ്റ് സ്വയം കറക്‌ഷൻ ചെയ്യും എന്ന് ഞാൻ കുറേക്കാലമായി പറയുന്ന കാര്യമാണ്. ഒടിടി വ്യവസായം ഇങ്ങനെ നിലനിൽക്കില്ല എന്നത് സിനിമയെ നിരീക്ഷിക്കുന്ന ആൾക്കാർക്ക് മനസ്സിലാകും. പണ്ട് സാറ്റലൈറ്റിന്റെ കാര്യത്തിൽ ഇങ്ങനെയാണ് സംഭവിച്ചത്. ഏഴും എട്ടും കോടി രൂപ സാറ്റലൈറ്റ് വാല്യൂ വന്ന സമയത്ത് അവർ തന്നെ കറക്‌ഷൻ നടത്തി അഞ്ചുകോടിയിൽ താഴെ സാറ്റലൈറ്റ് വാല്യൂ കൊടുത്താൽ മതി എന്ന് തീരുമാനിച്ചു. അത് തന്നെ ഒടിടിയുടെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്. വലിയ മുതൽമുടക്കുള്ള വലിയ താരത്തിന്റെ ചിത്രം ഉണ്ടെങ്കിലും ഉപാധികൾ ഇല്ലാതെ അവർ വാങ്ങില്ല. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊരു കാര്യം നല്ല ചെറിയ സിനിമകൾക്ക് ഒരു ഓൾട്ടർനേറ്റ് പ്ലാറ്റ്ഫോം എന്ന നിലയിൽ ചിലർ ഇതിനെ കാണുന്നുണ്ട്. അതിപ്പോൾ തീരെ വർക്ക് ചെയ്യുന്നില്ല. കാരണം ചെറിയ സിനിമകളെ അവർ പാടെ ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ട് ഒടിടി എന്നത് ഇനി അങ്ങോട്ട് പോകുന്തോറും ഉറപ്പായ ഒരു റവന്യൂ ആയി നമുക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒന്ന്, അവർ തിയറ്റർ റിലീസ് ചെയ്ത സിനിമകൾ മാത്രമേ എടുക്കുന്നുള്ളൂ രണ്ട്, അവർ പിക്ക് ആൻഡ് ചൂസി ആയിട്ടുണ്ട്. ഒടിടിയിൽ നിന്ന് നല്ല വരുമാനം ഉണ്ടാകുമെന്ന ധാരണയിൽ നമ്മുടെ സിനിമാ നിർമാണ ബജറ്റ് വല്ലാതെ കൂടിയിട്ടുണ്ട്. അതിൽ വലിയ പങ്ക് താരങ്ങൾ അവരുടെ പ്രതിഫലം വർധിപ്പിക്കുന്നത് കാരണമാണ്. എന്തായാലും ഒടിടി ഇത്രയും കൊടുക്കുമല്ലോ, അതുകൊണ്ടു എന്റെ പ്രതിഫലവും കൂട്ടണം എന്ന ചിന്തയാണ്.
മലയാളത്തിൽ അൻപത് കോടി രൂപ മുതൽമുടക്കിൽ ഒരു സിനിമ എന്നത് പണ്ട് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. പക്ഷേ ഇപ്പോൾ മമ്മൂക്കയുടെയോ മോഹൻലാൽ സാറിന്റെയോ വലിയൊരു പടം എടുക്കണമെങ്കിൽ മുപ്പത്, മുപ്പത്തിയഞ്ചു കോടി രൂപ വേണമെന്ന സാഹചര്യം വന്നിരിക്കുകയാണ്. അത് ഇനി എത്രത്തോളം റിസ്കി ആണെന്ന് നമ്മൾ ആലോചിക്കേണ്ടതാണ് കാരണം ഒടിടി പഴയതുപോലെ എടുക്കില്ല. എനിക്ക് തോന്നുന്നു വരും നാളുകളിൽ ഇൻഡസ്ട്രി വലിയ രീതിയിലൊരു ഫൈനാൻഷ്യൽ ക്രൈസിസിലൂടെ കടന്നുപോയി ഒരു കറക്‌ഷൻ വരുന്ന സാഹചര്യം ഉണ്ടാകും. കാരണം ചെലവും പ്രതിഫലങ്ങളും എല്ലാം അമിതമായി വർധിച്ചു നിൽക്കുകയാണ്, അതെല്ലാം ഒന്ന് താഴെ വന്നു സെറ്റിൽ ആകാതെ ഇൻഡസ്ട്രിക്ക് മുന്നോട്ട് പോകാൻ സാധ്യമല്ല. ഇത് മലയാളം ഇൻഡസ്ട്രിയുടെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല.
ഒടിടി വന്നു പ്രബലമായതോടെ സാറ്റലൈറ്റ്കാർക്ക് താൽപര്യം നഷ്ടപ്പെട്ടു. ഇപ്പോൾ മലയാളം സിനിമയുടെ സാറ്റലൈറ്റ് അവകാശം വിൽക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സിബിഐ 5 എന്ന സിനിമ എത്രയോ നാളുകൾക്ക് ശേഷമാണു അമൃത ടിവിയിൽ വന്നത്. പണ്ട് മമ്മൂക്കയുടെയോ മോഹൻലാൽ സാറിന്റെയോ പടം അപ്പോഴേ വിറ്റു പോകുന്നതാണ്. ഇപ്പോൾ എല്ലാ ടിവി ചാനലുകൾക്കും ഒടിടി ഉണ്ട്. അപ്പോൾ അവർ ഒരു പാക്കേജ് ആയി എടുക്കും. നിങ്ങൾ വേറൊരു ഒടിടിക്ക് കൊടുത്താൽ ഞങ്ങൾ സാറ്റലൈറ്റ് എടുക്കില്ല എന്നുപറയും. സാറ്റലൈറ്റ് വരുമാനം ഇല്ലാതെ വരുകയാണ്. എന്തെങ്കിലും കിട്ടിയാൽ കിട്ടി എന്ന അവസ്ഥയാണ്. വലിയ പ്രതീക്ഷകൾ കൊടുത്ത ഒരു പ്ലാറ്റ്ഫോം അവരുടെ തീരുമാനങ്ങൾ മാറ്റുമ്പോൾ സിനിമ ഇൻഡസ്ട്രി ഒരു വലിയ സന്ദിഗ്ധാവസ്ഥയിൽ കൂടി കടന്നുപോകേണ്ടി വരികയാണ്. ഇത് മനസ്സിലാക്കി വേണം ഇനി സിനിമ നിർമാണത്തിലേക്കു പോകേണ്ടത്.
സിനിമയുടെ റിവ്യൂ സ്ഥിരം ഇടുന്ന ചില വിദ്വാന്മാർ ഞങ്ങൾ നിർമിച്ച സിനിമയായ 'കാപ്പ' വളരെ മോശമാണെന്ന് പ്രചരിപ്പിച്ചിരുന്നു. പക്ഷേ സിനിമ കണ്ടു മനസ്സിലാക്കിയ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി വഴി ആ സിനിമ സെക്കൻഡ് ഷോ മുതൽ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നല്ല കലക്‌ഷനും ഉണ്ടായി. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും നല്ല കഥയുള്ള സിനിമകൾ വിജയിക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് തിയറ്ററിൽ വിജയിച്ച സിനിമകൾ മാത്രമേ ഞങ്ങൾ എടുക്കൂ എന്ന് ഒടിടി ഇപ്പോൾ നിർബന്ധം പിടിക്കുന്നത്. പടം ഇറങ്ങി ആളുകളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം റേറ്റ് പറഞ്ഞ് വിലപേശി സിനിമ എടുക്കാൻ കുറച്ചു കാല താമസം വരും. പക്ഷേ ഒടിടിയുടെ വിൻഡോ 28 ദിവസമാണ്. അതുകൊണ്ടാണ് എല്ലാവരും ആവശ്യപ്പെടുന്നത് 42 ദിവസത്തേക്ക് ഈ വിൻഡോ കൊണ്ടുപോകണം എന്ന്. അങ്ങനെ അവർ കൂട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ തിയറ്ററിൽ സിനിമ കുറച്ചു നാൾ ഓടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഏത് ഒടിടി വന്നാലും തിയറ്ററുകൾ അതിജീവിക്കും എന്ന് പറയുന്നത്.