ADVERTISEMENT

മാളികപ്പുറം സിനിമ കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. ചിത്രം നല്‍കിയ സംതൃപ്തിയിലും അനുഭൂതിയിലും മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും നടന്‍ പങ്കുവച്ചു. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം 'മാളികപ്പുറം' കണ്ടത്. തിയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. ആന്റോയോട് സംസാരിക്കുമ്പോഴും 'മാളികപ്പുറം'നല്‍കിയ കാഴ്ചാനുഭവത്തില്‍ ജയറാമിന്റെ വാക്കുകള്‍ ഇടറി.

 

ഇതിനൊപ്പമാണ് മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനം ജയറാം മുന്നോട്ടുവെച്ചത്. തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.

 

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തെ പുകഴ്ത്തി കലാ–സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. സോഷ്യല്‍മീഡിയയിലും 'മാളികപ്പുറം' തരംഗമാണ്. 'കേരളത്തിന്റെ കാന്താര'എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്.

 

സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സംഗീതം രഞ്ജിന്‍രാജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com