ADVERTISEMENT

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഇരട്ട’ സിനിമയെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ചിത്രം ഒരു ക്ലാസിക്കാണെന്നും ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയറ്റര്‍ വിട്ട് ഇറങ്ങാനാകില്ലെന്നും ഷാരിസ് പറഞ്ഞു. ‘‘ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അസൂയയോടെ അല്ലാതെ ഈ ചിത്രത്തെ കാണാന്‍ കഴിയുന്നില്ല. ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയേറ്റര്‍ വിട്ട് ഇറങ്ങാനുമാകില്ല. നാളെ നെറ്റ്ഫ്ളിക്സില്‍ ഈ ചിത്രത്തെ ലോകം വാഴ്ത്തുമ്പോള്‍ തിയേറ്ററില്‍ കാണാതെ പോയ മലയാള സിനിമ പ്രേക്ഷകരുടെ കൂട്ടത്തില്‍ നമ്മള്‍ ഇല്ലാതിരിക്കട്ടെ. ഇരട്ട ഒരു ക്ലാസിക്കാണ്. മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രം. ഇതിലെ ഓരോ അണിയറ പ്രവര്‍ത്തകരും. ക്ലാസിക്കുകള്‍ പില്‍ക്കാലത്ത് വാഴ്ത്തപ്പെടാനുള്ളതല്ല തിയറ്ററില്‍ അനുഭവിക്കാനുള്ളതാണ്. ’’ഷാരിസ് കുറിച്ചു.

 

ഫെബ്രുവരി 3നാണ് ഇരട്ട തിയറ്ററിലെത്തിയത്. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട. ജോജു ജോര്‍ജ് ഡബിള്‍ റോളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജിനൊപ്പം അഞ്ജലി, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. 

 

ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com