ശ്രീലങ്കയിലും ബംഗ്ലാദേശിലും മലേഷ്യയിലും ടോപ് ടെൻ ലിസ്റ്റിൽ; ലോകമെങ്ങും തരംഗമായി ‘ഇരട്ട’
Mail This Article
പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിച്ച് ജോജുവിന്റെ ‘ഇരട്ട’. ഓൺലൈൻ പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതല്‍ പല വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ് കറ കളഞ്ഞ ഇമോഷനൽ ത്രില്ലറായ ഇരട്ട. അഭിനയത്തിൽ ജോജു ജോർജ് ഒരു അസാമാന്യ പ്രതിഭയാണെന്ന് ആവർത്തിച്ച് തെളിയിച്ച ചിത്രം കൂടിയാണ് ഇരട്ട. ജോജുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏകാന്തതയുടെ നെരിപ്പോടും ഉള്ളിൽ പേറി അസാന്മാര്ഗിയായി ജീവിക്കുന്ന ഒരുവനും നന്മയും സ്നേഹവുമുള്ള സന്മാർഗിയായവനുമായ രണ്ടു ഇരട്ട സഹോദരന്മാരുടെ മനോവിക്ഷോഭങ്ങളുമായി ജോജു എന്ന താരം പാൻ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം മലയാളികളെ മാത്രമല്ല വിദേശ രാജ്യങ്ങളിലെപോലും പ്രേക്ഷകരെ ആകർഷിച്ച് ഗ്ലോബൽ സെൻസേഷനായി മാറുകയാണ്.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ ഇരട്ടയുടെ ജനപ്രീതി മലയാളം വിട്ട് ഇന്ത്യയും കടന്ന് വിദേശങ്ങളിൽ എത്തിനിൽക്കുകയാണ്. മലയാളികളെ മാത്രമല്ല പാൻ ഇന്ത്യൻ പ്രേക്ഷകരെ പോലും ഇരട്ട ഞെട്ടിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റിലീസ് ചെയ്തത് മുതൽ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉൾപ്പടെ പല രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തന്നെയാണ് ചിത്രമുള്ളത്. ഇന്ത്യയിൽ ഇപ്പോഴും ടോപ് ടുവിൽ തുടരുന്ന ചിത്രം ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ളാദേശിലും ജിസിസിയിലും ടോപ് ഫോറുമാണ്. സിംഗപ്പൂരിൽ ടോപ് സേവനും മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ് ചിത്രം. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുള്ള സിനിമാ പ്രവർത്തകർ ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മാത്രമല്ല സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളിൽ വിറ്റുപോയിട്ടുണ്ട്.
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ത്രില്ല് നിലനിര്‍ത്തിക്കൊണ്ട് മനുഷ്യ മനസ്സിന്റെ നിഗൂഢ തലങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച വളരെ മികച്ചൊരു ഇമോഷണൽ ത്രില്ലറാണ് ഇരട്ട. ബാല്യകാലത്തിന്‍റെ ദുരനുഭവങ്ങള്‍ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന രണ്ട് ഇരട്ട സഹോദരങ്ങളുടെ ജീവിതമാണ് ഇരട്ടയുടെ പശ്ചാത്തലം. ഒടുവിൽ ഒരാൾ വേര്പിരിയുമ്പോൾ മറ്റൊരാളിന്റെ കണ്ണിലൂടെ അവരുടെ കുടുംബ പശ്ചാത്തലവും മനസ്സിന്റെ കാണാപ്പുറങ്ങളും പ്രേക്ഷകന് അനുഭവവേദ്യമാക്കി മികച്ചൊരു കാഴ്ചാനുഭവമായി ഇരട്ട മാറുന്നു. ഒരു കുറ്റാന്വേഷണ സിനിമ എന്ന ത്രെഡിൽ കുരുക്കിയിട്ട് ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ്. ജോജു ജോർജ് എന്ന പ്രതിഭാശാലിയായ നടന്റെ രണ്ടു വ്യക്തിത്വങ്ങളിലേക്കുള്ള അസാമാന്യ പകർന്നാട്ടമാണ് ഇരട്ടയുടെ കരുത്ത്.
ജോജുവിന്റെ പ്രതിഭയുടെ തിളക്കം ഇതിനു മുൻപ് പല ചിത്രങ്ങളിലും നമ്മൾ കണ്ടതാണ്. അതിൽ എടുത്തുപറയേണ്ടത് ജോസഫ് ആണ്. അധികമാരും ശ്രദ്ധിക്കാത്ത ഒരു പരിണാമം കൂടി ജോജുവിന്റെ അഭിനയജീവിതത്തിനുണ്ടെന്ന് നിസംശയം പറയാം. നിഷേധിയായ ഇമോഷണൽ കഥാപാത്രത്തിനുള്ളിൽ കയറിക്കൂടാൻ ജോജുവിന് ഒരു പ്രത്യേക കഴിവാണ്. ജോസഫിൽ തുടങ്ങിയ ആ പ്രതിഭയുടെ തീപ്പൊരി എല്ലാ സിനിമയും ജോസഫിലേക്ക് എത്തിക്കുന്ന വല്ലാത്തൊരു ബ്രില്ല്യൻസ് ആണ്. പൊറിഞ്ചു മറിയം ജോസും മധുരവും അവിയലും ചുരുളിയും ഇരട്ടയുമെല്ലാം ഒരു തരത്തിൽ പറഞ്ഞാൽ ജോസഫിന്റെ വിവിധ വൈകാരിക തലങ്ങളാണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴിതാ ഇരട്ടയിലൂടെ ജോജുവിന്റെ അഭിനയ മികവ് വീണ്ടും ഇരട്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ തീർന്നാലും ജോജുവിന്റെ കഥാപാത്രം മനസ്സിൽ നിറഞ്ഞങ്ങനെ നിൽക്കും.