ADVERTISEMENT

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന മുഴുവന്‍ നടന്‍മാരുടെയും ലിസ്റ്റ് പൊലീസിന്റെയും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെയും പക്കലുണ്ടെന്ന് നടനും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘ലഹരി ഉപയോഗം വർധിച്ചു വരികയാണ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണ്. സിനിമാ സംഘനകളുടെയും പൊലീസിന്റെയും കയ്യില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവന്‍ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആര്‍ക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും.. ഞങ്ങളുടെ ‘അമ്മ’യുടെ ഓഫിസില്‍ ലിസ്റ്റ് ഉണ്ട്. ഞങ്ങള്‍ക്ക് അത് കൃത്യമായി അയച്ചു തരുന്നുമുണ്ട്.

ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഇല്ല. അതൊക്കെ നഗ്നമായ സത്യങ്ങളാണ്.

പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ മറവ് മാറി, പരസ്യമായി ചെയ്യാന്‍ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് ‘അമ്മ’യില്‍ ഞങ്ങള്‍ക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.

ആരൊക്കെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവന്‍ ലിസ്റ്റും ‘അമ്മ’യിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോള്‍ പ്രശ്നമില്ല. ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ”.–ബാബുരാജ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com