മനോബാലയുടെ വസതിയിലെത്തി വിജയ്; വിഡിയോ

Mail This Article
മനോബാലയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാനെത്തി ദളപതി വിജയ്. ചെന്നൈയിലെ മനോബാലയുടെ വസതിയിലെത്തിയാണ് വിജയ് തന്റെ അവസാന ആദരവ് നൽകിയത്. മനോബാലയെ അവസാനമായി കാണാനെത്തുന്ന വിജയ്‍യുടെ ചിത്രങ്ങളും വിഡിയോകളും ഫാൻ ഗ്രൂപ്പുകളിൽ വൈറലാണ്. സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. ബിഗിലിലാണ് അവസാനമായി ഒന്നിച്ചെത്തിയത്.
കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മനോബാലയുടെ മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും നാളുകൾക്കു മുൻപ് ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.