യൂണിറ്റുകാർക്കൊപ്പം ലൊക്കേഷനില്‍ പണിയെടുത്ത് ജാഫര്‍ ഇടുക്കി; വൈറലായി നാദിർഷയുടെ വിഡിയോ
Mail This Article
തന്റെ സിനിമയുടെ ലൊക്കേഷനിൽ ജോലിക്കാരോടൊപ്പം പണി ചെയ്യുന്ന ജാഫർ ഇടുക്കിയുടെ വിഡിയോ പങ്കുവച്ച് നാദിർഷ. ‘‘വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളിൽ ഒരാൾ’’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. യൂണിറ്റ് ജോലിക്കാർക്കൊപ്പം പണിയെടുക്കുന്ന ജാഫർ ഇടുക്കിയെ വിഡിയോയില്‍ കാണാം. കലന്തൂർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’ എന്ന സിനിമയുടെ സെറ്റിലെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ജാഫർ ഇടുക്കിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രമാണ് ‘സംഭവം നടന്ന രാത്രിയിൽ’. ചിത്രത്തിൽ ജാഫർ ഇടുക്കി ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ് നായിക വേഷത്തിലെത്തുന്നു. റാഫിയാണ് തിരക്കഥ.
ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ ഹെഷം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്, സന്തോഷ് രാമനാണ് പ്രൊഡക്‌ഷൻ ഡിസൈനർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈനർ സപ്ത റെക്കോർഡ്സ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ് ഡിസൈനർ സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, അസോഷ്യേറ്റ് ഡയറക്ടർ വിജീഷ് പിള്ള, സ്റ്റിൽസ് യൂനസ് കുന്തായി, ഡിസൈൻ യെല്ലോടൂത്ത്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.