‘ഇത് രജനി സർ പടമോ, ലാലേട്ടന്‍ പടമോ?’: ‘ജയിലർ’ കണ്ട് ബാല പറഞ്ഞത്
Mail This Article
രജനികാന്ത് ചിത്രം ‘ജയിലർ’ കേരളത്തില്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതും ഈ ആവേശത്തിനൊരു കാരണമായിരുന്നു. രജനി ആരാധകരെയും മോഹൻലാൽ ആരാധകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘ജയിലറെ’ന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് അതിഗംഭീര പ്രതികരണമാണ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘എലോണി’നു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ‘ജയിലർ’.
സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ നടൻ ബാലയുടെ പ്രതികരണം ഇങ്ങനെ: നെൽസൺ കറക്ട് മീറ്ററിൽ ചെയ്ത സിനിമയാണ് ജയിലർ. ഇതിനു മുമ്പിറങ്ങിയ രജനി ചിത്രമായ ‘അണ്ണാത്തെ’ എന്റെ സഹോദരനാണ് ഞാൻ ചെയ്തത്. ‘അണ്ണാത്ത’യേക്കാൾ ഒരുപടി മുന്നിലാണ് ജയിലറെന്ന് ഞാൻ പറയും. ഇതൊരു പാൻ ഇന്ത്യൻ സിനിമയാണ്. രജനി സാറിന്റെ ഏറ്റവും വലിയ ആരാധകനാണ്. രാത്രി ഒന്നും ഉറങ്ങീല്ല.
രണ്ട് മൂന്ന് രംഗങ്ങളിൽ മാത്രം വന്ന് അഭിനയിച്ച് തകർത്തുപോകുക. ലാലേട്ടന്റെ തുടക്കം അങ്ങനായിരുന്നല്ലോ. ഇത്രയും വലിയ പാൻ ഇന്ത്യൻ സിനിമയിലും ലാലേട്ടൻ വന്ന് തകർത്തു. ക്ലൈമാക്സ് സീനിൽ ഞാൻ എഴുന്നേറ്റ് നിന്നു കയ്യടിച്ചു. ഞാൻ മാത്രമല്ല ഓരോ ഓഡിയൻസും. അപ്പോൾ എനിക്കു തോന്നിപ്പോയി, ഇത് രജനി സർ പടമാണോ ലാലേട്ടന്‍ പടമാണോ എന്ന്.
ഈ സിനിമയുടെ ഒരു സീനിൽ ലാലേട്ടൻ ഒരു കാര്യം ചെയ്തിട്ടുണ്ട്. അതുപോലെ ആർക്കെങ്കിലും അഭിനയിക്കാൻ പറ്റുമോ എന്ന് സംശയം. മാസ് ലെവൽ എന്നാല്‍ അതിനപ്പുറം.’’
രാഗീത് ആർ ബാലൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് വായിക്കാം:
മോഹൻലാൽ അഭിനയിച്ച തമിഴ് സിനിമകൾ 7 എണ്ണം ആണ്.. അതിൽ ഇരുവർ എന്നൊരു സിനിമയ്ക്കു മുകളിൽ നിൽക്കുന്ന ഒരു പെർഫോമൻസ് മറ്റു സിനിമകളിൽ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ‘ജില്ല’ എന്ന സിനിമയും ‘കാപ്പാൻ’ എന്ന സിനിമയും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാൻ പ്രേരിപ്പിച്ചത് മോഹൻലാൽ ഉള്ളത് കൊണ്ട് മാത്രം ആയിരുന്നു.. എന്നാൽ എനിക്ക് നിരാശയാണ് ആ രണ്ട് സിനിമകളും നൽകിയത്. പക്ഷേ ഇന്ന് വെളുപ്പിനെ ‘ജയിലർ’ 6 മണിയുടെ ഷോ കാണാൻ പോകുമ്പോൾ വീണ്ടും ഒരു പ്രതീക്ഷയും ഉള്ളിൽ കരുതി ആണ് സിനിമയ്ക്കു കയറിയത് എന്നാൽ ഉള്ളിൽ ഒരു പേടിയും ഉണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഞെട്ടിച്ചു മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം. ഒരു മോഹൻലാൽ ആരാധകന് സംതൃപ്തി നൽകുന്ന എല്ലാം തന്നെ ചുരുങ്ങിയ സമയത്തെ സ്ക്രീൻ പ്രസന്റേഷനിലൂടെ അദ്ദേഹം നൽകിയിട്ടുണ്ട്. നെൽസൺ അതിസമർഥമായി അതിനെ പ്ലേസ് ചെയ്തിട്ടുമുണ്ട്..മാത്യു എന്നൊരു കഥാപാത്രത്തെ വലിയ ഒരു ക്യാൻവാസിൽ കാണുവാൻ ആഗ്രഹമുണ്ട്..
എന്നാൽ ഏറ്റവും ദുഃഖരമായ ഒന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ എല്ലാം തന്നെ പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും ഇൻസ്റ്റാഗ്രാം റീൽസ് ആയും കറങ്ങി നടക്കുന്നുണ്ട്. സിനിമ കാണുമ്പോൾ തന്നെ പലരും അവരരുടെ ഫോണുകളിൽ അതെല്ലാം കൃത്യമായി പകർത്തുന്നും ഉണ്ടായിരുന്നു.. സിനിമ കാണാൻ ആയി ഇരിക്കുന്ന ആളുകളുടെ ആവേശം നശിപ്പിക്കുന്ന ഒരു പ്രവണത തന്നെ ആണ് അത്.. ഞാൻ വെളുപ്പിനെ തന്നെ ഈ സിനിമ കണ്ട്.. എന്റെ സ്റ്റാറ്റസ് വഴി എന്റെ റീൽസ് വഴി വേണം എല്ലാരും സിനിമയുടെ പ്രധാന ഭാഗം കാണേണ്ടത് എന്നൊരു വാശി എന്നതാ പറയുക ഒരു തരം അറ്റെൻഷൻ പലരും ആഗ്രഹിക്കുന്നു.. ഇങ്ങനെ ചെയ്യുമ്പോൾ എന്ത് തരം ആനന്ദമാണോ ഇവർക്കൊക്കെ കിട്ടുന്നത്..നമ്മുടെ ഇഷ്ട താരങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ അതൊക്കെ കണ്ട് കയ്യടിച്ചു സിനിമയോടൊപ്പം അല്ലെ സഞ്ചരിക്കേണ്ടത്..
എന്റെ കാശു എന്റെ സമയം എന്റെ സ്വകാര്യം ശരിയാണ്. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം തന്നെ സമ്മതിക്കുന്നു.. ആദ്യ ദിവസം ആദ്യ ഷോ കാണുന്ന നമ്മൾ മാത്രമല്ല സിനിമകൾ കാണുന്നത് എന്ന് കൂടി ഓർക്കുക.