രണ്ട് ‘ജയിലർ’; ടിക്കറ്റ് എടുത്ത സിനിമ തുടങ്ങുമ്പോൾ പടം മാറി; പ്രേക്ഷകര്‍ ആശയക്കുഴപ്പത്തിൽ
Mail This Article
രണ്ടു ഭാഷകളിലുള്ള ‘ജയിലർ’ സിനിമകൾ തിയറ്ററിലെത്തിയതോടെ ആശയക്കുഴപ്പത്തിലായി പ്രേക്ഷകർ. ഇരു സിനിമകളും പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് സിനിമ മാറിപ്പോകുന്നതായി പരാതി ഉയരുന്നുണ്ട്. ഓൺലൈൻ ആയും തിയറ്ററിലെത്തിയും ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് ഈ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിക്കഴിയുമ്പോഴാണ് ചിത്രം മാറിപ്പോയെന്ന് പലരും അറിയുന്നതും. തമിഴ് സിനിമയായ ‘ജയിലർ’ ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്തപ്പോൾ മലയാളം ‘ജയിലർ’ ഓഗസ്റ്റ് 18ന് ആണ് റിലീസ് ചെയ്‌തത്. നേരത്തേ രണ്ട് സിനിമകളും ഒരേദിവസമാണ് റിലീസ് തീരുമാനിച്ചിരുന്നത്. ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന രജനികാന്തിന്റെ ‘ജയിലർ’ റിലീസ് പ്രഖ്യാപിച്ചതോടെ ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘ജയിലർ’ എന്ന മലയാളം സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു.
അതേസമയം നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ 'ജയിലർ' റിലീസ് ചെയ്ത് പത്തു ദിവസം പിന്നിട്ടിട്ടും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. പ്രതിസന്ധിയിലായിരുന്നു തിയറ്ററുകൾക്ക് പുത്തനുണർവ് പകർന്ന ചിത്രമാണ് ഏറെ കാലത്തിനു ശേഷം സൂപ്പർ താരം രജനി നായകനായ ജയിലർ. ദിനംപ്രതി ആയിരക്കണക്കിന് പ്രേക്ഷകരാണ് ജയിലർ കാണാനെത്തുന്നതെന്ന് തിയറ്റർ ഉടമകളും സാക്ഷ്യപ്പെടുത്തിയിരുന്നു.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരും ജയിലർ എന്നാണ്. ‘ജയിലര്‍’ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല റിലീസിങ് സെന്ററുകളും കിട്ടാനില്ലെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയും സക്കീർ തന്റെ പ്രതിഷേധം അറിയിക്കുകയുണ്ടായി. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും എൺപത് തിയറ്ററുകളെങ്കിലും വേണമെന്നുമായിരുന്നു സക്കീറിന്റെ ആവശ്യം. ആവശ്യത്തിനു തിയറ്ററുകള്‍ ലഭിക്കാതെ വന്നതോടെ ഇവർ റിലീസിൽ നിന്നു പിന്മാറുകയായിരുന്നു.
നെൽസൻ സംവിധാനം ചെയ്ത ജയിലറിൽ തമന്നയാണ് നായിക. ദക്ഷിണേന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലറയിൽ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ.മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ളയാണ് നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ.ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.