‘ചാവേറു’മായി ടിനു പാപ്പച്ചന്റെ മൂന്നാം വരവ്; ഇക്കുറി ഒപ്പം ചാക്കോച്ചൻ
Mail This Article
മലയാള സിനിമയിൽ ഒട്ടേറെ ജയിൽ സിനിമകൾ നാം കണ്ടിട്ടുണ്ട്. പക്ഷേ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയി’പോലൊരു ജയിൽ സിനിമ കണ്ടിട്ടുണ്ടാവില്ല. അതുപോലെ ഒട്ടേറെ ഉത്സവങ്ങളും സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷേ 'അജഗജാന്തര'ത്തിലെ പോലൊരു ഉത്സവാന്തരീക്ഷം അസാധാരണമായിരുന്നു. ഇപ്പോഴിതാ ഈ രണ്ട് സിനിമകൾക്കും ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന 'ചാവേർ' തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. സെപ്റ്റംബർ 21നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ജയിലും ജയിൽചാട്ടവും ഇതര ഭാഷാ സിനിമകളിലും പണ്ടു മുതലേ കണ്ടുവരുന്ന ഒരു വിഷയമായിരുന്നെങ്കിലും 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ' എന്ന സിനിമ അത്തരമൊരു കഥയായിട്ടുകൂടി പുതുമയോടും നവീന രീതിയിലെ അവതരണത്തോടെയും സമീപിച്ചതാണ് ടിനു എന്ന സംവിധായകന്‍റെ ക്രാഫ്റ്റിനെ വ്യത്യസ്തമാക്കിയത്. മലയാള സിനിമ ഇന്നേവരെ കാണാത്ത തരം മേക്കിങ് സ്റ്റൈലും അവതരണ ശൈലിയുമായിട്ടാണ് ടിനു തന്‍റെ ആദ്യ ചിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
രണ്ടാമത്തെ സിനിമയായ 'അജഗജാന്തര'ത്തിന് ടിനു പശ്ചാത്തലമാക്കിയത് ആളും ആരവവുമുള്ള ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു ക്ഷേത്രോത്സവത്തിന്‍റെ സമയത്ത് ഒരു രാത്രിയില്‍ തുടങ്ങി അടുത്ത രാത്രിയില്‍ അവസാനിക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. അത്ര നിഗൂഢതകളോ പിരിമുറുക്കങ്ങളോ ഇല്ലാതെ പറയാവുന്ന ഒരു കഥയെ പക്ഷേ തന്‍റെ അസാധ്യമായ മേക്കിങുകൊണ്ട് ഒരു ഓഡിയോ വിഷ്വല്‍ അനുഭവമാക്കി മാറ്റുകയായിരുന്നു ടിനു പാപ്പച്ചൻ.
വലിയൊരു ആള്‍ക്കൂട്ടം വരുന്ന സിനിമയായിരുന്നിട്ട് കൂടി എല്ലാം ഏറെ അവധാനതയോടെയും ചടുലതയോടെയും ചിത്രത്തിന്‍റെ സ്വഭാവത്തിന് ചേരും വിധം ടിനു അണിയിച്ചൊരുക്കി അദ്ദേഹം വിസ്മയിപ്പിച്ചു. കൊവിഡ് കാലത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ഓരോ തിയറ്ററുകളും പൂരപ്പറമ്പാക്കി മാറ്റിയ സിനിമ കൂടിയായിരുന്നു 'അജഗജാന്തരം'.
ഈ രണ്ട് സൂപ്പർ ഹിറ്റുകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'ചാവേറി'ൽ മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബനുമായി ടിനു ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദൃശ്യവിന്യാസത്തില്‍ എക്കാലവും നവീനത കണ്ടെത്താന്‍ ശ്രമിക്കുന്ന, പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന പുതുതലമുറ സംവിധായകരിൽ ശ്രദ്ധേയനായ ടിനുവും ചാക്കോച്ചനും അർജുനും പെപ്പെയും ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ ഇതിനകം ചർച്ചാവിഷയമായിട്ടുണ്ട് ‘ചാവേർ’. ഇതിനകം പുറത്തിറങ്ങിയ ഉഗ്രൻ ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും ഒക്കെ കൊണ്ടു തന്നെ 'ചാവേറി'നായുള്ള ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.