കീർത്തി അറിയാതെ, അവളുടെ ആരാധകര്‍ക്കായി ഞാനെടുത്ത വിഡിയോ: രേവതി സുരേഷ് പറയുന്നു
Mail This Article
കീർത്തി സുരേഷിന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസയുമായി ചേച്ചി രേവതി സുരേഷ്. രേവതിയുടെ ഒരു സിനോപ്സിസ് വളരെ ശ്രദ്ധാപൂർവം വായിക്കുന്ന കീർത്തിയാണ് വിഡിയോയിൽ. അഭിനേത്രിയാകണമെന്ന് ആഗ്രഹിച്ച കീർത്തി വളരെ ചെറുപ്പം മുതൽ കഠിനാധ്വാനി ആയിരുന്നുവെന്ന് രേവതി പറയുന്നു. തൊഴിലും കുടുംബവും സുഹൃത്തുക്കളും ആരാധകരും എല്ലാം കൂടിച്ചേരുന്ന ജീവിതം ബാലൻസ് ചെയ്തുകൊണ്ടുപോകുന്നത് ഒരു കലാകാരിയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാണെന്നും കീർത്തി അത് വളരെ വിജയകരമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും രേവതി വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
‘‘അവൾ ക്യാമറയ്ക്ക് മുന്നിൽ അല്ലാത്തപ്പോൾ അവളുടെ ആരാധകർക്കു വേണ്ടിയുള്ള ഒരു ചെറിയ വിഡിയോയാണിത്. എന്റെ ഒരു സിനോപ്സിസ് മനസ്സിരുത്തി വായിക്കുകയാണ് അവൾ. അത് വായിച്ചു തീർക്കാൻ അവൾ അവളുടെ വിലപ്പെട്ട സമയത്തിന്റെ കുറേഭാഗം ചെലവഴിച്ചു. ഇത്രയും നേരം എന്തു ചെയ്യുകയാണെന്നറിയാൻ ചെന്നപ്പോഴാണ് ഞാൻ ഈ വിഡിയോ എടുത്തത്. സിനോപ്സിസ് ശ്രദ്ധാപൂർവം വായിക്കുകയും എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. എന്നോട് ഒരുപാട് സ്നേഹമുള്ളപ്പോഴും വളരെ അർപ്പണബോധത്തോടെ വിമർശനാത്മകമായി എന്റെ വർക്ക് വായിക്കാൻ സമയം കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ അർപ്പണബോധവും നിശ്ഛയദാർഢ്യവുമാണ് അവളെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
പുലർച്ചെ 4 മണിക്ക് ഉറക്കമുണർന്ന് ഊട്ടിയിലെ തണുത്തുറഞ്ഞ വെള്ളത്തിൽ കുളിച്ച് അന്നത്തെ സീനിലെ ഡയലോഗുകൾ പഠിക്കുന്ന രണ്ടാം ക്ലാസുകാരി കീർത്തിയെ ഇന്നും ഞാൻ ഓർക്കുന്നു. അഭിനേത്രിയാകണമെന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ചെറുപ്പത്തിലേ തുടങ്ങിയ കഠിനാധ്വാനമാണ് അവളുടെ ഈ വിജയത്തിന് കാരണം. സ്വപ്നം കണ്ട ജോലി തന്നെ ചെയ്യാൻ അനുഗ്രഹിക്കപ്പെട്ടവളാണ് അവൾ. അവളുടെ ജോലിയിൽ അവൾ വിജയം പ്രാപിക്കുമെന്നും ദൈവം അവളുടെ കഴിവു തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ നൽകി അനുഗ്രഹിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
ഒരു കലാകാരിയുടെ ജീവിതത്തിന്റെ മറുവശം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. തിരക്കഥകൾ കേൾക്കാൻ ചെലവഴിക്കുന്ന അനന്തമായ മണിക്കൂറുകൾ, ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത്, ആരാധകരെ പ്രീതിപ്പെടുത്താനായി ഏറ്റവും മികച്ച വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാനായി ചെലവഴിക്കുന്ന സമയം, ഇൻഡസ്ട്രിയിലും വ്യക്തിജീവിതത്തിലുമുള്ള സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതും നിരന്തരമായ യാത്രയും കാലാവസ്ഥയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും തൊഴിലും കുടുംബവും ഒരുപോലെ സന്തുലിതമായി നിലനിർത്തുന്നതും ഒന്നും അത്ര എളുപ്പമല്ല.
പ്രത്യേകിച്ചും സിനിമകൾ റിലീസ് ചെയ്യുമ്പോൾ അത് വിജയിച്ചാലും പരാജയപ്പെട്ടാലും സ്വന്തം മനസ്സാന്നിധ്യവും ധൈര്യവും കൈവിടാതെയിരിക്കുന്നത്. ഉയർച്ച താഴ്ചകൾ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഉള്ളതാണ്. കീർത്തി എപ്പോഴും ട്രോളുകളും കമന്റുകളും വകവയ്ക്കാതെ മുന്നോട്ടു പോകുകയും ധൈര്യം കൈവിടാതിരിക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവൾ ആഗ്രഹിക്കുന്നതുപോലെ വർണാഭമായതും ഏറ്റവും മികച്ചതും സമ്പൂർണവുമായ ഒരു ജീവിതം ഞാൻ അവൾക്ക് ആശംസിക്കുന്നു. ജന്മദിനാശംസകൾ , നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്ക് നന്നായി അറിയാം. ഒരുപാട് സ്നേഹത്തോടെ രേവു. അർജുനും അവന്റെ ചിത്തിക്ക് ആശംസകൾ നേരുന്നു.’’– രേവതി സുരേഷ് കുറിച്ചു.