ADVERTISEMENT

മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, ശാന്തി മായാദേവി എന്നിവരായിരുന്നു ‘ലിയോ’ സിനിമയിലെ മലയാളി താരങ്ങൾ. എന്നാൽ ഇവരെ കൂടാതെ മറ്റൊരു മലയാളി യുവ നടി കൂടി ‘ലിയോ’യിൽ സാന്നിധ്യം അറിയിച്ചിരുന്നു. തൃഷ അവതരിപ്പിച്ച സത്യ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് ഈ നടി എത്തിയത്. ആളെ അങ്ങനെ പെട്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല. ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ പുണ്യ എലിസബത്ത് ആണ് ‘ലിയോ’യിൽ ഒരൊറ്റ സീനിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമയിൽ തൃഷയ്ക്കൊപ്പമുള്ള തന്റെ രംഗത്തിന്റെ ചിത്രം പങ്കുവച്ച് പുണ്യ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. വലിയ വാദങ്ങളൊന്നുമില്ലെന്നും ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നുമായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. അതോടെയാണ് പുണ്യ ലിയോയിൽ അഭിനയിച്ച കാര്യം പ്രേക്ഷകർ‌ തിരിച്ചറിഞ്ഞത്. ഒരുപാടു പേർ‌ നടിക്ക് ആശംസകളുമായി എത്തി. 

എന്നാൽ, ‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’ എന്ന് ഒരാൾ കമന്റ് ചെയ്തിരുന്നു. അതിനു മറുപടിയുമായും പുണ്യ എത്തി. ‘‘വലിയ വേഷമാണു ചെയ്തതെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാൻ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.’’–പുണ്യ മറുപടിയായി പറഞ്ഞു.

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പുണെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആർക്കിടെക്ചറിൽനിന്നു ബിരുദം നേടി.

2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രരംഗത്തേക്കു ചുവടുവച്ചത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. മോ‍ഡലിങ് രംഗത്തും നടി സജീവമാണ്.

English Summary:

Punya Elizabeth about Leo shooting experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com